KeralaLatest NewsNews

കോൺഗ്രസും ബിജെപിയും കോവിഡിനൊപ്പം കേരളത്തെ അക്രമിയ്ക്കുകയാണ് ചെയ്യുന്നത്; വിമർശനവുമായി എം.സ്വരാജ്

കൊച്ചി : അധികാരാസക്തിയാൽ മനുഷ്യത്വം മരവിച്ചു പോയ പ്രതിപക്ഷം, കോവിഡ് വ്യാപനത്തിന് വഴിവെക്കണമെന്ന ഉദ്ദേശത്തോടെ സമരാഭാസങ്ങൾ നടത്തുകയാണെന്ന വിമർശനവുമായി തൃപ്പൂണിത്തുറ എം.എൽ.എയും സി.പി.എം നേതാവുമായ എം.സ്വരാജ്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സ്വരാജ് വിമർശനവുമായി എത്തിയിരിക്കുന്നത്. അതേസമയം, കോവിഡ് പ്രതിസന്ധിയുടെ ഈ സമയത്ത് ഇത്തരത്തിൽ ഇടതുപക്ഷം സമരം നടത്തിയിരുന്നുവെങ്കിൽ മുഖപ്രസംഗങ്ങൾ, സാരോപദേശങ്ങൾ, പരമ്പരകൾ, ശാപങ്ങൾ തുടങ്ങി പലതും കേരളം കാണേണ്ടി വന്നേനെയെന്നുംസ്വരാജ് പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………………………

അറിയുമോ മംഗളം വിജയനെ ..?

അധികാരാസക്തിയാൽ മനുഷ്യത്വം മരവിച്ചു പോയ പ്രതിപക്ഷം, കോവിഡ് വ്യാപനത്തിന് വഴിവെക്കണമെന്ന ഉദ്ദേശത്തോടെയുള്ള സമരാഭാസങ്ങൾ തുടരുകയാണ്. കോൺഗ്രസും ബിജെപിയും കോവിഡിനൊപ്പം കേരളത്തെ അക്രമിയ്ക്കുകയാണ് ചെയ്യുന്നത്. അൽപവും സങ്കോചമില്ലാതെ മുഖ്യധാരാ മാധ്യമങ്ങളീ ജനവിരുദ്ധ സമരത്തെ പിന്തുണച്ചു പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ട്.
കോവിഡ് ഭീഷണിയുടെ കാലത്ത് ഇങ്ങനെ സമരങ്ങൾ നടത്തുന്നത് ഇടതുപക്ഷമായിരുന്നെങ്കിലോ ??
എത്രയെത്ര മുഖപ്രസംഗങ്ങൾ, സാരോപദേശങ്ങൾ , പരമ്പരകൾ , ശാപങ്ങൾ…….
എന്തൊക്കെ കേരളം കാണുമായിരുന്നു . എന്നാൽ സമരം ഇടതുപക്ഷത്തിനെതിരാവുമ്പോൾ മനുഷ്യത്വവും ജനങ്ങളുടെ ആരോഗ്യവുമൊക്കെ മറക്കാമെന്നാണ് മാധ്യമ പക്ഷം.

ഇന്നിപ്പോൾ ജലപീരങ്കിയിലെ വെള്ളത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് മനോരമ ആശങ്ക പ്രകടിപ്പിയ്ക്കുന്നു. ഇന്നോളം തോന്നാത്ത ആശങ്കകളാണിപ്പോഴീ കൂട്ടർക്ക്. മുമ്പ് വിദ്യാർത്ഥി സമരങ്ങളെ കൊടും പാതകമായിക്കണ്ട് രോഷം കൊണ്ടവരും സമരക്കാരെ തല്ലിയൊതുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഉപന്യാസമെഴുതിയവരും ഇപ്പോൾ കോവിഡ് വ്യാപനാർത്ഥമുള്ള സമരങ്ങളുടെ സ്പോൺസർമാരായി മാറിയിരിയ്ക്കുന്നു.

