Latest NewsNewsIndia

മുഖവും കഴുത്തും കുത്തിക്കീറി ചോരയൊലിച്ച് യുവതി; ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടി നാട്ടുകാർ

മീററ്റ് : ഗുരുതരമായി പരിക്കേറ്റനിലയിൽ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടി നാട്ടുകാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്.
പരിക്കേറ്റ യുവതിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താൻ ശ്രമിക്കാതെ നാട്ടുകാർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഒടുവിൽ പോലീസെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

20 വയസിന് മുകളിൽ പ്രായംതോന്നിക്കുന്ന യുവതിയെ കഴിഞ്ഞദിവസം വൈകിട്ടാണ് കനാലിൽ കണ്ടെത്തിയത്. മുഖവും കഴുത്തും കുത്തിക്കീറിയനിലയിൽ ചോരയൊലിച്ചാണ് യുവതി കിടന്നിരുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ യുവതിയെ പുറത്തെടുക്കാനോ ഉടൻ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ലെന്നാണ് എൻഡി ടിവിയുടെ റിപ്പോർട്ട് ചെയ്യുന്നത്. പകരം ജനക്കൂട്ടം യുവതിയുടെ ദൃശ്യങ്ങൾ പകർത്താനും യുവതിയോട് കാര്യങ്ങൾ ചോദിച്ചറിയാനുമാണ് തിരക്ക് കൂട്ടിയത്.

അതേസമയം മൂർച്ചയേറിയ ആയുധം കൊണ്ടാണ് യുവതിയെ ഉപദ്രവിച്ചതെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രണയിക്കുന്നയാളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച കുടുംബാംഗങ്ങൾ ക്രൂരമായി ആക്രമിച്ചെന്നാണ് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴി. ഇതനുസരിച്ച് യുവതിയുടെ സഹോദരനെയും ബന്ധുവായ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് അതീവ ദുഃഖകരമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നതിന് പകരം എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button