KeralaLatest NewsNews

തൃശ്ശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ• ഇന്നലെ (മെയ് 20) തൃശ്ശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 13 ന് മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61 കാരനാണ് രോഗം സ്ഥിരീകരിക്കപ്പെട്ട ഒരാൾ. ഇപ്പോൾ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അബുദാബിയിൽ നിന്ന് എത്തിയ 47 വയസ്സുളള ചൂണ്ടൽ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

കൊച്ചി വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അവിടെ നിന്നു തന്നെ അദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം അബുദാബിയിൽ നിന്നുളള ആദ്യവിമാനത്തിൽ തിരിച്ചെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച പുന്നയൂർക്കുളം സ്വദേശികളായ രണ്ടു പേർ രോഗമുക്തരായി.

വീടുകളിൽ 7714 പേരും ആശുപത്രികളിൽ 32 പേരും ഉൾപ്പെടെ ആകെ 7746 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (മെയ് 20) നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ബുധനാഴ്ച (മെയ് 20) അയച്ച 59 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1637 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1578 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 351 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

308 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (മെയ് 20) 97 പേർക്ക് കൗൺസലിംഗ് നൽകി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1272 പേരെയും മത്സ്യചന്തയിൽ 1037 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 116 പേരെയും സ്‌ക്രീൻ ചെയ്തു.

നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമുളള മലയാളികൾക്കും അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകർ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ ബോധവൽക്കരണകിറ്റും നൽകുന്നുണ്ട്.

രോഗവ്യാപനം തടയുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സീറോ പ്രിവലെൻസ് സർവെയ്ക്കു തുടക്കം കുറിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം ആകെ 400 പേരുടെ രക്തസാമ്പിളുകൾ ആന്റിബോഡി ടെസ്റ്റിന് അയച്ചു. ഇതുവരെ 200 പേരുടെ സാമ്പിളുകൾ എടുത്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാമ്പൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button