Latest NewsKeralaNews

കുമ്മനം രാജശേഖരന്‍ ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിച്ചു ; പോരാട്ട വീര്യം പകര്‍ന്ന ജീവത്യാഗമെന്ന് ബിജെപി നേതാവ്

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉന്നത സ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് ജീവന്‍ ഒടുക്കിയ തിരുവനന്തപുരം കുന്നത്തുകാല്‍ അനുവിന്റെ വീട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അനു എന്ന യുവാവ് വിട്ടുപിരിഞ്ഞതിലുള്ള തീരാദുഃഖത്തിന്റെ വേദനയില്‍ പിടയുന്ന അച്ഛനെയും അമ്മയെയും ബന്ധു മിത്രാദികളെയും കണ്ടു സമാശ്വസിപ്പിച്ചതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എക്‌സൈസ് വകുപ്പില്‍ നല്ലൊരു ജോലി എന്ന സ്വപ്നം നെഞ്ചിലേറ്റി ദീര്‍ഘനാളായി കഷ്ടപ്പെട്ട് പഠിച്ച അനു നാടിന്റെ അഭിമാനമായിരുന്നുവെന്നും നല്ല ബുദ്ധി, പഠന ശേഷി , ഉജ്ജ്വല വ്യക്തിത്വം, അനിതരസാധാരണമായ സാമര്‍ത്യം, വിനയാന്വിതമായ പെരുമാറ്റം തുടങ്ങി നല്ലതേ നാട്ടുകാര്‍ക്ക് അനുവിനെപ്പറ്റി പറയാനുള്ളുവൊന്നും കുട്ടികള്‍ക്ക് ട്യുഷന്‍ നല്‍കിയും, നല്ല പ്രതിഭകളെ കണ്ടെത്തിയും ഭാവി വാഗ്ദാനങ്ങളെ കരുപ്പിടിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. എല്ലാം നഷ്ടപ്പെട്ടുവെന്നു മാത്രമേ ആര്‍ക്കും പറയാനുള്ളുവൊന്നും അദ്ദേഹം പറയുന്നു.

