Latest NewsNewsIndia

മഴു മുറിക്കാത്ത ഇടതുകൈയുമായി ജോസഫ് മാഷ് നമുക്കിടയിൽ തന്നെയുണ്ട് ഇപ്പോഴും; അതേ മനോവികാരം തന്നെയാണ് ബാംഗ്ലൂരിലും കലാപത്തിലേയ്ക്ക് വഴിതെളിച്ചത് – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാര്‍വതി പ്രഭീഷ്

ചിലതൊക്കെ പറയേണ്ട സമയത്ത് വ്യക്തമായും കൃത്യമായും പറയേണ്ടത് തന്നെയാണ്. ബാംഗ്ലൂർ ഒരോർമ്മപ്പെടുത്തലാണ്. കൃത്യമായി പറഞ്ഞാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ രക്തസാക്ഷിയായ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. ആ ഓർമ്മകൾ കൺമുമ്പിൽ രക്തത്തുള്ളികളായി ചിതറികിടക്കുമ്പോൾ ബാംഗ്ലൂർ ഞെട്ടിക്കുന്നില്ല. കേരളത്തിൽ മത മൗലിക വാദം എത്രത്തോളം തീവ്രമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ മത തീവ്രവാദികൾ ഗൂഢാലോചന നടത്തിയാൽ എന്താണ് സംഭവിക്കുകയെന്നും 2010 ജൂലൈ നാല് എന്ന ദിവസം കേരളത്തെ കൃത്യമായി ഓ‍ര്‍മ്മപ്പെടുത്തുന്നുണ്ട്.

ബികോം ഇന്റേണല്‍ മലയാളം പരീക്ഷയ്ക്ക് ചിഹ്നങ്ങള്‍(കുത്തും കോമയും) ഇടുന്നതിനായിട്ടാണ് ജോസഫ് മാഷ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. മാര്‍ച്ച് 23ന് രാവിലെ 11 മുതല്‍ 1.30 വരെ നടന്ന പരീക്ഷയില്‍ കേവലം 32 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയെ ആസ്പദമാക്കിയാണ്. തെറ്റു തിരുത്തുക എന്ന തലക്കെട്ടില്‍ പാഠഭാഗത്തിന് അനുസൃതമായി ചിഹ്നങ്ങള്‍ നല്‍കലാണ് ഇതിലുള്ളത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം എന്ന സിനിമയിലും ഈ സംസാര ശകലമുണ്ട്. ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണം പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറ് മുഹമ്മദ് എന്ന പേര് നല്‍കിയതാണ് വിവാദമായത്. പ്രശ്‌നം വിവാദമാകുന്നത് രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 25ന് ഒരു ചാനല്‍ ഈ പ്രശ്‌നം കുത്തിപ്പൊക്കിയതോടെയാണ്. അവര്‍ ഇതിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും, മറ്റൊരു തലത്തിലാക്കുകയും ചെയ്തു. അങ്ങനെയാണ് ചെറിയ ഒരു ചോദ്യപേപ്പര്‍ വലിയൊരു പ്രശ്‌നത്തിന് ഹേതുവാകുന്നത്. അതോടെയാണ് ജീവനും ജീവിതത്തിനും ഇടയിലുള്ള കണ്ണികളായ വലതുകൈയും ഭാര്യയുമൊക്കെ എന്നന്നേയ്ക്കുമായി അറ്റുപ്പോയത്.

ഇനി ബാംഗ്ലൂരിലേയ്ക്ക്! കോൺഗ്രസ്‌ നേതാവിന്റെ ബന്ധു സമൂഹമാധ്യമത്തിൽ ഇട്ട ഒരു പോസ്റ്റിൽ മതത്തെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ബാംഗ്ലൂരിൽ തുടങ്ങിയ കലാപം. അക്രമിക്കാൻ മാത്രമായൊരു മതവും, തൊട്ടാൽ പൊട്ടുന്ന മതവികാരവുമായി സദാ സംഘർഷപൂരിതമായ ഒരു മനസ്സുമായി ജീവിക്കുന്ന ഒരുകൂട്ടർക്ക് ഒരു പോസ്റ്റ് പോലും കലാപകാരണമാകുന്നുവെന്ന് ബാംഗ്ലൂർ കാണിക്കുന്നു .ആരോ ഒരാൾ ചെയ്ത ചെറിയ ഒരു തെറ്റിന്റെ പേരിൽ ഒരു തെരുവു മുഴുവൻ അക്രമിക്കാനിറങ്ങുന്നവരുടെ മനോവികാരം എന്താണ്?

