Latest NewsNewsDevotional

കേരളത്തിലെ പ്രധാന ഭദ്രകാളി ക്ഷേത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഭദ്രകാളി ക്ഷേത്രങ്ങൾക്ക് കേരള ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട്, വെള്ളായണി മുടിപ്പുര, തിരുവനന്തപുരത്തെ ആറ്റുകാൽ,  ആലപ്പുഴയിലെ പനയന്നാർകാവ്, ചെട്ടിക്കുളങ്ങര, കൊല്ലത്തെ കാട്ടിൽമേക്കതിൽ, പത്തനംതിട്ടയിലെ മലയാലപ്പുഴ എന്നിവ കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളീ ക്ഷേത്രങ്ങൾ ആണ്. വിശ്വസിച്ച് പ്രാർഥിച്ചാൽ എന്താപത്തിലും കൈവിടാത്ത ആദിപരാശക്തിയെ ആരാധിക്കാത്ത വിശ്വാസികൾ കാണില്ല. മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രവും തിരുവിതാംകൂറിൽ പനയന്നാർകാവും കൊച്ചിയില്‍ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമാണ് പേരുകേട്ടിരിക്കുന്നത്. അവയുടെ വിശേഷങ്ങളിലേക്ക്.

മലപ്പുറം ജില്ലയിലെ മാത്രമല്ല, മലബാറിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഭഗവതി ക്ഷേത്രമാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. വള്ളുവനാട് രാജാക്കന്മാരുടെ കുലദൈവമായുരുന്ന ഭദ്രകാളിയുടെ ഈ ക്ഷേത്രത്തിന് ചരിത്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ദാരു വിഗ്രഹം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു ചെറിയ കുന്നിന്‍റെ മുകളിലാണുള്ളത്. മാമാങ്കവും തിരുമാന്ധാംകുന്ന് പൂരവും ഒക്കെ കേരള ചരിത്രത്തോട് ഈ ക്ഷേത്രത്തെ ചേർത്തു വയ്ക്കുന്ന കാര്യങ്ങളാണ്.

11 ദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ പൂരം ഏറെ പ്രസിദ്ധമാണ്. . വള്ളുവനാടിന്റെ ദേശീയോത്സവമായാണ് ഇത് അറിയപ്പെടുന്നത്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാരംഭിക്കുന്ന പൂരത്തിൽ ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടത്തുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്. ആറാട്ടാണ് പൂരത്തിന്‍റെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്ന്.

രണ്ടായി പിളർന്ന ശിവലിംഗമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ ശിവൻ എന്തും ആവശ്യപ്പെടാനുള്ള വരം നല്കിയപ്പോൾ മഹർഷി ചോദിച്ചത് ഭൂമിയിലെ ഏറ്റവും മനോഹരമായ ശിവലിംഗമായിരുന്നു. തന്റെ വാക്കു പാലിക്കുവാൻ ശിവൻ പാർവ്വതി ആരാധിച്ചിരുന്ന ശിവലിംഗം മഹർഷിക്കു കൈമാറി.

എന്നാൽ ഇതറിഞ്ഞ പാർവ്വതി ദേവി ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. അങ്ങനെ മഹർഷിയുടെ ആശ്രമത്തിലെത്തിയ ഇവർ മഹർഷിയുടെ ശിഷ്യന്മാരുമായി ചേർന്ന് തർക്കമുണ്ടാവുകയും അത് വലിയ പ്രശ്നമായി മാറുകയും ചെയ്തു. രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ വരികയും അവസാനം ജ്യോതിർലിംഗം രണ്ടായി പിളർന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളർന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്.

കേരളത്തിലെ ഏറ്റവും ആദ്യത്തെ ഭദ്രകാളി ക്ഷേത്രം എന്നാണ് കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായാണ് കൊടുങ്ങല്ലൂർ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ നിന്നും ആവാഹിച്ചാണ് കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാലാണ് ഈ ക്ഷേത്രത്തെ മാതൃക്ഷേത്രമായി കണക്കാക്കുന്നത്. കൊടുങ്ങല്ലൂര്‍ അമ്മ എന്നും ശ്രീകുറുബ എന്നും ദേവി ഇവിടെ അറിയപ്പെടുന്നു. ജൈനന്മാരുടെയും ബുദ്ധമത വിശ്വാസികളുടെയും ക്ഷേത്രമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.

ഒരു ദേവി ക്ഷേത്രമാണെങ്കിലും ശിവ ക്ഷേത്രത്തിനു സമാനമായ നിർമ്മിതിയാണ് ഇതിനുള്ളത്. ക്ഷേത്രത്തിന്റെ രഹസ്യങ്ങളും ശക്തിയും എല്ലാം ഇവിടുത്തെ രഹസ്യഅറയ്ക്കകത്ത് ആണെന്നാണ് വിശ്വാസം. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും കറുത്ത തുണികൊണ്ട് മൂടപ്പെട്ട അത്യുഗ്രമൂര്‍ത്തിയായ രുധിര മഹാകാളിയുടെ പ്രതിഷ്ഠയും ഒക്കെ ഈ രഹസ്യസങ്കേതത്തിലുണ്ടെന്നാണ് കരുതിപ്പോരുന്നത്

തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രമാണ് പനയന്നാർക്കാവ് ദേവി ക്ഷേത്രം. പത്തനംതിട്ട ജില്ലയിൽ പമ്പാ നദിയുടെ തീരത്തായാണ് ഈ ക്ഷേത്പം സ്ഥിതി ചെയ്യുന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം,കൊടുങ്ങല്ലൂർകുരുംബ ഭഗവതി ക്ഷേത്രം എന്നിവയൊടൊപ്പം തന്നെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button