KeralaLatest NewsNews

നിരവധി കോവിഡ് പോസിറ്റീവ് കേസുകളുള്ള പാലക്കാട് ബാറുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ; തിരക്കില്ലാതെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍

പാലക്കാട്: നിരവധി കോവിഡ് പോസിറ്റീവ് കേസുകളുള്ള പാലക്കാട് ബാറുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ. എന്നാൽ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പിൽ കാര്യമായി തിരക്കില്ല. വൈകീട്ട് വരെയും ബാറുകളില്‍ നീണ്ട വരിയും മദ്യംവാങ്ങാനെത്തുന്നവരുടെ തിരക്കുമാണ്. അതിനിടയില്‍ ബെവ് ക്യൂ ആപിന്റെ തകരാര്‍ മദ്യംവാങ്ങാന്‍ വന്നവരെ വലച്ചു.

സാധാരണ അവധി ദിനങ്ങള്‍ക്ക് തലേന്നും ശേഷവും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇന്നലെ ജില്ലയില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട രണ്ട് ബാറുകളും രണ്ട് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും ഒഴികെയുള്ള എല്ലാ മദ്യശാലകളും തുറന്നു. നിയന്ത്രണം കര്‍ശനമാക്കി ഇ ടോക്കണുമായി എത്തുന്നവര്‍ക്കു മാത്രം മദ്യം വിതരണം ചെയ്താല്‍ മതിയെന്ന നിബന്ധന പാലിച്ചതോടെ ബീവറേജുകളില്‍ തിരക്കില്ലാതായി.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ബുക്ക് ചെയ്ത കൂടുതല്‍ ആളുകള്‍ക്കും ടോക്കണ്‍ ലഭിച്ചത് കിലോമീറ്ററുകള്‍ അകലെയുള്ള ഔട്ട്‌ലെറ്റുകളിലേക്കായിരുന്നു. ടോക്കണില്‍ പറഞ്ഞ സമയപരിധിയില്‍ അവിടെ എത്തി മദ്യം വാങ്ങുക പ്രായോഗികമല്ലെന്ന വന്നതോടെയാണ് പലരും അതിന് മെനക്കെടാതിരുന്നത്. ഇതിനിടെ ടോക്കണ്‍ പരിശോധിക്കാനുള്ള സംവിധാനവും പ്രവര്‍ത്തിക്കാതെ വന്നതോടെ ബാറുകളില്‍ പലതും ആളുകളുടെ വിശദാംശങ്ങള്‍ എഴുതിവച്ച വില്പന തുടര്‍ന്നു.

ജില്ലയില്‍ 21 ബിവറേജസ് ഔട്ട്‌ലെറ്റും രണ്ട് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റും 38 ബാറുകളും 15 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുമാണുള്ളത്. ഇതില്‍ ചെര്‍പ്പുളശേരിയിലെ രണ്ട് ബാറും ചിറ്റൂരിലെ ഒരു ബാറും മലമ്പുഴയിലെയും കഞ്ചിക്കോട്ടെയും ഓരോ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറും മാത്രമാണ് ഇന്നലെ തുറക്കാതിരുന്നത്. തുറന്ന ബാറുകള്‍ക്ക് മുന്നില്‍ തിരക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ പോലീസ് ഇടപെട്ട് ശാരീരിക അകലം ഉറപ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button