ഇരിട്ടി: ഒരു നാടിനെ ആശങ്കയിലാക്കി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു തടവുചാടിയ യുവാവ്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരക്കണ്ടിയിൽ നിന്നു രക്ഷപ്പെട്ട റിമാൻഡ് പ്രതിയാണ് 2 സ്വകാര്യ ബസും ഒരു ബൈക്കും മാറി കയറി ഇരിട്ടിയിൽ വന്നിറങ്ങി നാടിനെ മുൾമുനയിൽ നിർത്തിയത്. കോവിഡ് ചികിത്സാ കേന്ദ്രത്തിൽ തടവുപുള്ളി ചാടിയപ്പോൾ തന്നെ ഫോട്ടോയടക്കമുള്ള അറിയിപ്പുകൾ പൊലീസ് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. യുവാവിനെ തിരിച്ചറിഞ്ഞ നാട്ടുകാർ ഇരിട്ടി എസ്‌ഐ ദിനേശൻ കൊതേരിയെ വിവരം അറിയിച്ചു. എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി യുവാവിനോടു വിവരം തിരക്കിയപ്പോൾ ആദ്യം താൻ പ്രതിയുടെ സഹോദരനാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് സത്യം തുറന്നുപറഞ്ഞു.
Read also: കുവൈറ്റില്‍ രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മാപ്പ് നല്കി
ഇതിനകം പിപിഎ കിറ്റ് ധരിച്ച പൊലീസുകാർ സ്ഥലത്തെത്തി . നഗരം മുഴുവൻ യുവാവു കറങ്ങിയെന്നും കുറെ കടകളിൽ കയറിയെന്നും പ്രചാരണം വന്നതോടെ എല്ലാവരും ആശങ്കയിലായി. പുതിയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി വൺവേ റോഡിലെ ഊടുവഴിയിലൂടെ പ്രധാന റോഡിലെത്തി പാലം വരെ നടന്നു തിരികെ പഴയ സ്റ്റാൻഡിൽ എത്തിയെങ്കിലും ഒരു കടയിൽ പോലും കയറിയില്ലെന്ന് ഇയാൾ മൊഴി നൽകി. അതേസമയം യുവാവ് സഞ്ചരിച്ച 2 ബസും ഇടയ്ക്കു കയറിയ ബൈക്കും കണ്ടെത്താനും ഈ വാഹനങ്ങളിലെ യാത്രക്കാരെ സ്വയം നിരീക്ഷണത്തിലാക്കാനും പൊലീസ് അന്വേഷണം തുടങ്ങി. മട്ടന്നൂരിൽ നിന്നു യുവാവ് കയറിയ എം 4 സിക്സ്, അഞ്ചരക്കണ്ടിയിൽ നിന്ന് മട്ടന്നൂർക്ക് സഞ്ചരിച്ച എസ്സാർ എന്നീ സ്വകാര്യ ബസുകളിൽ സഞ്ചരിച്ചവർ അധികൃതരെ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
Post Your Comments