Latest NewsNewsInternational

ഇന്ത്യയിലെ നിരോധനം ; ചൈനയോട്‌ അകലം പാലിച്ച് ടിക് ടോക്ക്

ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ നിന്നും അകലം പാലിച്ച് ടിക് ടോക്ക്. കഴിഞ്ഞമാസം അവസാനം ടിക് ടോക്ക് കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ കമ്പനി ബെയ്ജിംഗ് ആസ്ഥാനത്തില്‍ നിന്നും അകലുന്നതിന്റെ സൂചനകളുണ്ടായിരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഘട്ടത്തില്‍പോലും ഇന്ത്യന്‍ ഉപയോക്താക്കളുടെ ടിക് ടോക്ക് ഡാറ്റയ്ക്കായി ചൈനീസ് സര്‍ക്കാര്‍ ഒരിക്കലും അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ സിങ്കപ്പൂരിലെ സര്‍വറുകളിലാണ് സംഭരിക്കുന്നതെന്നും മേയര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക്കും സര്‍ക്കാരും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ഈ കത്ത് കമ്പനി സര്‍ക്കാരിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനുമുള്ള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഇന്ത്യയിലാണ് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനി ബെയ്ജിംഗില്‍ നിന്നും അകലുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക്കിന് നിരവധി ഫാന്‍സുള്ള ഇന്ത്യയില്‍ കമ്പനി ഒരു പുതിയ ഡാറ്റ സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 ല്‍ ലോഞ്ച് ചെയ്ത ടിക് ടോക്ക് ഇന്ത്യയില്‍ വളര്‍ത്താനായി 1 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 29 നാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധത്തെയും ക്രമസമാധാനത്തെയും ഈ ആപ്ലിക്കേഷനുകള്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് അനുസരിച്ചാണ് ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലെ ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button