KeralaLatest NewsNews

സ്വർണക്കടത്ത് കേസ്‌; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോടതിയോടെ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് പ്രതികളുടെ കസ്റ്റഡി നീട്ടിച്ചോദിക്കവേയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നാ സുരേഷിനെ ചോദ്യംചെയ്തതിൽനിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.

ശിവശങ്കറുമായി അടുത്തബന്ധമാണെന്ന് ചോദ്യംചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നത് ശിവശങ്കറിന് അറിയാമായിരുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ധനസമാഹരണാർഥം മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള ഉന്നതതലസംഘം യു.എ.ഇ.യിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയം സ്വപ്നയും ശിവശങ്കറും തമ്മിൽ കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്.

സ്വപ്നയുൾപ്പെടെ മൂന്നു പ്രതികൾക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ശിവശങ്കറിനുപുറമേ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെയും വീണ്ടും ചോദ്യംചെയ്യണമെന്നാണ് ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടത്. കള്ളപ്പണ നിരോധനനിയമം ശിവശങ്കറിനെതിരേ നിലനിൽക്കുമോ എന്ന് വാദത്തിനിടെ ഇ.ഡി.യുടെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. എൻ.ഐ.എ.യും കസ്റ്റംസും കണ്ടെത്തിയതിൽ കൂടുതലൊന്നും ഇ.ഡി.യുടെ കണ്ടെത്തലുകളിലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

എൻ.ഐ.എ.യും കസ്റ്റംസും ചേർന്ന് 34 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. കഴിഞ്ഞമാസം അവസാനം തുടർച്ചയായ രണ്ടുദിവസം എൻ.ഐ.എ. കൊച്ചിയിൽ ശിവശങ്കറിനെ ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button