Latest NewsKeralaIndia

സ്വർണ്ണക്കടത്ത് കേസ്, സ്വപ്നയും ശിവശങ്കരനും ചേർന്ന് കടത്തിയത് 167 കിലോഗ്രാം സ്വർണമെന്ന് കസ്റ്റംസ് റിപ്പോർട്ട്

കണ്ണൂർ: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവ്. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. സ്വർണക്കള്ളക്കടത്തിൽ സ്വപ്ന സുരേഷിന്റെ പങ്കാളിയായിരുന്നു എം.ശിവശങ്കർ എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നു.

കേസിൽ നോട്ടിസ് നൽകി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണു പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്. 61.32 കോടി രൂപ വിലവരുന്ന167.03 കിലോഗ്രാം സ്വർണം കടത്താൻ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും കൂട്ടു നിന്നു എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുൻപ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 167.03 കിലോഗ്രാം സ്വർണം ഇരുവരും ചേർന്ന് കടത്തിയെന്നും അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു.

‘സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിലെ വിവരങ്ങൾ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കർ പണമിടപാടു നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകൾ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല’ – ഉത്തരവിൽ പറയുന്നു.

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി എന്നിവർ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്. പല തവണയായി 95.33 കിലോഗ്രാം സ്വർണം കടത്തിയതിൽ ജമാൽ ഹുസൈൻ അൽസാബിക്കും പിടിച്ചെടുത്ത 30 കിലോഗ്രാം അടക്കം 71.74 കിലോഗ്രാം സ്വർണം കൊണ്ടുവന്നതിൽ റാഷിദ് ഖാമിസ് അൽ അഷ്മേയിക്കും പങ്കുണ്ട്.

2 പേർക്കും വിദേശകാര്യമന്ത്രാലയം വഴി കാരണംകാണിക്കൽ നോട്ടിസ് അയച്ചെങ്കിലും നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎഇ എംബസി നിരസിച്ചു. എന്നാൽ, കള്ളക്കടത്തു നടത്തിയവർക്കു നയതന്ത്ര പരിരക്ഷയ്ക്ക് അർഹതയില്ലാത്തതിനാൽ ഇവരും പിഴയടയ്ക്കാൻ ബാധ്യസ്ഥരാണ്’– പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button