KeralaLatest NewsNews

കോവിഡ്-19 നെ നേരിടാന്‍ സംസ്ഥാനത്ത് വിവിധ പ്ലാനുകള്‍ : പ്ലാനുകള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം : കോവിഡ്-19 നെ നേരിടാന്‍ സംസ്ഥാനത്ത് വിവിധ പ്ലാനുകള്‍. പ്ലാനുകള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്.

പോസിറ്റീവ് കേസുകളുള്ളവര്‍ക്കു പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കു രോഗലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇതു മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാന്‍ എ

ജനുവരി 30ന് ചൈനയിലെ വുഹാനില്‍നിന്നു വന്ന വിദ്യാര്‍ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പാക്കിയത്. 974 ഐസലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു.

വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണു പ്ലാന്‍ ബി ആവിഷ്‌കരിച്ചത്. 1408 ഐസലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ചു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്കു പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ചു വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് നടപ്പാക്കുകയെന്നും മന്ത്രി വിശദീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button