KeralaLatest NewsNews

ഒരു ജനപ്രതിനിധി എന്ന നിലയിൽ യോജിച്ച പ്രവർത്തിയല്ല ഇത്; നിലപാടും പ്രവർത്തിയും ഒന്നാകുവാൻ താങ്കൾ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് ആഗ്രഹിക്കുന്നു; വിടി ബൽറാമിനെതിരെ ഡോക്ടർ ബിജു

പത്തനംതിട്ട: രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾ നൽകാമെന്ന ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരാമർശത്തിനെതിരെ രംഗത്തെത്തിയ വി.ടി ബൽറാം എം.എൽഎയ്ക്കെതിരെ സംവിധായകൻ ഡോ. ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ കൂടിയായ ഇദ്ദേഹത്തിന്റെ പ്രതികരണം. നാട്ടിൽ നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി നിരവധി കോളജുകളും ഗവേഷണ സ്ഥാപനങ്ങളും ചികിത്സാ സ്ഥാപനങ്ങളും ഉള്ള, ലക്ഷ കണക്കിന് ആളുകൾ ചികിത്സ തേടുന്ന ഒരു വൈദ്യ ശാസ്ത്രം അശാസ്ത്രീയം ആണെന്നൊക്കെ മറ്റുള്ളവരുടെ പോസ്റ്റ് ഉദാഹരിച്ചു പൊതുജനങ്ങളോട് എൻഡോഴ്‌സ് ചെയ്യുന്നത് ഒരു ജനപ്രതിനിധി എന്ന നിലയിൽ യോജിച്ചതല്ലെന്ന് ഡോ. ബിജു വ്യക്തമാക്കുന്നു.

