KeralaLatest NewsNews

ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധിയിലകപ്പെട്ട് സംസ്ഥാനത്തെ ഗൃഹോപകരണ വ്യാപാര മേഖല

കൊച്ചി: ലോക്ക്ഡൗണില്‍ ഗൃഹോപകരണ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയില്‍. 2,000ലേറെ വ്യാപാരികള്‍, തൊഴിലാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നേരിട്ടും ഒരുലക്ഷത്തിലേറെ പേര്‍ പരോക്ഷമായും ആശ്രയിക്കുന്ന മേഖലയാണിത്. സര്‍ക്കാരിലേക്ക് ഏറ്റവുമധികം നികുതി നല്‍കുന്ന മേഖലകളിലൊന്ന് കൂടിയായ ഗൃഹോപകരണ രംഗം നോട്ട് അസാധുവാക്കല്‍, പ്രളയം, ഓണ്‍ലൈന്‍ മത്സരം എന്നിവമൂലം പ്രതിസന്ധിയില്‍ നില്‍ക്കേയാണ് വ്യാപാരികളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കി കൊവിഡ് എത്തിയത്.

ഒരു വരുമാനവുമില്ലാതെ വാടക, ബാങ്ക് വായ്‌പാ പലിശ, തൊഴിലാളികളുടെ വേതനം, മറ്റു ചെലവുകള്‍ എന്നിവ വഹിക്കേണ്ട ബാദ്ധ്യതയിലാണ് വ്യാപാരികള്‍. ഈ സാഹചര്യത്തില്‍ വ്യാപാരികളുടെ വായ്‌പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശരഹിത മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ ഒഫ് ടിവി ആന്‍ഡ് അപ്ളയന്‍സസ് – കേരള (ഡേറ്റ) സംസ്ഥാന പ്രസിഡന്റ് എസ്. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

പ്രവര്‍ത്തന മൂലധനത്തിനായി കുറഞ്ഞ പലിശയ്ക്ക് ഹ്രസ്വകാല വായ്‌പ, മുദ്ര വായ്‌പ, സാമ്ബത്തിക പിന്നാക്കാവസ്ഥയിലുള്ള ചെറുകിട വ്യാപാരികള്‍ക്ക് രക്ഷാപാക്കേജ്, ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പ്രത്യേക പാക്കേജ്, വാടക ചുരുങ്ങിയത് ആറുമാസത്തേക്ക് മരവിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ലോക്ക്ഡൗണില്‍ ഞായറാഴ്‌ച മാത്രമെന്നത് ഒഴിവാക്കി, ആഴ്‌ചയില്‍ മൂന്നുദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എസ്. പ്രമോദ്, ട്രഷറര്‍ ബി. ഹരിലാല്‍, വൈസ് പ്രസിഡന്റ് കെ.ടി. ഷാജി, ജോയിന്റ് സെക്രട്ടറി ഷാജി ചാലിശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button