Specials

വര്‍ണങ്ങള്‍ വാരി വിതറുന്ന ഹോളി ആഘോഷം

 

നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറി ആഘോഷം.. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ഈ വര്‍ഷം മാര്‍ച്ച് 9-10 ദിനങ്ങളിലാണ് കൊണ്ടാടുന്നത്.

ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.

വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.

ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു. സാംസ്‌കാരികമായി, ആളുകള്‍ അവരുടെ പ്രശ്നങ്ങളോടും ശത്രുതയോടും വിടപറയുന്ന ദിവസമാണെന്നും ചിലര്‍ പറയുന്നു.

പരസ്പരം മുഖത്ത് ഛായം വിതറി ഈ അനുഗ്രഹീത ദിനത്തില്‍ ഏറ്റവും വലിയ ശത്രുക്കള്‍ പോലും സുഹൃത്തുക്കളായി മാറുന്നു. അതിനാല്‍, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും ‘ഹോളി മിലാന്‍’ എന്ന് വിളിക്കുന്നു.

പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

ഹോളിയുമായി ബന്ധപ്പെട്ട് ചരിത്രങ്ങള്‍ പലതുണ്ട്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷമെന്നാണ് ഒന്ന്. നന്മയുടെ പ്രതീകമായ പ്രഹ്ലാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ പ്രഹ്ലാദന്‍ ഒരു പോറലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളി ആഘോഷങ്ങളിലെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുക എന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button