COVID 19KeralaLatest NewsNews

ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം • ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാൽ താൽപര്യമുള്ള ആരോഗ്യ പ്രവർത്തകർ സത്യവാങ്മൂലം നൽകണം.

ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയർ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആർ ജൂലൈ രണ്ടിന് ഗൈഡ്ലൈൻ പുറത്തിറക്കിയിരുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്ലൈൻ അടിസ്ഥാനമാക്കിയാണ് ഹോം കെയർ ഐസൊലേഷൻ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തത്.

കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകൾക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇവർക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവർ മറ്റുള്ളവരിലേക്ക് രോഗം പകർത്താതിരിക്കാനാണ് സിഎഫ്എൽടിസികളിൽ കിടത്തുന്നത്. വീട്ടിൽ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷൻ വ്യവസ്ഥകൾ പൂർണമായും പാലിക്കാനാവണം.

രോഗലക്ഷണമില്ലാത്തവർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യൽ, ഫിങ്കർ പൾസ് ഓക്സിമെട്രി റെക്കോർഡ് എന്നിവയാണ് ഹോം ഐസൊലേഷനിൽ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എൻ, ആശ വർക്കർ, വളണ്ടിയർ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളിൽ അവരെ സന്ദർശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടവുമുണ്ടാകും. ആരോഗ്യ നിലയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെങ്കിൽ ആശുപത്രിയിലാക്കും.

കോവിഡ് പ്രതിരോധത്തിനായി പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറൻറൈൻ. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വീട്ടിൽ ടോയിലറ്റ് ഉള്ള ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയുന്ന രീതിയാണ് ഹോം ക്വാറൻറൈൻ. ഇതിന് കഴിയാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ ക്വാറൻറൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷത്തിനും പുറത്തിറങ്ങിയാൽ വീട്ടിലെ മറ്റുള്ളവർക്ക് രോഗം പകരുമെന്ന അവബോധം ഉണ്ട്.

സംസ്ഥാനത്ത് 29 കോവിഡ് ആശുപത്രികളിലായി 8715 ബെഡുകളും 25 മറ്റ് സർക്കാർ ആശുപത്രികളിലായി 984 ബെഡുകളും, 103 സിഎഫ്എൽടിസികളിലായി 14,894 ബെഡുകളും 19 സ്വകാര്യ ആശുപത്രികളിലായി 943 ബെഡുകളും ഉൾപ്പെടെ മൊത്തം 176 സ്ഥാപനങ്ങളിലായി 25,536 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് രോഗികളുടെ എണ്ണം വർധിച്ചാൽ ചികിത്സാസൗകര്യം ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button