KeralaLatest NewsNews

വെർച്വൽ ക്യൂ: 50 പൈസ വീതം സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകുമെന്ന ആരോപണം അടിസ്ഥാനരഹിതം- ബെവ്‌കോ

തിരുവനന്തപുരം • വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇ-ടോക്കൺ ലഭ്യമാക്കുന്നതിന് ബാർ ഉടമകളിൽനിന്ന് 50 പൈസ വീതം ഈടാക്കി ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് നൽകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ അറിയിച്ചു.

കോർപറേഷൻ വഴി നടപ്പാക്കുന്ന കേന്ദ്രീകൃത വെർച്വൽ ക്യൂ സംവിധാനത്തിന്റെ ഉപയോഗത്തിനായി ബിവറേജസ് കോർപറേഷനും ബാറുടമകളും മറ്റു ലൈസൻസികളുമായി ഒപ്പിട്ട അണ്ടർടേക്കിംഗിലെ നാലും അഞ്ചും ഖണ്ഡികകൾ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. ഈ തുക മൊബൈൽ ആപ്പ് വികസിപ്പിച്ച കമ്പനിക്കാണ് ലഭിക്കുന്നതെന്ന പ്രചാരണത്തിന് വസ്തുതകളുമായി ബന്ധമില്ല.

സർക്കാരിന്റെ 18.05.20ലെ ഉത്തരവുപ്രകാരം കോർപറേഷൻ വഴി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ ലൈസൻസികൾക്കും മദ്യം വിൽപന നടത്തുന്നതിനുള്ള ഇ-ടോക്കൺ നൽകുന്നതിനാണ് നിർദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേന നടപടിക്രമങ്ങൾ പാലിച്ച് തെരഞ്ഞെടുത്ത ഫെയർകോഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വെർച്വൽ ക്യൂ വികസിപ്പിച്ചിട്ടുണ്ട്. ഈ മൊബൈൽ ആപ്പ് വികസിപ്പിക്കാൻ ഫെയർകോഡിന് നൽകേണ്ട ഫീസ്, വെർച്വൽ ക്യൂ സംവിധാനം ഹോസ്റ്റ് ചെയ്തു നൽകുന്നതിന് സി-ഡിറ്റ് വഴി ലഭ്യമാക്കുന്ന ആമസോൺ സെർവർ സ്‌പേസിന് മാസം തോറും നൽകേണ്ട വാടക, ഇതിലേക്ക് എസ്.എം.എസ് സംവിധാനം ലഭ്യമാക്കുന്നതിന് ഫെയർകോഡ് വഴി ടെലികോം കമ്പനികൾക്ക് നൽകേണ്ട നിരക്കുകൾ, ബിവറേജസ് കോർപറേഷന് സേവനങ്ങൾക്കും മറ്റുമായി അധികമായി വരുന്ന ചെലവുകൾ എന്നിവ നിറവേറ്റാനാണ് ഒരു ടോക്കണ് 50 പൈസ വീതം ബാർ, ബിയർ-വൈൻ പാർലർ ലൈസൻസികളിൽ നിന്ന് ഈടാക്കുന്നത്.

ഈ തുക വിനിയോഗിക്കുന്നതിന്റെ വിശദാംശങ്ങൾ ചുവടെ:

ആപ്പ് വികസിപ്പിക്കുന്നതിനുള്ള ചെലവ്: 2,84,203 രൂപ ഒരു വർഷത്തേക്ക്.

എസ്.എം.എസ് സംവിധാനത്തിന് ഫെയർകോഡിന് കേരളത്തിനുള്ളിലെ നിശ്ചിത മാസവാടക: 3000 രൂപ. ആപ്പിന്റെ ഉപയോഗത്തിനായി (സി-ഡിറ്റ് വഴി) ആമസോൺ ക്ലൗഡിന് നൽകേണ്ട മാസവാടക: ഉപയോഗം അനുസരിച്ച് അഞ്ചുലക്ഷം മുതൽ 10 ലക്ഷം രൂപ. ഒരു ടോക്കണിൽ നിന്ന് 11 പൈസ.

എസ്.എം.എസ്/ക്യൂ ആർ കോഡ് ചെലവ് ഓരോ ടോക്കണിനും: സ്മാർട്ട് ഫോൺ വഴി 12 പൈസ, ഫീച്ചർ ഫോൺ വഴി 15 പൈസ. ഒരു ടോക്കണിൽ നിന്ന് 15 പൈസ.

ഈ സംവിധാനം നടപ്പാക്കാൻ കോർപറേഷന്റെ അധിക മാൻ പവർ/മറ്റു ചെലവുകൾ: ഒരു ടോക്കണിൽ നിന്ന് 24 പൈസ. ഇത്തരത്തിലാണ് ടോക്കൺ വഴി ഈടാക്കുന്ന 50 പൈസ വിനിയോഗിക്കുന്നത്.

വെർച്വൽ ക്യൂ സംവിധാനം ബിവറേജസ് കോർപറേഷൻ നടപ്പാക്കുന്നതിനാൽ മേൽപ്പറഞ്ഞ തുക അതത് ഏജൻസികൾക്ക് കോർപറേഷൻ ആണ് ആദ്യം നൽകേണ്ടത്. ഈ സംവിധാനത്തിന്റെ പ്രയോജനം ബാർ-ബിയർ വൈൻ പാർലർ ലൈസൻസികൾക്കും ലഭ്യമാക്കുന്നതിനാൽ ചെലവിന്റെ ഒരു ഭാഗം അവരിൽനിന്നും ഈടാക്കേണ്ടതുണ്ട്. ഇതിനാണ് ടോക്കൺ ഒന്നിന് 50 പൈസ നിരക്കിൽ ബാറുകളും ബിയർ-വൈൻ പാർലറുകളും ബിവറേജസ് കോർപറേഷന് നൽകണമെന്ന് നിഷ്‌കർഷിച്ചത്.

ഇത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് അണ്ടർടേക്കിംഗിലെ 4,5 ഖണ്ഡികകളിൽ ഉള്ളത്. ഓരോ ടോക്കണും 50 പൈസ വീതമുള്ള തുക ബിവറേജസ് കോർപറേഷനാണ് ലഭിക്കുക. 50 പൈസ വീതം ഈടാക്കി അതേപടി ഫെയർകോഡിന് നൽകുമെന്ന് അണ്ടർടേക്കിംഗിൽ ഒരിടത്തും പറയുന്നില്ലെന്നും ബിവറേജസ് കോർപറേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button