KeralaLatest NewsNews

വ്യവസായ പ്രമുഖരുടെ കോടിക്കണക്കിന് കിട്ടാക്കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി എന്ന ‘തള്ളലിന്’ പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കുറിപ്പ്

വ്യവസായ പ്രമുഖരുടെ കോടിക്കണക്കിന് കിട്ടാക്കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാവിഷയമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ ശ്രീ. അബ്ദുൽസലാം എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. വാർത്തകൾ വരുന്നത് പോലെ ആരും ആരുടേയും കടം എഴുതി തള്ളിയിട്ടില്ല. ഇത്തരം റിപ്പോർട്ടുകൾക്ക് പിറകിൽ, ഒന്നുകിൽ ബാങ്കുകളെ മോശക്കാരാക്കുക എന്ന അജണ്ട കാണും, അല്ലെങ്കിൽ അജ്ഞതയായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Read also: ‘റൈറ്റ് ഓഫ് എന്നതിന്റേയും വേയ്‌വ് ഓഫ് എന്നതിന്റേയും വ്യത്യാസം ആദ്യം തിരിച്ചറിയണം, ആരുടേയും ഒരു കടവും എഴുതി തള്ളിയിട്ടില്ല, രാഹുൽ ഗാന്ധി നല്ല ട്യൂഷന് പോകണമെന്ന് ഉപദേശം

കുറിപ്പിന്റെ പൂർണരൂപം;

എത്ര പറഞ്ഞാലും മനസ്സിലാകാത്ത തള്ളൽ,
ഈ “എഴുതി തള്ളലിനെ” കുറിച്ച്..

കഴിഞ്ഞ കുറച്ചു നാളുകളായി, കുറെ മാധ്യമങ്ങൾ തള്ളി കൊണ്ടേ ഇരിക്കുന്നു-ബാങ്കുകളുടെ കിട്ടാക്കടം എഴുതി തള്ളലിനെ കുറിച്ച്. ഏറ്റവും ഒടുവിൽ ഏറ്റു പിടിച്ചിരിക്കുന്നതാകട്ടെ, മല്യയുടെയും മെഹ്ൽ ചോക്‌സിയുടെയും 51000 കോടി എഴുതി തള്ളിയതിനെ കുറിച്ചുള്ള RTI വിവരവും.

നിങ്ങൾക്ക് അറിയാമോ, എന്താണ് ഈ “എഴുതി തള്ളൽ” എന്ന്? ഒരിക്കൽ കൂടി പറഞ്ഞോട്ടെ.

“റൈറ്റ് ഓഫ്‌” അഥവാ “ചാർജ് ഓഫ്”‌ എന്നത് ബാങ്കുകൾ കാലാകാലമായി നടത്തി വരുന്ന ഒരു ബാലൻസ് ഷീറ്റ് വൃത്തിയാക്കൽ പ്രക്രിയയാണ്.1961 ഇലെ
ഇൻകം ടാക്‌സ് ആക്റ്റും, പിന്നെ RBI നിർദ്ദേശങ്ങളും അനുസരിച്ചുള്ള ഒരു പ്രക്രിയ.

ബാങ്കുകൾ ലോണ് നൽകുമ്പോൾ , ലോണ് തുകയുടെ ഒരു നിശ്ചിത ശതമാനം നീക്കിയിരുപ്പ് ആയി മാറ്റിവെയ്ക്കും.ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ,
ഇതിനെ പ്രൊവിഷണിങ് എന്ന് പറയും. ഒരു ലോണ് വർഷങ്ങൾ ആയി കിട്ടാക്കടമായി മാറുമ്പോൾ, ബാങ്കുകൾ അവയുടെ വരുമാനത്തിൽ നിന്നും ലോണ് തുകയ്ക്ക് തുല്യമായ തുക(100%) ഇത്തരത്തിൽ പ്രൊവിഷണിങ് ആയി മാറ്റിവയ്ക്കുകയും, ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതാണ് റൈറ്റ് ഓഫ്‌.

ബാങ്കിന്റെ ബാലൻസ് ഷീറ്റ് വൃത്തിയാക്കുന്നതിനും, അതുവഴി taxable income കുറച്ച്, മൊത്തം ടാക്‌സ് ബാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണീ പ്രക്രിയ. GAAP(Generally Accepted Accounting Priciple)ന് വിധേയമായുള്ള കേവലം സാങ്കേതികമായ ഒരു പ്രക്രിയയാണിത്. കാലാകാലമായി നടക്കുന്നത്.

ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്നും നീക്കം ചെയ്യപ്പെടുമെങ്കിലും, ഇത്തരം ലോണുകൾ, ബാങ്ക് ബുക്കിൽ അതുപോലെ നിലനിൽക്കും.ഒരു അക്കൗണ്ട് ഇത്തരത്തിൽ റൈറ്റ് ഓഫ്‌ ചെയ്യുന്നത് ഒരു തരത്തിലും ലോണ് എടുത്ത വ്യക്തിയ്ക്ക് ഗുണകരമാകുന്നില്ല താനും. അയാൾ ലോണ് തിരിച്ചടയ്ക്കാൻ ബാധ്യസ്ഥനാണ്. തിരിച്ചടക്കുന്നില്ലെങ്കിൽ, നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബാങ്ക് റിക്കവറി നടപടികൾ എടുക്കുകയും പണം തിരികെ പിടിക്കുകയും ചെയ്യണം.ഇങ്ങനെ തിരികെ പിടിയ്ക്കുന്ന തുക, റിവേഴ്സ് ചെയ്യും.

ഇത്തരത്തിൽ ചെയ്യുന്ന ഒരു സ്വാഭാവികമായ, തികച്ചും സാങ്കേതികമായ കാര്യമാണ് നമ്മുടെ മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വളച്ചൊടിച്ചു കുളമാക്കുന്നത്.ഇവരുടെ വാർത്ത വായിക്കുന്ന ആരും വിചാരിക്കുക, “ഒക്കെ ഞങ്ങൾ എഴുതി തള്ളി, ഇനി നിങ്ങളായിട്ട് ഒന്നും തിരിച്ചടയ്ക്കേണ്ട” എന്ന് ബാങ്കുകൾ കിട്ടാക്കടക്കാരോട് പറഞ്ഞു എന്നാണ്.നമ്മുടെ സർക്കാർ പ്രഖ്യാപിക്കുന്ന Debt Waiver സ്‌കീം പോലെ.

എന്നാൽ അങ്ങനെ അല്ല എന്ന് മനസ്സിലാക്കുക.ഇത്തരം റിപ്പോർട്ടുകൾക്ക് പിറകിൽ, ഒന്നുകിൽ ബാങ്കുകളെ മോശക്കാരാക്കുക എന്ന അജണ്ട കാണും, അല്ലെങ്കിൽ അജ്ഞതയായിരിക്കും.രണ്ടും ഒരുപോലെ അപകടകരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button