Latest NewsNewsIndia

സിപ്ല എന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയ്ക്ക് യു.എസിന്റെ നിറഞ്ഞ കൈയടി : സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ജനറിക് മരുന്നുകളുടെ ഉത്പ്പാദനവും സിപ്ലയില്‍ തന്നെ

മുംബൈ: സിപ്ല(CIPLA) എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറിയെന്ന മരുന്ന് കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് . മലേറിയയ്ക്ക് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് യുഎസിലേക്ക് കയറ്റി അയയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്നതിന്റെ പേരിലാണ് ഇത്. ഇതോടെ സിപ്ല എന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയ്ക്ക് യു.എസിന്റെ നിറഞ്ഞ കൈയടിയാണ് കിട്ടിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദി തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ടണ്‍ കണക്കിന് ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോളും യുഎസിലേക്ക് കയറ്റി അയക്കാന്‍ സമ്മതം അറിയിച്ചിരുന്നു. പിന്നാലെ ഈ മരുന്നുകള്‍ ഏറ്റവുമധികം നിര്‍മ്മിക്കുന്ന സിപ്ല കമ്പനിയുടെ സഹായത്തോടെ വാഗ്ദാനം ചെയ്ത മരുന്നുകള്‍ ഇന്ത്യ കയറ്റി അയക്കുകയും ചെയ്തിരുന്നു. കൂടാതെ സ്പെയിനും ജര്‍മ്മനിയും ഉള്‍പ്പടെയുള്ള കൊവിഡ് ബാധിത രാജ്യങ്ങളിലേക്കും മരുന്ന് ഘട്ടങ്ങളായി എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

read also : കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന

ഈ സാഹചര്യത്തില്‍ സിപ്ലയുടെ പേരും ഉയര്‍ന്നു കേള്‍ക്കുകയാണ്. ഇന്ത്യയില്‍ സിപ്ല കമ്പനി സ്ഥാപിച്ചത് 1935ല്‍ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും അനുനായിയായിരുന്ന ഖ്വാജാ ഹമീദ് ജര്‍മ്മനിയില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം സമ്പാദിച്ചയാളായിരുന്നു. അദ്ദേഹം സാധാരണക്കാര്‍ക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സ്ഥാപിച്ചത്. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകള്‍ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങള്‍ക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തു.

അന്ന് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സിപ്ല ജനറിക് മെഡിസിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ അമേരിക്ക ഇന്ത്യന്‍ ഭരണകൂടത്തോട് സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന ഖ്വാജയുടെ മകന്‍ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍ നിര്‍മ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താന്‍ പിന്‍പറ്റുന്നതെന്ന് യൂസഫ് ഹമീദ് ഇന്ദിരാഗാന്ധിയെ അറിയിച്ചു.

രാജ്യതാല്‍പര്യമാണ് വലുതെന്ന തിരിച്ചറിവില്‍ ഇന്ദിര ഗാന്ധി സിപ്ലക്കൊപ്പം നിന്നു, മരുന്ന് ഉത്പാദനം നിര്‍ത്തണമെന്ന യുഎസിന്റെ കല്‍പ്പനയെ ഇന്ത്യ നിരസിച്ചു. മാത്രവുമല്ല പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്ത്യ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. അതിനുശേഷം സിപ്ല എച്ച്ഐവി ചികിത്സിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ മരുന്ന് നിര്‍മ്മിക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വികസ്വര രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്തു.

ഈ സിപ്ലയാണ് മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്ബനിയും.

ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ബോംബെയില്‍ താമസിക്കുകയായിരുന്ന ഖ്വാജയെ മുഹമ്മദ് അലി ജിന്ന ചില വാഗ്ദാനങ്ങള്‍ നല്‍കി പാകിസ്താനിലേക്ക് ക്ഷണിച്ചെങ്കിലും ഗാന്ധിജിയുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് അദ്ദേഹം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇത്തരത്തില്‍ നേട്ടങ്ങള്‍ക്ക് പുറകെ പോവാതെ സിപ്ലയും സ്ഥാപകനും ഇന്ത്യയുടെ ചരിത്രത്തിന്റെ കൂടി ഭാഗമാകുന്നതിങ്ങനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button