വർഷങ്ങൾക്കു മുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ ഒരു മഹാസമരം നടക്കുമ്പോഴാണ് സുനാമി നാശം വിതച്ചത്. ഡി വൈ എഫ് ഐ യും ഇടതുമുന്നണിയും അന്നു തന്നെ പ്രക്ഷോഭങ്ങൾ നിർത്തിവെച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി. അന്നു വീടു നഷ്ടപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ വീടു വെച്ചു നൽകിയത് സി പി ഐ (എം) ആയിരുന്നു. ദുരിതകാലത്ത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സംഘടനകൾ എങ്ങനെ പ്രവർത്തിയ്ക്കണമെന്നതിൻ്റെ മാതൃകയായിരുന്നു അത്.

ഈ കോവിഡ് കാലത്തും ഡിവൈഎഫ്ഐ ലോകത്തിനു മാതൃകയായി.
സഹജീവിസ്നേഹമുയർത്തിപ്പിടിച്ചു കൊണ്ട് പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റും കൂലിപ്പണിയെടുത്തും സമാഹരിച്ച പതിനൊന്നു കോടി രൂപയാണ് ഡിവൈഎഫ്ഐ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. ഇതൊരു ലോക റെക്കോഡാണ്. മറ്റൊരു യുവജന സംഘടനയ്ക്കും ഇങ്ങനെയൊന്ന് സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ല . അതിനിടയിലാണ് ചുളിവു വീഴാത്ത ഖദറുമായി ചായം മുക്കൽ നാടകം നടക്കുന്നത്.

ഡിവൈഎഫ്ഐ യുടെ മഹത്തായ പ്രവർത്തനത്തെ കണ്ടില്ലെന്നു നടിച്ചവർ ഇപ്പോഴത്തെ സമരാഭാസങ്ങൾക്കു നൽകുന്ന പരിഗണന കാണേണ്ടതു തന്നെയാണ്. പോലീസ് അതിക്രമമെന്നൊക്കെയാണ് പ്രചരണം. എണ്ണിയാലൊടുങ്ങാത്ത സമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കേരളത്തെ പരിഹസിക്കുകയാണിവർ. സമരം ചെയ്യാൻ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങൾ മഷിതേച്ച് പറ്റിയ്ക്കാൻ ശ്രമിയ്ക്കുകയാണ് കേരളത്തെ. പോലീസിന് പത്തടി കൊടുത്ത് രണ്ടടി തിരിച്ചു വാങ്ങുന്ന അഭിനവ സമരക്കാർ പോലീസ് അതിക്രമമെന്ന് അട്ടഹസിയ്ക്കുമ്പോൾ ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊന്ന യു ഡി എഫ് ഭരണകാലം മറന്നു പോവരുത് .

മഷിക്കുപ്പി കോപ്രായങ്ങളെ കൊണ്ടാടുന്നവർ ഇന്നലെകളിലേയ്ക്കൊന്നു തിരിഞ്ഞു നോക്കണം. തെരുവീഥികളിൽ മുഴങ്ങിയ വെടിയൊച്ചകളും നിലയ്ക്കാതൊഴുകിയ ചോരച്ചാലുകളും കണ്ടു ഭയപ്പെടാതെ നേരിനായി പൊരുതിനിന്ന തലമുറകളുണ്ടിവിടെ . തല്ലുകൊണ്ടു തല പൊട്ടിയും എല്ലൊടിഞ്ഞു ചോര ചിന്തിയും ചതഞ്ഞരഞ്ഞ ശരീരവുമായി ചെറുത്തു നിന്ന കുട്ടികൾ പറഞ്ഞു തരും സമരസാന്ദ്രകാലത്തിൻ്റെ സംഗ്രാമ സ്മരണകൾ . ക്യാമറയുടെ മുന്നിലെ അഭിനയ മികവും മഷിച്ചമയങ്ങളും കൊണ്ട് നാടിനെ പരിഹസിയ്ക്കുന്ന കോമാളികൾക്കറിയില്ല ചോര ചിതറിയ മണ്ണിൽ തീപടർന്ന സമര കാലങ്ങളെപ്പറ്റി. പോലീസ് അതിക്രമങ്ങളുടെ UDF കാണ്ഡത്തെപ്പറ്റി. തടവറകളെ തോൽപിച്ച സമര യൗവ്വനത്തെപ്പറ്റി …

