KeralaLatest NewsNews

തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്, ദുരന്തങ്ങളില്‍ പ്രതീക്ഷയോടെ ഇരുന്നവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍ ; പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്പിച്ച സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ പൊലീസ് രാജാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു വശത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്നും മറുപക്ഷത്ത് പൊലീസ് ഇടപെടല്‍ മരവിപ്പിക്കുകയെന്നും പറയുന്നു എന്നാല്‍ ഇതോടെ സംസ്ഥാനത്ത് കോവിഡ് പടര്‍ന്നുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവെന്നും എന്തിനാണ് ഈ ഇരട്ടമുഖമെന്നും അദ്ദേഹം ചോദിച്ചു.

പ്രളയം വരും, വരള്‍ച്ച വരുമെന്നൊക്കെ പല തരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ് എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്ന് പ്രതിപക്ഷം പറഞ്ഞത് നല്ല കാര്യമാണെന്നും പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുതെന്നും കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും അത് ചുമക്കുന്നവര്‍ തന്നെ പേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്. സ്വാധീനിക്കാനാവുന്നവരെ അടര്‍ത്തിമാറ്റുക, അവരില്‍ സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക, അതാണോ ഇപ്പോള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button