COVID 19KeralaLatest NewsNews

തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിനു നിരോധനം

തിരുവനന്തപുരം • സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലുള്ള പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെൻറ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കർശന രീതിയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാനും നിർദ്ദേശം നൽകി. ഇവിടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടൻറ് ഇൻ ചാർജ്ജ് എൽ.സോളമന്റെ നേതൃത്വത്തിൽ 25 കമാന്റോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റൻറ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പോലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും.

പൂന്തുറ മേഖലയിൽ സാമൂഹികഅകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവൽകരണം നടത്തുന്നതിന് സാമുദായിക നേതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിൻറെ ആവശ്യകത പോലീസ് വാഹനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button