Latest NewsKeralaNews

കേന്ദ്രസര്‍ക്കാരിന്റേത് ഗുരുനിന്ദ – കടകംപള്ളി

തിരുവനന്തപുരം • ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി.ഡി.സിയുടെ വീഴ്ചയാണെന്ന് തുറന്നു സമ്മതിക്കാന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ആര്‍ജവം കാട്ടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം ഈ പദ്ധതിക്ക് നല്‍കിയ പണം ചെലവഴിക്കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്ര സ്ഥാപനമായ ഐടിഡിസിയാണ്. പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് ചുമതലപ്പെടുത്തി കേന്ദ്ര സ്ഥാപനമായ ഐടിഡിസിക്കാണ് 69.47 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വഴി നടപ്പാക്കേണ്ട പദ്ധതി മാനദണ്ഡങ്ങള്‍ മറികടന്ന് ഐടിഡിസിയെ ഏല്‍പ്പിക്കുകയായിരുന്നു. അതില്‍ ദുരൂഹതയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 2019 ഫെബ്രുവരിയില്‍ അന്നത്തെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ഉത്തരവിട്ടതെങ്കിലും ഒരു നിര്‍മ്മാണവും ഐടിഡിസി നടത്തിയിട്ടില്ല. സംസ്ഥാന ടൂറിസം വകുപ്പിന് ഈ പദ്ധതി നിര്‍വഹണത്തില്‍ ഒരു പങ്കാളിത്തവുമില്ലെന്ന് വ്യക്തമായിട്ടും, രാഷ്ട്രീയ പ്രചാരണത്തിനായി പച്ചക്കള്ളം പറയുകയാണ് വി. മുരളീധരനും, കെ.സുരേന്ദ്രനും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ പൊളിഞ്ഞതിന് ശ്രീനാരായണീയരോട് വിരോധം തീര്‍ക്കുന്നതിനാണ് ഗുരുവിന്റെ പേരിലുള്ള പദ്ധതി ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാകില്ല. ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി യാതൊരു കാരണവും വ്യക്തമാക്കാതെ ഉപേക്ഷിച്ചതിലൂടെ തിക‍ഞ്ഞ ഗുരുനിന്ദയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയിട്ടുള്ളത്. മറ്റ് കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന ആരോപണവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. 76.55 കോടി രൂപയുടെ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് 63.93 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിക്കുകയും, അന്തിമ ധനവിനിയോഗ സാക്ഷ്യപത്രം സമര്‍പ്പിക്കുകയും ചെയ്തതാണ്. ഈ പദ്ധതിക്ക് 61.24 കോടി രൂപയേ കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുള്ളൂ. 2.69 കോടി രൂപ സംസ്ഥാനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ നിന്ന് ലഭിക്കാനുണ്ട്. ശബരിമല-എരുമേലി-പമ്പ-സന്നിധാനം പദ്ധതിക്ക് 99.98 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും 19.99 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഇതേവരെ ലഭിച്ചിട്ടുള്ളൂ. ഈ തുക നിര്‍വഹണ ഏജന്‍സിയായ ശബരിമല മാസ്റ്റര്‍പ്ലാന്‍ ഹൈപവ്വര്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ശബരിമല മാസ്റ്റര്‍പ്ലാന്‍ ഹൈപവ്വര്‍ കമ്മിറ്റി പരാതിപ്പെട്ടതോടെ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത ഘടകങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി നടത്താന്‍ നിര്‍ദ്ദേശിച്ചു. 7.11 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ശ്രീപത്മനാഭ സര്‍ക്യൂട്ട് പദ്ധതിയില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചതാണ്. ഒരു റിംഗ് റോഡ് മാത്രമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിക്കാനുള്ളൂ. അതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് 80.37 കോടി രൂപയ്ക്ക് 2018 ല്‍ ഭരണാനുമതി നല്‍കിയെങ്കിലും 23.76 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയത് കഴിഞ്ഞ മാസം 23 നാണ്. കഴിഞ്ഞ മാസം അനുവദിച്ച തുകയാണ് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചത്. വസ്തുതകള്‍ മനസിലാക്കാതെ അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. 46.14 കോടി രൂപയുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ് പദ്ധതിക്ക് 21.98 കോടി രൂപയാണ് ഇതേവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ പദ്ധതിയില്‍ വിഭാവനം ചെയ്തുിട്ടുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഒഴിച്ചുളള എല്ലാ ഘടകങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 2020 ഒക്ടോബറില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കൂടി പൂര്‍ത്തീകരിക്കാനാകും.

വസ്തുതകള്‍ ഇതായിരിക്കേയാണ് നുണപ്രചാരണം കേന്ദ്ര സഹമന്ത്രിയും കൂട്ടരും നടത്തുന്നത്. 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 85.22 കോടി രൂപയുടെ പദ്ധതിയാണ് ശ്രീനാരായണ സര്‍ക്യൂട്ടിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടില്ല. അന്ന് കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍ദ്ദേശിച്ച ക്ഷേത്രങ്ങളും, പള്ളികളും, മസ്ജിദുകളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ വഞ്ചിച്ചിരിക്കുകയാണ് ഈ പദ്ധതി ഉപേക്ഷിച്ചതിലൂടെ കേന്ദ്രം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി ആരോപിച്ചു. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറില്‍ ഏര്‍പ്പെട്ട ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നത്. ശ്രീനാരായണ ഗുരു സര്‍ക്യൂട്ടും, 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉപേക്ഷിച്ച തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ടൂറിസം മന്ത്രി ആവശ്യപ്പെട്ടു. അതിനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button