KeralaLatest NewsNewsIndia

കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍

ഒന്നരമണിക്കൂറിനുളളിലാണ് അധികൃതര്‍ പരുക്കേറ്റ യാത്രക്കാരെ പുറത്ത് എത്തിച്ചത്

കരിപ്പൂര്‍ വിമാനപകടത്തില്‍ ​ദുരന്തമുഖത്ത് കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍. കണ്ടെയിന്മെന്‍്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതോടെ ഒന്നരമണിക്കൂറിനുളളിലാണ് അധികൃതര്‍ പരുക്കേറ്റ യാത്രക്കാരെ പുറത്ത് എത്തിച്ചത്. വന്ദേഭാരത് മിഷന്റെ ഭാ​ഗമായി വന്ന വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. കൊവിഡ് ഭീതി പരത്തുന്ന കാലത്തും ഒരുനിമിഷം പോലും മടിച്ച്‌ നില്‍ക്കാതെ നാട്ടുകാര്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച്‌ തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും നാട്ടുകാരാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അടക്കം രക്തം വേണമെന്ന് രാത്രി ആശുപത്രികള്‍ അറിയിച്ചു. സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അര്‍ദ്ധരാത്രിയിലെ മഴയിലും മലപ്പുറത്തെ നിരവധി യുവാക്കളാണ് ആശുപത്രികളിലെ ബ്ലഡ് ബാങ്കിലേക്ക് എത്തിയത്. ഇതിന്റെ ചിത്രവും വൈറലായി.

വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് ദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡിങ് സമയത്ത് അതിശക്തമായ മഴ ഉണ്ടായിരുന്നു. കനത്ത മഴയില്‍ റണ്‍വെ കാണാതായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം രണ്ടാം ശ്രമത്തിലാണ് വിമാനം റണ്‍വെയില്‍ തൊട്ടത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി റണ്‍വെയുടെ പാതി പിന്നിട്ട ശേഷമാണ് വിമാനം റണ്‍വെ തൊട്ടത് എന്നാണ് വിവരങ്ങള്‍.

റണ്‍വെയില്‍നിന്ന് തെന്നിമാറി ഒരു മതില്‍ ഇടിച്ച്‌ ഏതാണ്ട് 35 താഴ്ചയിലേക്ക് വീമാനം പതിക്കുകയായിരുന്നു. നിലത്ത് ഇടിച്ചുവീണ വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റും കോ പൈലറ്റും ഉള്‍പ്പടെ 17 പേരുടെ മരണം വെളളിയാഴ്ച രാത്രി തന്നെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 19 പേരാണ് മരിച്ചത്. യാത്രക്കാര്‍, വിമാനജീവനക്കാര്‍ എന്നിവര്‍ അടക്കം 171 പേരാണ് ചികിത്സയിലുളളത്. അപകടത്തില്‍ പരുക്കേറ്റ ​ഗര്‍ഭിണി, രണ്ട് കുട്ടികള്‍ എന്നിവര്‍ അടക്കം 14പേരുടെ നില ​ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button