KeralaLatest NewsNews

സ്വര്‍ണകള്ളക്കടത്ത് കേസ് ; അനില്‍ നമ്പ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആനില്‍ നമ്പ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്ന സുരേഷും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് അനില്‍ നമ്പ്യാരെ വിളിപ്പിക്കുന്നത്.

ഇരുവരും സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്ന കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരില്‍ ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ തന്നോട് നിര്‍ദേശിച്ചതായി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സ്വര്‍ണം പിടികൂടിയതിന്റെ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്വപ്ന സുരേഷിനെ അനില്‍ നമ്പ്യാര്‍ വിളിച്ചതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. സ്വപ്ന സുരേഷുമായി അതിനു മുമ്പും ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സംസാരിച്ചിട്ടുണ്ടെന്നതിന്റെ കോള്‍ രേഖകളും കസ്റ്റംസിന് കിട്ടിയിരുന്നു.

അതേസമയം സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത് കേസിലെ മറ്റൊരു പ്രതി സരിത്ത് വഴിയായിരുന്നുവെന്ന് അനില്‍ നമ്പ്യാര്‍ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞിരുന്നു. അറ്റ്ലസ് രാമചന്ദ്രന്‍ യുഎഇയില്‍ ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തിന്റെ ഒരു അഭിമുഖം എടുക്കാന്‍ വേണ്ടി ഏറ്റവും വേഗത്തില്‍ ഒരു വിസിറ്റിംഗ് വിസ ശരിയാക്കിയെടുക്കേണ്ട സാഹചര്യം വരികയും അതിനുവേണ്ടി ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്ന സരിത്തിനെ ബന്ധപ്പെടുകയുമുണ്ടായി. സരിത്താണ് സ്വപ്നയെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറയുന്നു. മാഡം വിചാരിച്ചാല്‍ കാര്യം നടക്കുമെന്ന് സരിത്ത് പറഞ്ഞ പ്രകാരമാണ് സ്വപ്നയെ വിളിക്കുന്നതെന്നും ആവശ്യം പറഞ്ഞപ്പോള്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച്ച ഒരുക്കുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിസ ശരിയാക്കി കിട്ടുകയും ചെയ്തു. തികച്ചും ഔദ്യോഗികമായി നടന്നൊരു പ്രക്രിയയാണിതെന്നും ഇങ്ങനെയാണ് സ്വപ്നയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതുമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു.

പിന്നീട് ചില സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും പരസ്പരം അഭിവാദ്യം ചെയ്യുന്നതിനപ്പുറത്തേക്ക് സംസാരം പോയിട്ടില്ലെന്ന് അനില്‍ നമ്പ്യാര്‍ പറയുന്നു. അതേസമയം തന്റെ സുഹൃത്തിന്റെ ടൈല്‍സ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് കോണ്‍സുല്‍ ജനറലിനെ പങ്കെടുപ്പിക്കാന്‍ സ്വപ്നയുടെ സഹായം തേടിയിട്ടുണ്ടെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു.

അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button