KeralaLatest NewsNews

‘ഭ്രാന്തന്‍ നായ’ എന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ അയാളെ വിശേഷിപ്പിച്ചത്; പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു; യതീഷ് ചന്ദ്രക്കെതിരെ വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പാലിക്കാതിരുന്ന യുവാക്കളെ പരസ്യമായി ഏത്തമിടീപ്പിച്ച കണ്ണൂർ എസ് പി യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. അതേസമയം, എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്നും ജുഡീഷ്യല്‍അംഗം പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പിന്റെ പൂർണ രൂപം

വി എസ് പറഞ്ഞ Mad Dog

* മാർച്ച് 14, 2015.. ഇടതുമുന്നണിയുടെ ഹർത്താൽ ദിവസം. അങ്കമാലി ടൗൺ. ദേശീയ പാതയിൽ പ്രകടനം നടത്തിയ സി പി എം പ്രവർത്തകരെ ആലുവ റൂറൽ എസ് പി ആയിരുന്ന യതീഷ് ചന്ദ്ര തല്ലിച്ചതച്ചു. സി പി എം ഏരിയ സെക്രട്ടറി കെ കെ ഷിബുവിനെ നിഷ്ഠൂരമായി മർദിച്ചു. ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി.

ഭ്രാന്തൻ നായയെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അയാളെ വിശേഷിപ്പിച്ചത്. പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊലീസ് ഗുണ്ടായിസമെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി കുറ്റപ്പെടുത്തി.

* ജൂൺ 17, 2017… പുതുവയ്പ് എൽ പി ജി ടെർമിനലിനെതിരെ ഹൈക്കോടതി ജംഗ്ഷനിൽ ജനകീയ സമരം. കണ്ണിൽ കണ്ടവരെയെല്ലാം ഡി സി പി ആയിരുന്ന യതീഷ് തല്ലിച്ചതച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും തലയും പുറവും തല്ലിപ്പൊളിച്ചു.

വി എസും സി പി ഐയും നടപടിയാവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പിൽ ഏഴ് വയസുകാരന് മുമ്പിൽ യതീഷ് വിയർത്തൊലിച്ചു.
പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. സർക്കാർ യതീഷിനെ സംരക്ഷിച്ചു.

* നവംബർ 20, 2018… വിവാദകാലത്ത് ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ സുരക്ഷാചുമതലയുണ്ടായിരുന്ന യതീഷ് പരസ്യമായി അധിക്ഷേപിച്ചു, പരിഹസിച്ചു. ഒരു ജനപ്രതിനിധിയോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നു യതീഷിന്റെ ഭാഷ.

വിഷയത്തിന്റെ പ്രത്യേകത കൊണ്ട് ഇടതുപക്ഷം കയ്യടിച്ചു. ബി ജെ പി സംസ്ഥാനഘടകം വൃണിതഹൃദയരായി തേങ്ങിയെങ്കിലും കേന്ദ്രം കനിഞ്ഞില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാർ അഭിനന്ദനം ചൊരിഞ്ഞു.

* മാർച്ച് 28, 2020… കൊറോണയുടെ ആകുലകാലം. നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ കൃത്യമായ നിയമങ്ങൾ, നിലവിലുള്ളതും പുതിയ ഓർഡിനൻസും. നടപടികൾ നിയമപരമാകണമെന്ന് മുഖ്യമന്ത്രിയും ഡി ജി പി യും ആവർത്തിച്ചു പറയുന്നു. തൊട്ടുപിറ്റേന്ന് കണ്ണൂർ എസ് പി യതീഷ് ചുറ്റും നിന്ന് സംസാരിച്ചതിന് മൂന്നോ നാലോ മനുഷ്യരെ ഏത്തമിടുവിക്കുന്നു. ഉൻമാദിയെപ്പോലെ ഏമാൻ ഹരം പിടിച്ച് നോക്കി നിൽക്കുന്നു.

പലരും ദൃശ്യങ്ങൾ കണ്ട് കയ്യടിക്കുന്നു. ചിലർ ഫ്യൂഡൽ കാലത്താണോ ജീവിക്കുന്നതെന്നും ഇയാൾ ( നമ്മളും) ഇപ്പോഴും രാജഭരണകാലത്താണോയെന്നും അമ്പരന്ന് അന്തം വിട്ടിരിക്കുന്നു. പിണറായി വിജയൻ തന്നെയാണ് മുഖ്യമന്ത്രി. ശരിയായില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. വലിയ കാര്യം.

സ്വകാര്യം: അയാൾ ഹീറോയല്ല, സൈക്കോയാണ്. അല്ലെങ്കിൽ ക്രിമിനൽ. ചികിത്സയോ ശിക്ഷയോ നൽകിയില്ലെങ്കിൽ കേരളത്തിൽ വിനാശം വിതക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button