KeralaLatest NewsNews

സ്വര്‍ണ്ണക്കടത്തും സര്‍ക്കാരിന്റെ അഴിമതിയും സിബിഐക്ക്, മുഖ്യമന്ത്രിയുടെ രാജി എന്നിവ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളുടെ സ്പീക്ക് അപ്പ് കേരള സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. എം.പിമാര്‍, എം.എല്‍.എ.മാര്‍ യു.ഡി.എഫ്. ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, യു.ഡി.എഫ്. നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ‘സ്പീക്ക് അപ്പ് കേരള’ സത്യഗ്രഹം ഇന്ന് നടക്കും. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും സത്യഗ്രഹം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സൂമിലൂടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക് നിര്‍വഹിക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യഗ്രഹം നടത്തുന്നത്. ഒരു മണിക്ക് സമാപനം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. ആസ്ഥാനത്തും സത്യഗ്രഹമിരിക്കും.

അതേസമയം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയിലും, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ കോഴിക്കോട്ടെ വസതിയിലും, കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴ വസതിയിലും, ആര്‍.എസ്.പി.നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. കൊല്ലത്തെ വസതിയിലും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എം.എല്‍.എ. പിറവത്തെ എം.എല്‍.എ. ഓഫീസിലും, സി.എം.പി.നേതാവ് സി.പി.ജോണ്‍ പട്ടത്തെ സി.എം.പി. ഓഫീസിലും ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ കൊല്ലത്തെ രാമന്‍കുളങ്ങര വസതിയിലും, ജനതാദള്‍ നേതാവ് ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയില്‍നിന്നും സ്പീക്ക് അപ്പ് കേരള സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button