ഇനി ഒരു റാങ്ക് ഹോള്‍ഡര്‍ക്കും ഈ ദുഃസ്ഥിതി ഉണ്ടാവരുതെന്നും ലിസ്റ്റിന്റെ കാലാവധി നീട്ടി എല്ലാ റാങ്കുകാരെയും നിയമിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും വന്‍കിട പ്രോജെക്റ്റുകള്‍ക്ക് കണ്‍സള്‍ട്ടന്‍സി വഴി താല്‍കാലിക നിയമനങ്ങള്‍ നടത്തുന്നതുമൂലം കഷ്ടപ്പെട്ടു പഠിച്ചു റാങ്ക് നേടിയവര്‍ വഴിയാധാരമാവുകയാണെന്നും പരീക്ഷ, ഇന്റര്‍വ്യൂ, യോഗ്യത തുടങ്ങിയവ ഒന്നും കൂടാതെയാണ് ലക്ഷക്കണക്കിന് രൂപ ശമ്പളത്തിന് സ്വപ്ന സുരേഷ്, അരുണ്‍ ബാലചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പേര്‍ നിയമിതരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അനു വിടവാങ്ങി ദിവസങ്ങളേറെയായിട്ടും സര്‍ക്കാര്‍ പ്രതിനിധികളാരും വീട്ടില്‍ ഇതുവരെ വന്നില്ലെന്നും പാവപ്പെട്ട കുടുംബത്തിന്റെ ഭാവി ഇരുട്ടിലാക്കിയതിന്റെ മനോദുഃഖം മനസിലാക്കി വേണ്ട സഹായം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഒരു വില്ലേജ് ഓഫീസര്‍ പോലും വിവരം തിരക്കാന്‍ എത്തിയില്ലെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പോരാട്ട വീര്യം പകര്‍ന്ന് അനുവിന്റെ ജീവത്യാഗം.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉന്നത സ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് ജീവന്‍ ഒടുക്കിയ തിരുവനന്തപുരം കുന്നത്തുകാല്‍ അനുവിന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അനു എന്ന യുവാവ് വിട്ടുപിരിഞ്ഞതിലുള്ള തീരാദുഃഖത്തിന്റെ വേദനയില്‍ പിടയുന്ന അച്ഛനെയും അമ്മയെയും ബന്ധു മിത്രാദികളെയും കണ്ടു സമാശ്വസിപ്പിച്ചു. എക്‌സൈസ് വകുപ്പില്‍ നല്ലൊരു ജോലി എന്ന സ്വപ്നം നെഞ്ചിലേറ്റി ദീര്‍ഘനാളായി കഷ്ടപ്പെട്ട് പഠിച്ച അനു നാടിന്റെ അഭിമാനമായിരുന്നു. നല്ല ബുദ്ധി, പഠന ശേഷി , ഉജ്ജ്വല വ്യക്തിത്വം, അനിതരസാധാരണമായ സാമര്‍ത്യം, വിനയാന്വിതമായ പെരുമാറ്റം..തുടങ്ങി നല്ലതേ നാട്ടുകാര്‍ക്ക് അനുവിനെപ്പറ്റി പറയാനുള്ളു.
കുട്ടികള്‍ക്ക് ട്യുഷന്‍ നല്‍കിയും, നല്ല പ്രതിഭകളെ കണ്ടെത്തിയും ഭാവി വാഗ്ദാനങ്ങളെ കരുപ്പിടിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. എല്ലാം നഷ്ടപ്പെട്ടുവെന്നു മാത്രമേ ആര്‍ക്കും പറയാനുള്ളു.
അനു വിടവാങ്ങി ദിവസങ്ങളേറെയായിട്ടും സര്‍ക്കാര്‍ പ്രതിനിധികളാരും വീട്ടില്‍ ഇതുവരെ വന്നില്ല. പാവപ്പെട്ട കുടുംബത്തിന്റെ ഭാവി ഇരുട്ടിലാക്കിയതിന്റെ മനോദുഃഖം മനസിലാക്കി വേണ്ട സഹായം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. ഒരു വില്ലേജ് ഓഫീസര്‍ പോലും വിവരം തിരക്കാന്‍ എത്തിയില്ല. ലക്ഷക്കണക്കായ തൊഴില്‍ രഹിതരും റാങ്ക് ലഭിച്ചവരുമായ യുവാക്കളുടെ കണ്ണീരും അമര്‍ഷവും ഉല്‍ഘണ്ഠയും നെഞ്ചിലേറ്റിയാണ് വീടിന് സമീപം സത്യാഗ്രഹികള്‍ ദിവസവും സമരം ചെയ്യുന്നത്. ഇനി ഒരു റാങ്ക് ഹോള്‍ഡര്‍ക്കും ഈ ദുഃസ്ഥിതി ഉണ്ടാവരുത് . ലിസ്റ്റിന്റെ കാലാവധി നീട്ടി എല്ലാ റാങ്കുകാരെയും നിയമിക്കണം. പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവെക്കണം. വന്‍കിട പ്രോജെക്റ്റുകള്‍ക്ക് കണ്‍സള്‍ട്ടന്‍സി വഴി താല്‍കാലിക നിയമനങ്ങള്‍ നടത്തുന്നതുമൂലം കഷ്ടപ്പെട്ടു പഠിച്ചു റാങ്ക് നേടിയവര്‍ വഴിയാധാരമാവുകയാണ്. സ്വപ്ന സുരേഷ്, അരുണ്‍ ബാലചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പേര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തുന്നു. പരീക്ഷ, ഇന്റര്‍വ്യൂ, യോഗ്യത തുടങ്ങിയവ ഒന്നും കൂടാതെയാണ് ലക്ഷക്കണക്കിന് രൂപ ശമ്പളത്തിന് ഇവര്‍ നിയമിതരാകുന്നത്.
സാമൂഹ്യനീതി നിഷേധിക്കപ്പെട്ട യുവ ലക്ഷങ്ങളുടെ അതിജീവനത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള സമരകാഹളമാണ് കുന്നത്തുകാല്‍ ഉയരുന്നത്. അനുവിന്റെ കുഴിമാടത്തില്‍ നിന്നും ഉയരുന്ന പോരാട്ട വീര്യം ഭരണാധികാരി വര്‍ഗ്ഗത്തിന്റെ ധാര്‍ഷ്ട്യത്തെ തച്ചുടക്കാനുള്ള ശേഷി സമാര്‍ജിച്ചു വലിയൊരു ജനമുന്നേറ്റമായി നാടാകെ പടരും.

https://www.facebook.com/165149950261467/posts/3093134670796299/?extid=AYwqYVvLzEJEeqX7&d=n

 

shortlink

Related Articles

Post Your Comments

Related Articles


Back to top button