KeralaLatest NewsNews

രാജമല ദുരന്തം ; കാണാതായത് 19 വിദ്യാര്‍ഥികളെ, മരണസംഖ്യ 26 ആയി

മൂന്നാര്‍: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നു. ഇടുക്കി മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 19 സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയ നാലു ലയങ്ങളില്‍ താമസിച്ചിരുന്ന ഈ കുട്ടികള്‍ മൂന്നാറിലെ സ്‌കൂളുകളില്‍ പഠിച്ചിരുന്നവരാണ്. കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

എസ്. ലാവണ്യ, ഹേമ, ആര്‍.വിദ്യ, വിനോദിനി, ജനനി, രാജലക്ഷ്മി, പ്രിയദര്‍ശിനി (ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍, മൂന്നാര്‍) ജഗദീശ്വരി (ഗവ. ഹൈസ്‌കൂള്‍, മൂന്നാര്‍), വിശാല്‍ (സെന്റ് മേരീസ് യുപിഎസ്, മറയൂര്‍), ലക്ഷ്യശ്രീ, അശ്വന്ത് രാജ് (കാര്‍മലഗിരി പബ്ലിക് സ്‌കൂള്‍, കൊരണ്ടക്കാട്), ലക്‌സ്‌നശ്രി, വിജയലക്ഷ്മി, വിഷ്ണു (എഎല്‍പിഎസ്, രാജമല), ജോഷ്വ, സഞ്ജയ്, സിന്ധുജ, ഗൗസിക, ശിവരഞ്ജിനി (ഫാത്തിമ മാതാ ഹൈസ്‌കൂള്‍, ചിന്നക്കനാല്‍). സിന്ധുജ, സഞ്ജയ് എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്.

രാജമലയിലെ മണ്ണിടിച്ചിലില്‍ 78 പേരാണ് പെട്ടത്. 26 പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ 11 മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. വിജില (47), കുട്ടിരാജ് (48), പവന്‍ തായ് (52), ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഠന്‍ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വെള്ളിയാഴ്ച മരിച്ചവരിലൊരാള്‍ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കണ്ടെത്താന്‍ ബാക്കിയുള്ള 40 പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും.

26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്‌കരിച്ചത്. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയെന്നും കുടുംബാഗങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നല്‍കുമെന്ന് പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചികിത്സ സര്‍ക്കാര്‍ ചിലവില്‍ നടത്തും. സര്‍വവും നഷ്ടപ്പെട്ടവരാണ് ഇവര്‍. സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് അത്താണിയാകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button