KeralaLatest NewsNews

സിനിമാ സെറ്റ് പൊളിച്ചവര്‍ക്കെതിരെ കേസെടുത്തു

കൊച്ചി • മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി ആലുവ മണപ്പുറത്ത് നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ നിര്‍മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

35 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച സെറ്റാണ് തകര്‍ത്തത്. 80 ശതമാനത്തോളം പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം ലോക്ക്ഡൗണിനെത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് സെറ്റ് തകര്‍ക്കപ്പെട്ടത്.

സെറ്റ് തകര്‍ത്ത സംഭവം ചിത്രങ്ങള്‍ സഹിതം എ.എച്ച്‌.പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കാലടി മണപ്പുറത്ത് മഹാദേവന്‍റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാജിച്ച്‌ ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച്‌ കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം എന്ന കുറിപ്പോടെയാണ് സെറ്റ് തകര്‍ത്ത ചിത്രങ്ങള്‍ ഇയാള്‍ പങ്കുവെച്ചത്.

മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി.

സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button