അവനവന് ഉറപ്പില്ലാത്ത മുദ്രാവാക്യവുമായി ക്യാമറകൾക്കു വേണ്ടി ചുവടുവെയ്ക്കുന്ന മഷിച്ചമയവേഷക്കാർക്ക് നമിതയെ അറിയുമോ ?

UDF സർക്കാരിൻ്റെ വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തിലാണ് തിരുവനന്തപുരത്ത് പെൺകുട്ടികൾക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ നിയമ വിദ്യാർത്ഥിനിയായ നമിതയുടെ ഇരുകാലുകളും തകർന്നത്. രണ്ടു കാലുകളും പ്ലാസ്റ്ററിട്ട് അനക്കാനാവാത്ത നിലയിലാണ് സ്ട്രച്ചറിൽ കിടത്തിയ നമിതയെ പരീക്ഷാ ഹാളിലെത്തിച്ചത്.
സ്ട്രച്ചറിൽ കിടന്നു കൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷയെഴുതിയ നമിത ഒന്നാം റാങ്കു നേടി.

അന്നൊരിയ്ക്കൽ സമരമുഖത്തു നിന്നു പിടികൂടി ഭീകര മർദ്ദനത്തിനിരയാക്കിയ പി.കെ ബിജുവിനെയും ജി മുരളീധരനെയും മറ്റു സഖാക്കളെയും മർദ്ദിച്ച് കലി തീരാതെ കൈവിലങ്ങണിയിച്ചാണ് പോലീസ് പരീക്ഷാഹാളിലെത്തിച്ചത്.

വിദേശത്തു നിന്ന് വരുത്തിയ മാരക പ്രഹര ശേഷിയുള്ള ഇലക്ട്രിക് ലാത്തി ആദ്യമായി പ്രയോഗിച്ചത് വിദ്യാർത്ഥികൾക്കു നേരെയായിരുന്നു. അനീഷിനെയും പ്രണവിനെയും നടുറോഡിൽ നഗ്നരാക്കിയ ശേഷം ഷോക്കടിപ്പിച്ചപ്പോൾ ആസ്വദിച്ച നരാധമൻമാർ ഇന്ന്
‘ജലപീരങ്കി അക്രമ’ത്തെക്കുറിച്ച് സംസാരിയ്ക്കുന്നത് ഗംഭീരം തന്നെ.

തല പൊട്ടിയും എല്ലൊടിഞ്ഞും ചോരയിൽ കുളിച്ചവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞ കാലം. ചതഞ്ഞരഞ്ഞ ശരീരവുമായി തടവറകളിൽ ചെറുപ്പക്കാർ ഞെരിഞ്ഞമർന്ന കാലം. നൂറു കണക്കിന് ചെറുപ്പക്കാരെയും പെൺകുട്ടികളെയും സ്കൂൾ കുട്ടികളെപ്പോലും വേട്ടയാടിയ കിരാത ഭരണകാലം അത്രയെളുപ്പം മറക്കാനാവുമോ .

ഒരിയ്ക്കൽ സമരമുഖത്തു നിന്നും ശരീരം മുഴുവൻ പരിക്കുകളോടെ അറസ്റ്റ് ചെയ്ത് നന്ദാവനം ക്യാമ്പിൽ കൊണ്ടിട്ട ഞങ്ങളെ ആശുപത്രിയിലെത്തിയ്ക്കാൻ പോലും MLA മാർ വന്ന് സമരം നടത്തേണ്ടി വന്നു.

