USALatest NewsNewsInternational

കൊറോണ : യുഎസില്‍ പൊലിഞ്ഞത് 2250 ജീവനുകള്‍, 1.25 ലക്ഷം ആളുകള്‍ രോഗത്താല്‍ പിടയുന്നു

ഹ്യൂസ്റ്റണ്‍: എല്ലാ ആധുനിക സൗകര്യങ്ങളുടെയും നടുവിലും അമേരിക്കയില്‍ കൊറോണയുടെ കുത്തൊഴുക്കില്‍ നഷ്ടപ്പെടുന്നത് ആയിരങ്ങളുടെ ജീവന്‍. ഇതില്‍ തന്നെ ആതുരസേവനങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ പേരെടുത്ത ന്യൂയോര്‍ക്കിലാണ് മരണം അതിന്റെ രൗദ്രഭാവം പുറത്തെടുക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച രാത്രി വരെ 2,250 ജീവനുകള്‍ യുഎസില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1,25,750 പിന്നിട്ടു കഴിഞ്ഞു. പുതിയതായി രോഗം സ്ഥിരീകരിച്ചത് 225 പേര്‍ക്ക്. കൊവിഡ് രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ രോഗബാധിതര്‍ 81,439 ആണെന്നോര്‍ക്കണം. ഇറ്റലി (92,472), സ്‌പെയിന്‍ (73,235), ജര്‍മ്മനി (57,695) എന്നിവിടങ്ങളിലാണ് അമ്പതിനായിരത്തിനു മുകളില്‍ രോഗികള്‍ക്ക് രോഗബാധയുള്ളത്. ഇതിനേക്കാള്‍ ഇരട്ടിയാണ് അമേരിക്കയിലെ രോഗികളുടെ എണ്ണം.

ദുരിതാശ്വാസ പാക്കേജ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൊവിഡിനു തടയിടാന്‍ ആരോഗ്യമേഖല ഇപ്പോഴും അപര്യാപ്തമാണെന്നു പലയിടത്തു നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, കണക്ടിക്കറ്റ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലേക്കും രോഗം പടരുന്നുണ്ട്. എല്ലായിടത്തും ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത അഭാവമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ന്യൂയോര്‍ക്കില്‍ 30% ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണ്. വെന്റിലേറ്ററുകള്‍ അടിയന്തിരമായി എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം പുതിയ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുമെന്നു ട്രംപ് പറയുന്നുണ്ടെങ്കിലും മരണസംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഓരോ പതിനേഴ് മിനിറ്റിലും ഒരാള്‍ ഇവിടെ മരിച്ചു വീഴുന്നുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ന്യൂയോര്‍ക്കില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്. രോഗം സ്ഥിരീകരിക്കാന്‍ വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മരുന്നുകളുടെ ക്ഷാമവുമുണ്ടെന്നു മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പലരും ഇപ്പോള്‍ വീടിനുള്ളില്‍ തന്നെയാണെങ്കിലും സ്ഥിതി അതീവഗുരുതരമാണെന്നാണ് സൂചന. നിലവില്‍ ന്യയോര്‍ക്കിനു പുറത്തേക്ക് കൊറോണ പടര്‍ന്നു തുടങ്ങിയിട്ടേയുള്ളുവെന്നും സബര്‍ബന്‍ മേഖലയിലെ കുടിയേറ്റക്കാര്‍ക്കിടയിലേക്ക് ഇതു പടര്‍ന്നാല്‍ സ്ഥിതി നിയന്ത്രാണീതമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡോ.ജോര്‍ജ് എം. കാക്കനാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button