COVID 19Latest NewsKeralaNews

ജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നത്, നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും അതിന് മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് നേതാക്കളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തില്‍ സംസ്ഥാനത്ത് അപകടകരമായ പ്രവണതകളെന്നും ജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.

ഇപ്പോഴത്തെ സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്. സ്വന്തം ജീവന്‍ പണയംവച്ചുള്ള സമരം വേണ്ട. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരം നാടിന് ആപത്താണെന്നും സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്നത് റിവേഴ്‌സ് ക്വാറന്റീനിലുള്ള നേതാക്കളാണെന്നും നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികളെങ്കിലും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആന്റിജന്‍ ടെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൂന്തുറയില്‍ വാട്‌സാപ് പ്രചാരണം നടത്തിയെന്നും തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നിലുണ്ടെന്നും വ്യാജവാര്‍ത്ത ചമയ്ക്കുന്നവരെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. ഇന്ന് 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന കണക്കാണിത്. അതേസമയം സംസ്ഥാനത്ത് ഏറെ ആശങ്കപ്പെടുത്തുന്നത് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു എന്നതാണ്. 204 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 129 പേരില്‍ 105 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button