Read also: ചെയ്‌തത്‌ പൊറുക്കാനാകാത്ത തെറ്റ്; രേഷ്‌മയെ കണ്ട് മാപ്പ് പറയാനാണ് നിന്നത്; മോഹൻലാലിനോട് രജിത് കുമാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പകർച്ചവ്യാധികൾ പിടി പെടുന്ന സമയത്ത് രോഗ പ്രതിരോധ ശേഷി കൂട്ടുവാനായി ഹോമിയോപ്പതി മരുന്നുകൾ നൽകാം എന്ന ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരാമർശത്തെ വിമർശിച്ചുകൊണ്ട് എം എൽ എ ശ്രീ വി ടി ബൽറാം ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.. അലോപ്പതി ഒഴികെ മറ്റെല്ലാ അൽട്ടർനേട്ടീവ് വൈദ്യ ശാസ്ത്രങ്ങളെയും സ്ഥിരമായി അപഹസിക്കുക എന്ന ഉദ്ദേശ്യം മാത്രമുള്ള ചുരുക്കം ചില അലോപ്പതി ഡോക്ടർമാർ ഉണ്ട്. അവരിൽ ഒരാളുടെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് ശ്രീ വി ടി ബൽറാം ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനെതിരെ എഴുതിയിരിക്കുന്നത്. ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും ആശാസ്ത്രീയതയും ഒക്കെ അനേകം ചർച്ചകൾ മുൻപ് ഉണ്ടായിട്ടുള്ളതാണ്. അതിന് വീണ്ടും മുതിരുന്നില്ല. ഡബ്ള്യു എച്ച് ഓ അംഗീകരിച്ച ഒരു വൈദ്യശാസ്ത്രം ആണ് ഹോമിയോപ്പതി. 120 ൽ അധികം രാജ്യങ്ങളിൽ ഔദ്യോഗികമായി ചികില്സിക്കുന്ന ഒരു വൈദ്യശാസ്ത്രം. ജനീവയിൽ WHO ആസ്ഥാനത്തു ഹോമിയോ ഉൾപ്പെടെയുള്ള മറ്റ് വൈദ്യശാസ്ത്ര ശാഖകൾക്കായി ഒരു പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ആകട്ടെ കേന്ദ്ര ആയുഷ് മന്ത്രാലയവും കേന്ദ്ര റിസർച്ച് സെന്ററുകളും ഉൾപ്പെടെ ഹോമിയോപ്പതി ചികിത്സ സർക്കാർ മേഖലയിൽ തന്നെ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഹോമിയോപ്പതി മരുന്ന് കൊടുക്കാം എന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ ഒരു ജനപ്രതിനിധി തന്നെ പരസ്യമായി വിമർശിക്കുമ്പോൾ താങ്കൾക്ക് അറിയാൻ വയ്യാത്തതോ അല്ലെങ്കിൽ മറന്നു പോയതോ ആയ ഒരു വസ്തുത ഉണ്ട്. ബഹുമാനപ്പെട്ട ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് മന്ത്രി മാത്രമല്ല കേരളത്തിന്റെ ആയുഷ് വകുപ്പ് മന്ത്രി കൂടി ആണ്
ആയുഷ് വകുപ്പിലും ആയുഷ് ഗവേഷണ കേന്ദ്രങ്ങളിലും നടക്കുന്ന പഠനങ്ങളും മറ്റും വകുപ്പ് മന്ത്രിയ്ക്ക് നന്നായി അറിയാം. താങ്കൾക്ക് അവയെ പറ്റി എന്തെങ്കിലും നേരിട്ട് അറിവ് ഉണ്ടാകാൻ സാധ്യത വിരളം ആണ്.ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങൾ എടുക്കാൻ തക്ക കഴിവും ഉൾക്കാഴ്ചയും ഉള്ള ഒരു ഭരണാധികാരി കൂടിയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. അതുകൊണ്ടാണ് ഈ അടിയന്തിര സാഹചര്യത്തിൽ ആയുർവേദ ഹോമിയോ വൈദ്യശാസ്ത്രങ്ങളുടെ സേവനം കൂടി പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ മന്ത്രി നിർദേശം നൽകിയത്. ഈ കാര്യത്തോട് വ്യക്തി എന്ന നിലയിൽ ശ്രീ വി ടി ബൽറാമിന് വിയോജിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഒരു ജനാധിപത്യ രാജ്യത്ത് ഉണ്ട്. ഏതൊരു ചികിത്സാ ശാസ്ത്രത്തെയും പൂർണ്ണമായി വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം താങ്കൾക്ക് ഉണ്ട്. പക്ഷെ ശ്രീ വി ടി ബൽറാം ഒരു ജനപ്രതിനിധി കൂടിയാണ്.നാട്ടിൽ നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി നിരവധി കോളജുകളും ഗവേഷണ സ്ഥാപനങ്ങളും ചികിത്സാ സ്ഥാപനങ്ങളും ഉള്ള, ലക്ഷ കണക്കിന് ആളുകൾ ചികിത്സ തേടുന്ന ഒരു വൈദ്യ ശാസ്ത്രം അശാസ്ത്രീയം ആണെന്നൊക്കെ മറ്റുള്ളവരുടെ പോസ്റ്റ് ഉദാഹരിച്ചു പൊതുജനങ്ങളോട് എൻഡോഴ്‌സ് ചെയ്യുന്നത് ഒരു ജനപ്രതിനിധി എന്ന നിലയിൽ യോജിച്ചതല്ല. ഇനി അഥവാ ഹോമിയോപ്പതി അശാസ്ത്രീയം ആണ് എന്നുള്ള ചില അലോപ്പതി ഡോക്ടർമാരുടെ വാദം തന്നെയാണ് താങ്കൾക്കും ഉള്ളതെങ്കിൽ ചുരുങ്ങിയ പക്ഷം താങ്കൾ ജനപ്രതിനിധി ആയ മണ്ഡലത്തിൽ ഹോമിയോപ്പതി ആശുപത്രികൾ താങ്കൾ തന്നെ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് ഈ കപട ശാസ്ത്ര ചികിത്സയ്ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നത് ഇരട്ടത്താപ്പ് അല്ലേ. നിലപാടും പ്രവർത്തനവും രണ്ടാകുന്നത് ഒരു ജനപ്രതിനിധിയ്ക്ക് യോജിച്ചതാണോ..ഒരു വൈദ്യ ശാസ്ത്രം ശാസ്‌ത്രീയമല്ല എന്നാണ് താങ്കളുടെ വിശ്വാസം എങ്കിൽ താങ്കളുടെ മണ്ഡലത്തിൽ സർക്കാർ തുക മുടക്കി ആ വൈദ്യശാസ്ത്രത്തിന് ആശുപത്രികൾ നിർമിക്കാൻ കൂട്ടു നിൽക്കുന്നതും അത് സന്തോഷത്തോടെ നിറഞ്ഞ ചിരിയോടെ ജനങ്ങൾക്കായി ഉദ്ഘാടനം ചെയ്ത് കൊടുക്കുന്നതും ഒരു കാപട്യം അല്ലേ… താഴെ കൊടുത്തിരിക്കുന്നത് താങ്കളുടെ മണ്ഡലത്തിൽ താങ്കൾ ഉദ്ഘാടനം ചെയ്ത ഒരു സർക്കാർ ഹോമിയോ ഡിസ്പെന്സറിയുടെ ചടങ്ങ് ആണ്. നിരവധി ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പുകളിൽ താങ്കളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളതിന്റെ തെളിവ് ധാരാളം ഉണ്ട്..നിലപാടും പ്രവർത്തിയും ഒന്നാകുവാൻ താങ്കൾ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് ആഗ്രഹിക്കുന്നു.
എൻ.ബി. വിക്കിപീഡിയ ഗൂഗിൾ വിജ്ഞാന ശാസ്ത്രജ്ഞരോട് ചർച്ചയ്ക്ക് സമയം ഇല്ല. പത്തനംതിട്ട ജില്ലയിൽ കൊറോണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തിരക്കിൽ ആണ്..ശാസ്ത്രീയമായി രോഗം വന്നു മരിച്ചാലും കുഴപ്പമില്ല പക്ഷെ അശാസ്ത്രീയം എന്നു “ഞങ്ങൾ” തീരുമാനിച്ച വൈദ്യശാസ്ത്രം നൽകുന്ന മരുന്ന് കഴിച്ചു രോഗം വരാതിരിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന നിലപാടുകൾക്ക് നമോവാകം..

shortlink

Related Articles

Post Your Comments

Related Articles


Back to top button