KeralaLatest NewsNews

പൊതിച്ചോറിനുള്ളിലെ 100 രൂപയുടെ കരുതലിന് പിന്നിൽ മേരി സെബാസ്റ്റ്യൻ എന്ന കുമ്പളങ്ങിക്കാരി

കൊച്ചി: എന്തെങ്കിലും നല്ല കാര്യം ചെയ്താൽ അത് സോഷ്യൽ മീഡിയയിലൂടെ വാർത്തയാക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ മേടിക്കുന്നവന്റെ ആത്മാഭിമാനം മുറിയാതെ പൊതിച്ചോറിനുള്ളിൽ നൂറു രൂപ വെച്ച കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യൻ എന്ന വീട്ടമ്മയുടെ കരുതലിന്റെ സ്‌നേഹ സ്പർശമാണ് ചെല്ലാനം നിവാസികൾ അറിഞ്ഞത്. ചെല്ലാനത്ത് കടൽ കെടുതിയിലായവർക്കായി നൽകിയ പൊതിച്ചോറിൽ നൂറു രൂപ വച്ചാണ് മേരി സെബാസ്റ്റ്യൻ തന്റെ മനസ്സിന്റെ നന്മ ചൊരിഞ്ഞത്.

‘തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാൻ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്.’- എന്നാണ് സംഭവത്തിൽ ഈ കുമ്പളങ്ങിക്കാരിയുടെ പ്രതികരണം. ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നൽകി. സംഗതി വാർത്തയായതോടെ പള്ളികളിൽ നിന്ന് ഒരുപാട് അച്ചൻമാർ വിളിച്ചു.
തണുപ്പുകാലമായാൽ ഞാൻ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയിൽ ദുരിതത്തിലുള്ള ഒരാൾക്കെങ്കിലും ചായകുടിക്കാൻ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോൾ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാൻ. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കിൽ നനവ് പടർന്നാലോ? സംഗതിയറിഞ്ഞ് വാർത്തക്കാരൊക്കെ എത്തിയപ്പോൾ വെള്ളത്തിലൂടെയാണ് വീട്ടിലെത്തിയത്.

കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായിൽ മാത്രം വെള്ളം കയറിയില്ല. കടൽ കയറി നിൽക്കുമ്പോൾ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാൽ അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങൾ കുമ്പളങ്ങിക്കാർ ഉള്ളതിൽ ഒരു പങ്ക് വരുന്നവർക്കും കൊടുക്കും. അത് ഭക്ഷണമായാലും.’– നിറഞ്ഞ സന്തോഷത്തോടെ മേരി പറഞ്ഞു.

കാറ്ററിങ് പണികൾക്ക് പോകുന്ന മേരിക്ക് കുറേനാളുകളായി പണിയില്ലായിരുന്നു. കഴിഞ്ഞമാസം 15 ദിവസം പണി കിട്ടി. അതിൽ നിന്ന് കുറച്ചു പൈസ കിട്ടിയതിൽ നിന്നാണ് ഈ ‘കോടി’ കരുതൽ. ഭർത്താവ് സെബാസ്റ്റ്യൻ വള്ളം നിർമിക്കുന്ന പണിയാണ്. ഇപ്പോൾ പണിയില്ലാത്ത സമയവും. മക്കളുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. മകൻ സെബിൻ ഇന്നലെ ഫെയ്സ്ബുക്കിലെഴുതി ‘എന്റെ അമ്മയെക്കുറിച്ച് നിറയെ അഭിമാനമാണ്’ എന്ന്.

ചെല്ലാനത്ത് കടൽ കയറി ദുരിതത്തിലായവർക്ക് വിതരണം ചെയ്യാൻ നാട്ടുകാരിൽ നിന്ന് സംഭരിച്ച ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പൊലീസുകാരിൽ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും. തുടർന്ന് വീട്ടമ്മയുടെ ചെയ്തിയിൽ സന്തോഷം തോന്നിയ അദ്ദേഹം ഇക്കാര്യം ഫെയ്സ്ബുക്കിലിട്ടത്. ഇതോടെ സംഭവം വൈറലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button