മതേതര സമൂഹത്തില്‍ ജോസഫെന്ന ഒരു പ്രൊഫസറുടെ ജീവിതം നേർക്കാഴ്ചയായി മുന്നിലുള്ളപ്പോൾ ബാംഗ്ലൂർ വരെ എന്തിനു പോകണം? പക്ഷേ ഭയപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ഒന്നുണ്ട്. അത് മതേതരവാദികളുടെ മൗനമാണ്. ജോസഫ് മാഷിനെ കണ്ട് ഞെട്ടാത്തവരൊക്കെ , മൗനവൃതം ശീലിച്ചവരൊക്കെ ബാംഗ്ലൂർ കണ്ടാലും ഞെട്ടില്ല. അത് എന്നും അങ്ങനെയാണ്. ഹാഗിയസോഫിയയിൽ നടന്ന മതഅധിനിവേശത്തെ അനുകൂലിച്ച സാദിഖലിമാരൊക്കെ മതേതരത്വത്തിന്റെ കാവലാളാകുന്ന സമത്വസുന്ദരലോകത്തിൽ അവർ കാണുക സെലക്ടീവായ ചിലത് മാത്രമാണ്. ഇവിടെ ദുർഗാനന്ദിനിക്ക് ലിംഗത്തെ മ്ലേച്ഛമാക്കി വരയ്ക്കാം! പ്രിയനന്ദനന് അയ്യപ്പനെ കുറിച്ച് അശ്ലീല കവിതയെഴുതാം. കുരീപ്പുഴയ്ക്കും ഇളയിടത്തിനുമൊക്കെ ഹൈന്ദവബിംബങ്ങളെ വിമർശിക്കാം. ഹരീഷിനു മീശ എഴുതാം. ആക്ടിവിസ്റ്റുകൾക്കും ആർപ്പോ ആർത്തവകാർക്കും ക്ഷേത്രാചാരങ്ങളെ അപഹസിക്കാം; എതിർക്കാം! അതെല്ലാം മതേതരം! പക്ഷേ പർദ്ദ കവിതയും മെത്രാന്റെ അംശവടിയും ഒക്കെ മതചിഹ്നമാകുകയും അതിനെ സർഗ്ഗാത്‌മകതക്കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് മതനിന്ദയാകുകയും ചെയ്യുമ്പോൾ ശാസ്താവിനെ തലകീഴായി രക്തത്തുള്ളികൾക്കൊപ്പം ചിത്രീകരിക്കുന്നത് നവോത്ഥാനവും ആകുന്ന ഇസങ്ങൾക്ക് ബാംഗ്ലൂരിലെ കലാപം കാണുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നാവുപൊന്തില്ല!

മഴു മുറിക്കാത്ത ഇടതുകൈയുമായി ജോസഫ് മാഷ് നമുക്കിടയിൽ തന്നെയുണ്ട് ഇപ്പോഴും. ചോദ്യപേപ്പറിലെ ഒരു പേരിൽ ബ്ലാസ്ഫെമി (ദൈവദോഷം) കണ്ടെത്തിയ അതേ മനോവികാരം തന്നെയാണ് ബാംഗ്ലൂരിലും കലാപത്തിലേയ്ക്ക് വഴിതെളിച്ചത്.

NB: ഡോ. സക്കീര്‍ ഹുസൈന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായതിന് ശേഷം പത്രപ്രവര്‍ത്തകര്‍ക്ക് ഒരു വിരുന്ന് നല്‍കുകയുണ്ടായി. അന്ന് മലയാളിയായ ഒരു യുവ പത്രപ്രവര്‍ത്തകന്‍ ഒരു പ്രസ്താവന നടത്തി. ഇപ്പോഴാണ് നമ്മുടെ മതേതരത്വം സഫലമായത്. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് മുസ്ലിം സമുദായാംഗം രാഷ്ട്രപതിയായിരിക്കുന്നു. മതേതരത്വത്തിന് ഉത്തമ ഉദാഹരണമാണിത്. അപ്പോള്‍ ഒന്ന് ചിരിച്ചുകൊണ്ട് ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു, എന്റെ മതമേതാണെന്ന് താങ്കളറിയാതിരിക്കുമ്പോഴാണ് മതേതരത്വം സഫലമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button