Spirituality

ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ് ഏറെ പുണ്യം

 

ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് ഏറെ പുണ്യമുള്ളതാണ്. ആ ആറ് ദിവസത്തെ നോമ്പ് വര്‍ഷം മുഴുവന്‍ നോമ്പെടുത്തതിനു തുല്യമാണെന്ന് പറയപ്പെടുന്നു. ഓരോ നോമ്പിനും പത്ത് വീതം പ്രതിഫലം കണക്കാക്കി,റമദാനിലെ 30 ദിവസം വര്‍ഷത്തിലെ 300 ദിവസത്തിനും ശേഷം ശവ്വാലിലെ ആറ് ദിവസം അറുപത് ദിവസത്തിനും തുല്യമാണെന്നും അങ്ങനെയാണ് വര്‍ഷം പൂര്‍ത്തിയാക്കി നോമ്പെടുത്ത പ്രതിഫലം ലഭ്യമാവുന്നതെന്നും മറ്റു ചില നിവേദനങ്ങളില്‍ വന്ന പ്രകാരം പല പണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്.

റമദാന്‍ നോമ്പ് കാരണം കൂടാതെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അയാള്‍ എത്രയും പെട്ടെന്ന് അത് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. അതിന് ശേഷമേ ഈ നോമ്പ് പോലും സുന്നതുള്ളൂ.

ന്യായമായ കാരണത്തോട് കൂടി നഷ്ടപ്പെട്ടതാണെങ്കിലും ആദ്യം അത് നോറ്റ് വീട്ടുകയും പിന്നീട് വേണം അതിനോട് തുടര്‍ന്ന് കൊണ്ട് ആറ് ദിവസം നോമ്പെടുക്കേണ്ടതെന്നും എങ്കിലേ മേല്‍പറഞ്ഞ പൂര്‍ണ്ണപ്രതിഫലം ലഭ്യമാവൂ എന്നുമാണ് പണ്ഡിതര്‍ പറയുന്നത്.

ആര്‍ത്തവം കാരണം നഷ്ടപ്പെട്ടുപോയ സ്ത്രീകള്‍ ആദ്യം അവ ഖളാഅ് വീട്ടുകയും പിന്നീട് അതോട് തുടര്‍ത്തി ആറ് ദിവസം നോമ്പ് നോല്‍ക്കുകയും ചെയ്യുമ്പോഴാണ് ഹദീസില്‍ പറഞ്ഞ പ്രതിഫലം പൂര്‍ണ്ണമായി ലഭിക്കുക. എന്നാല്‍ ഇത്തരത്തില്‍ കാരണത്തോട് കൂടി നഷ്ടപ്പെട്ട, ഖളാഅ് വീട്ടാനുള്ള നോമ്പുകള്‍ അടുത്ത റമദാനിന് മുമ്പായി നോറ്റ് വീട്ടലേ നിര്‍ബന്ധമുള്ളൂ. അവ വീട്ടാതെ തന്നെ ശവ്വാലിലെ ആറ് ദിവസത്തെ നോമ്പും മറ്റു സുന്നത് നോമ്പുകളും നോല്‍ക്കുന്നത് അനുവദനീയമാണ്.

ആറ് ദിവസമെന്നത് പെരുന്നാള്‍ കഴിഞ്ഞ ഉടനെ വരുന്ന ആറ് ദിവസങ്ങളാവുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ ശവ്വാലിലെ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.

റമദാനിലെ നോമ്പുകള്‍ക്ക് എന്തെങ്കിലും അപാകതകളോ കുറവുകളോ സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇത് സഹായകമാകുമെന്ന് പണ്ഡിതര്‍ പറയുന്നു. വിചാരണ വേളയില്‍ ആദ്യം ചോദ്യം ചെയ്യപ്പെടുക നിര്‍ബന്ധ കര്‍മ്മങ്ങളായിരിക്കുമെന്നും അതില്‍ വല്ല കുറവുകളുമുണ്ടെങ്കില്‍ സുന്നതായ കര്‍മ്മങ്ങള്‍ എടുത്ത് അവ പരിഹരിക്കപ്പെടുമെന്നുമുള്ള ഹദീസിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഇങ്ങനെ പറയുന്നത്.

ഒരാള്‍ക്ക് ന്യായമായ കാരണങ്ങളാല്‍ റമദാന്‍ മുഴുവനും നഷ്ടപ്പെട്ടാല്‍, അയാള്‍ ശവ്വാല്‍ മുഴുവനും അത് ഖളാ വീട്ടുകയും ശേഷം ദുല്‍ഖഅദയിലെ ആറ് ദിവസങ്ങള്‍ അതിനോട് തുടര്‍ത്തുകയും ചെയ്താലും ഈ പ്രതിഫലം ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button