Latest NewsNewsDevotional

മഹാവിഷ്ണു വസിക്കുന്ന ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് അറിയാം

പാലാഴിയിൽ അനന്ത-തൽപത്തിൽ ലക്ഷ്മീസമേതനായി വർത്തിക്കുന്ന സാക്ഷാൽ നാരായണമൂർത്തിയുടെ സാന്നിധ്യശോഭയാൽ പുണ്യമാർന്ന പവിത്ര സങ്കേതമാണു ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം. ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് വിഷ്ണു എന്ന് പറയുന്നത്. സത്താമാത്രവും സർവ്വത്രവ്യാപ്തവും ഇന്നപ്രകാരത്തിലുള്ളതെന്ന് നിർവചിക്കാൻ കഴിയാത്തതും അപരിച്ഛിന്നവുമായ ബ്രഹ്മം തന്നെയാകുന്നു വിഷ്ണു സ്വരൂപം.

വിഷ്ണു ഭഗവാന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. സത്താ മാത്രനായ വിഷ്ണുഭഗവാനിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ഈ ജഗത്തെന്ന് തോന്നാമെങ്കിലും ജഗത്തിന്റെ എല്ലാ വശങ്ങളും വിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആര് എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്.

ധന്വന്തരീ മൂർത്തിയായും, മംഗല്യ സൗഭാഗ്യദായകനായും, സൽസന്താന ദായകനായ നാരായണ മൂർത്തി ഭാവത്താലും വാണരുളുന്ന ഒഴലൂരപ്പൻ കുടികൊള്ളുന്ന ഈ ക്ഷേത്രം 2000 വർഷത്തോളം പഴക്കമുള്ളതാണ്. കേരളത്തിൽ തന്നെ അതി ശ്രേഷ്ഠ്മായ ദ്രവ്യാവർത്തി സഹസ്രകലശം അവസാനമായി കഴിഞ്ഞതും ഈ ക്ഷേത്ര സന്നിധിയിൽ ആണ്. ഒഴലൂരപ്പന്റെ ഉപദേവന്മാരായി , തെക്കോട്ട്‌ മുഖമായി പ്രതിഷ്ഠിച്ച ശ്രീ ഗണപതി, ശ്രീ ദക്ഷിണാമൂർത്തി, വടക്കു ഭാഗത്ത്‌ ശ്രീ അയ്യപ്പൻ, കിഴക്ക്‌ ഭാഗത്ത്‌ ഭഗവാനു അഭിമുഖമായി അഷ്ട നാഗവും, ഭഗവാന്റെ പുണ്യ തീർത്ഥമായി പാടിതീർത്ഥവും സ്ഥിതി ചെയ്യുന്നു.ക്ഷേത്രത്തിന് മുൻ വശത്തായി സ്ഥിതി ചെയ്യുന്ന പുതിയ ഭഗവതിയുടെയും, വിഷ്ണുമൂർത്തിയുടെയും ചൈതന്യം ക്ഷേത്ര പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

നാൽപത്തിയൊന്ന് ഇല്ലങ്ങളാൽ ആരാധിച്ചു പോന്നിരുന്ന ഈ ക്ഷേത്രത്തിന്റെ തന്ത്രി കരുമാരത്തില്ലക്കാരാണ്. എല്ലാ മാസത്തെയും തിരുവോണം നക്ഷത്രത്തിൽ, തിരുവോണകാലുകഴുകിച്ച്‌ ഊട്ട്‌, ഏപ്രിൽ 24 ന് (വൈശാഖമാസം) വൈശാഖോത്സവം, കർക്കിടക മാസത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും, മണ്ഡലകാലം 41 ദിവസം നിറമാല എന്നിവ മുടങ്ങാതെ നടത്തിവരുന്നു.. കണ്ണൂർ നഗരത്തിൽ നിന്നും 16 കിലോമീറ്റർ കിഴക്ക്‌ ഭാഗത്തായി, പറശ്ശിനിക്കടവ്‌ മഠപ്പുരയിൽ നിന്നും 3 കിലോമീറ്റർ തെക്കു ഭാഗത്തായി കൊളച്ചേരി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.. തണലും കുളിര്‍മയും ഉള്ള കാടുകള്‍ക്കിടയില്‍ അപൂര്‍വ ഇനത്തില്‍പെട്ട നാഗവള്ളിയും ധാരാളം ജൈവവൈവിധ്യങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന പാടിക്കുന്നിനെ കിരീടമായ് അണിഞ്ഞു ശ്രീ ഒഴലൂരപ്പനെ ദർശിക്കുക എന്നതു തന്നെ മുൻജന്മ പുണ്യമത്രെ.
പുനരുദ്ധാരണം-

ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍.

നമ്മുടെ പൂർവികന്മാർക്ക് സാമ്പത്തിക ബുദ്ദിമുട്ടുകളും, അംഗസംഖ്യയിൽ കുറവും ഉണ്ടായിരുന്നിട്ടും, അതിമനോഹരവും, കലാമേന്മയുള്ളതുമായ ഒരു ശ്രീകോവിൽ നിർമ്മിക്കാൻ നമ്മുടെ പൂർവികന്മാർക്ക് അന്നുസാധിച്ചത് അവരുടെ ദൈവഭക്തിയും ഐക്യവും ആത്മാർഥതയും അർപ്പണബോധവും ഒന്നുകൊണ്ടുമാത്രമാണ്. എന്നാൽ കാലാന്തരംകൊണ്ടു ജീർണ്ണാണവസ്തയിലായ ഈ ക്ഷേത്ര  മതിൽ കെട്ടു നിർമ്മാണം നടത്തേണ്ടതായി വന്നിരിക്കുന്നു. മതിൽ കെട്ടു  നിർമ്മാണം പൂർതീകരിക്കുകയാണെങ്കിൽ ഏകദേശം 50 ലക്ഷം രൂപ വേണ്ടിവരുമെന്നാണ്.