സർക്കാർ ഭൂമിയും കെട്ടിടവും പണവും ഉപയോഗിച്ച് ആരംഭിച്ച മെഡിക്കൽ കോളേജ് സ്വകാര്യ സ്വത്താക്കുന്നതിനെതിരെ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അഞ്ചുചെറുപ്പ ക്കാരെ വെടിവെച്ചുകൊന്ന ചോര പുരണ്ട നാളുകൾ… അന്നു മുതലിന്നോളം ശരീരം തളർന്നു കിടക്കുന്ന പുഷ്പൻ ….

അങ്ങനെ എത്രയെത്ര അനുഭവങ്ങൾ …

അനുഭവക്കടലിലെ മറക്കാനാവാത്തൊരു പേരാണ് മംഗളം വിജയൻ്റെത്. പതിനഞ്ച് കൊല്ലം മുമ്പാണ്. കോഴിക്കോട് IMG യിൽ കൗൺസിലിംഗ് ഉപരോധസമരം . രാവിലെ 8 മണിയ്ക്കു മുമ്പ് സമരമാരംഭിച്ചു. നൂറു കണക്കിന് സായുധ പോലീസുകാർ. യുദ്ധസമാനമായ സംവിധാനങ്ങൾ .
ഗ്രനേഡ്, ഡൈമാർക്കർ , ടിയർഗ്യാസ് , റബ്ബർ ബുളളറ്റ് …..
അക്ഷരാർത്ഥത്തിൽ ശത്രുരാജ്യക്കാരെ പോലെയാണ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചു കൊല്ലാക്കൊല ചെയ്തത് . മൃതപ്രായരായവരെ കയ്യിലും കാലിലും തൂക്കിയെടുത്ത് പോലീസ് വാഹനത്തിലേയ്ക്ക് എറിയുകയായിരുന്നു.
ചാനലുകളുടെ അതിപ്രസരമില്ലാത്ത അക്കാലത്ത് ഇന്ത്യാവിഷൻ ചാനലായിരുന്നു ഇത്തരം വാർത്തകളൊക്കെ വിശദമായി കാണിച്ചിരുന്നത്. തൃശൂർ വടക്കാഞ്ചേരിയിലെ ചിറ്റണ്ട യുവജന സംഘം വായനശാലയിലിരുന്ന് ടിവി കാണുകയായിരുന്ന ശ്രീ.മംഗളം വിജയൻ. ഞങ്ങളെ പോലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ടപ്പാഴുള്ള ആഘാതത്തിൽ അദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. ദീർഘകാലം മംഗളം വാരികയുടെ ഏജൻറായിരുന്നതിനാലാണ് അദ്ദേഹം പേരിനൊപ്പം മംഗളം എന്നു ചേർത്തറിയപ്പെട്ടിരുന്നത് . കോഴിക്കോട് ജില്ലാ ജയിലിൽ വെച്ചാണ് ഈ വാർത്ത ഞങ്ങളറിഞ്ഞത്. അങ്ങനെ എത്രയെത്ര ഓർമകൾ…

ചോര നിറമുള്ള ചായം തിരഞ്ഞ് അലയുന്ന ‘ധീരന്മാരും’ ജലപീരങ്കിയിലെ വെള്ളത്തിൻ്റെ ഗുണനിലവാരക്കുറവിനെപ്പറ്റി പ്രബന്ധ രചന നടത്തുന്ന സ്പോൺസർമാരും എത്ര ഒത്തുപിടിച്ചാലും ഒരു ചെറു മഴയിൽത്തന്നെ ചായങ്ങളും ചമയങ്ങളും മാഞ്ഞു പോകുമെന്ന് മറക്കരുത്.

എം സ്വരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button