Latest NewsNewsIndia

60 പവൻ സ്വർണ്ണമായി എത്തിയിട്ടും സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം; യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ : സ്ത്രീധനത്തെ ചൊല്ലി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കൂടല്ലൂർ വിരുധാചലം സ്വദേശിനി ശോഭന (26) ആണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പായി യുവതി താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഈ വീഡിയോയിലൂടെ യുവതി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവായ വിജയകുമാര്‍ (28), അമ്മ സെല്‍വറാണി (45), അച്ഛന്‍ അൻപഴഗൻ (53)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഞാൻ ഈ കുടുംബം തകർക്കാന്‍ വന്നതാണെന്നാണ് അമ്മായിഅമ്മ എപ്പോഴും പറയുന്നത്.. ആവശ്യത്തിലധികം സ്വർണ്ണം ഞാൻ കൊണ്ടുവന്നിരുന്നു എന്നിട്ടും ഒന്നുമില്ലാതെയാണ് വന്നതെന്നാണ് പറയുന്നത്.. എനിക്കായി ഇതുവരെ അവരൊന്നും ചെയ്തിട്ടില്ല.. ഇതിനെല്ലാം പുറമെ ഞാൻ വീട് നശിപ്പിക്കാനെത്തിയവളാണെന്നും വേശ്യയാണെന്നും വരെ പറഞ്ഞു.. എന്‍റെ മകനെ നന്നായി നോക്കണം.. അത് മാത്രമാണ് എനിക്ക് വേണ്ടത്.. എന്‍റെ അച്ഛന്‍റെ അടുത്തായി അടക്കണം..’ അവസാന വീഡിയോ സന്ദേശത്തിൽ ശോഭനയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

2018 ലായിരുന്നു ഐടി പ്രൊഫഷണലായ വിജയകുമാറും ശോഭനയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് കോവിഡ് പ്രതിസന്ധിക്കിടെ വിജയകുമാറിന് ജോലി നഷ്ടമായി. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഇയാൾ ശോഭനയോട് സ്ത്രീധനമായി വീട്ടുകാരിൽ നിന്ന് പണം വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെ ഭർത്താവും വീട്ടുകാരും ചേർന്ന് മാനസികമായി പീഡിപ്പിക്കാൻ ആരംഭിച്ചു. വിജയകുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അതിനാൽ  തന്നെ  ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന സംശയവും ശോഭനയ്ക്കുണ്ടായിരുന്നു.

അറുപത് പവൻ സ്വർണ്ണമാണ് ശോഭനയ്ക്ക് വിവാഹത്തിനായി നൽകിയത്.ഭർത്താവിന്‍റെ ആവശ്യം അനുസരിച്ച് മകൾ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് വിളിക്കുമായിരുന്നുവെന്ന് ശോഭനയുടെ അമ്മയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർതൃവീട്ടിൽ നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് മകൾ പറയുമായിരുന്നു.. എന്നാൽ പൊരുത്തപ്പെട്ട് പോകാനായിരുന്നു വീട്ടുകാർ ഉപദേശിച്ചത്. മരിക്കുന്നതിന്‍റെ തലേദിവസം പോലും വീട്ടുകാരെ വിളിച്ച് കരഞ്ഞിരുന്നു. മകനുമൊത്ത് കുറച്ച് ദിവസം വീട്ടിൽ വന്ന് നിൽക്കാനായിരുന്നു ഇവർ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button