ആയിരം മഹാക്ഷേത്ര ദർശനത്തിനു തുല്യമാണ് ഒരു ക്ഷേത്ര പുന:രുദ്ദാരണ പ്രവർത്തനത്തിൽ പങ്കാളിയാകുക എന്നത്. ആശ്രിത വത്സലനും, ഭക്താഭീഷ്ടപ്രദായകനുമായ ശ്രീ ഒഴലൂരപ്പന്റെ ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ ദേവാലയ ഭാഗങ്ങൾ ഭക്തജനങ്ങൾ ഒറ്റക്കും കൂട്ടായും അവരുടെ നാമ നക്ഷത്രങ്ങളിൽ സമർപ്പിച്ചാൽ നൂതന ഗൃഹാരംഭത്തിനും നിർമാണതിനുമുള്ള കാലതാമസം മാറി ഗ്രഹപൂർതീകരണതിനും രോഗ ദുരിതാദി ശമനം, ഉദ്യോഗലബ്ദി, ഉത്തമവിവാഹം, പരീക്ഷാവിജയം, ഉത്തരോത്തര ഐശ്വര്യാഭിവൃദ്ധി മുതലായവ ഭഗവാന്റെ അനുഗ്രഹത്താൽ സാധിക്കപ്പെടുന്നതാകുന്നു.
പ്രാസാദം ദേവന്റെ സ്തൂലശരീരവും ബിംബചൈതന്യം സൂക്ഷ്മ ശരീരവുമാകുന്നു. ആയതിനാൽ നമുക്കും നമ്മുടെ പിന്ഗാമികൾക്കും ശ്രേയസ്സും, പ്രേയസ്സും ലഭിക്കുന്നതിനു ദേവന്മാരുടെ പ്രാസാദ നിർമിതിക്ക് മേൽവിവരിച്ചവ സമർപ്പിച്ച്‌ ദേവാനുഗ്രഹത്തിന് പാത്രീഭൂതരാകുക. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നമ്മുടെ ദേശദേവന്മാരായ ആരാധന മൂർത്തികളുടെ ക്ഷേത്രനിർമ്മാണവും പുന:പ്രതിഷ്ട്‌യും എത്രയും പെട്ടെന്നു നടത്തുവാനും, ദേവൻമാരെ കണ്ടു കൈതൊഴുവാനുമുള്ള മഹത്തവും ബ്രുഹത്തവുമായ ഈ മഹൽസംരംഭതിന്റെ മംഗളകരമായ പൂർത്തീകരണത്തിനു വേണ്ടി നിങ്ങളേവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഭഗവത് നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

ഗ്രഹപ്പിഴയ്ക്ക് പരിഹാരം ഒഴലൂരപ്പന് വിഷ്ണു പൂജ-

വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില് നടത്തുന്നത് ശാന്തിദായകമാണ്. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത് നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കർമ്മം സ്വസ്തികപത്മമിട്ട് വിളക്കുവച്ച് നടത്തുന്നു. രാവിലെയാണ് പതിവ്. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അർച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവകളാൽ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. പാല്പ്പായസമാണ് മുഖ്യനിവേദ്യം. വിഷ്ണുപൂജ തന്നെ വിപുലമായ വിധാനങ്ങളോടെ ദ്വാദശനാമം പൂജയും, കാലുകഴികിച്ചൂട്ടും എന്ന പേരില് ഗോദാനാദി ദശദാനങ്ങള്, ഫലമൂലദാനങ്ങള് തുടങ്ങിയവയോടുകൂടി നടത്താറുണ്ട്. ഷ്ഷ്ടിപൂർത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്ക്ക്‌ വിഷ്ണുപൂജ ഇപ്രകാരം നടത്തുന്നത് ഉത്തമമാണ്. പക്കപ്പിറന്നാള് തോറും ലളിതമായും ആട്ടപ്പിറന്നാളിന് വിപുലമായും വിഷ്ണുപൂജ നടത്തുന്നത് ഗ്രഹപ്പിഴാപരിഹാരത്തിന് ഫലപ്രദമായി കണ്ടിട്ടുണ്ട്. ജാതകനെക്കൊണ്ട് യഥാവിധി മന്ത്രങ്ങള് ചൊല്ലിച്ചാണ് ദാനം നിർവഹിക്കേണ്ടത്. ദാനം സ്വീകരിക്കുന്നയാള് അക്ഷതമിട്ട് ആയുരാരോഗ്യസൗഖ്യം നേർന്ന് അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവരും ചാരവശാല് വ്യാഴം അനിഷ്ടമായവരും ജന്മനക്ഷത്രം തോറും വിഷ്ണുപൂജ നടത്തുന്നത് കൂടുതല് ഫലപ്രദമായിരിക്കും.

പ്രധാന ഹോമങ്ങളും ഫലങ്ങളും-

നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.
ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.
സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.
മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.
ആയുര്‍ഹോമം :-  ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.
സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.
ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.
ക്ഷേത്രദര്‍ശനം-

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി. കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.

സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ. ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.

ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.
ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.

തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.
തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍.കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേർത്തുവച്ചും തൊഴാം.ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.

ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക്‌ പ്രിയങ്കരമാണ്.
തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, കുങ്കുമം നെറ്റിയില്‍തൊടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button