COVID 19KeralaLatest NewsNews

പുതിയ സിനിമകളുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍

ടൈറ്റില്‍ രജിസ്ട്രേഷന് 15000 രൂപ.

കോവിഡ് നിയന്ത്രണങ്ങൾ മൂലം മാർച്ച്  മുതൽ നിർത്തി വെച്ചിരുന്ന സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച പുനരാരംഭിക്കുന്നു. സിനിമാ പ്രവർത്തനങ്ങൾക്ക് സർക്കാർ നിർദേശങ്ങൾ നൽകിയതിന് പിന്നാലെയാണ് നാലര മാസമായി പൂർണ്ണമായി നിലച്ചിരുന്ന നിർമ്മാണ ജോലികൾ പുനരാരംഭിക്കുന്നത്. പുതിയ സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷനാണ് ഇതിന്റെ ഭാഗമായി ആദ്യം തുടങ്ങുന്നത്. കോവിഡ് കാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത് ടൈറ്റില്‍ രജിസ്ട്രേഷന് ഫീസിൽ കേരള ഫിലിം ചേംബർ പതിനായിരം രൂപ കുറവുവരുത്തിയിട്ടുണ്ട്.

ടൈറ്റിൽ രജിസ്ട്രേഷൻ 25000 രൂപയായിരുന്നു ഇതുവരെ ഫീസ് ഈടാക്കിയിരുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് 15000 രൂപയായി കുറച്ചതെന്ന് കേരള ഫിലിം ചേംബര് ജനറല് സെക്രട്ടറി വി സി ജോര്ജ് (അപ്പച്ചന്) പറഞ്ഞു. ഫിലിം ചേംബറിൽ സിനിമയുടെ പേര് രജിസ്റ്റർ ചെയ്യുന്നതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുക. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും ഡേറ്റുകൾ കിട്ടാനും സെൻസർഷിപ്പിനുള്ള അപേക്ഷ നൽകാനും വരെ ചേംബറിലെ ടൈറ്റില് രജിസ്ട്രേഷന് ആവശ്യമാണ്.

ലോക്ക് ടൗണിൽ ഇളവുകൾ വന്നതു മുതൽ ടൈറ്റില്‍ രജിസ്ട്രേഷൻ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണെന്ന് വി സി ജോര്ജ് പറഞ്ഞു. നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് നിര്മാതാക്കൾ ഉദ്ദേശിക്കുന്നത്.ടൈറ്റിൽ രജിസ്റ്റർ ചെയ്താലും സർക്കാർ നിര്ദ്ദേശങ്ങൾ പാലിച്ചു മാത്രമെ സിനിമാ ചിത്രീകരണം പോലുള്ളവ പുനരാരംഭിക്കാനാകൂ. അതിന്റെ ഉത്തരവാദിത്തം നിർമ്മാതാക്കൾക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം ശരാശരി 200 സിനിമ ടൈറ്റിലുകളാണ് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യുന്നത്.

സിനിമകളുടെ ഓൺലൈൻ റിലീസിന്(ഒടിടി) തടയിടാനുള്ള വ്യവസ്ഥകളും ഇതോടോപ്പം ചേംബർ നടപ്പാക്കുന്നുണ്ട്. ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒടിടി റിലീസിന് നൽകാവൂ എന്നാണ് വ്യവസ്ഥ. ഒടിടി റിലീസ് ലക്ഷ്യമിടുന്ന സിനിമകൾ ചേംബറിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. അവയ്ക്ക് തീയറ്റര് റിലീസ് അനുവദിക്കുകയുമില്ല.

ഈ വർഷം ടൈറ്റിൽ രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ അറുപതിലേറെ സിനിമകൾ വിവിധ നിർമ്മാണഘട്ടത്തിലുണ്ട്. ലോക്ക് ഡൗൺ നീങ്ങുന്ന മുറയ്ക്ക് അവയുടെ നിർമ്മാണം പൂർത്തികരിക്കാനാകും മുൻഗണന എന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. തീയറ്ററുകൾ തുറക്കാൻ ഇനിയും വൈകുമെങ്കിലും ആദ്യ പരിഗണന ഈ ചിത്രങ്ങളുടെ റിലീസിനായിരിക്കും.

shortlink

Post Your Comments


Back to top button