KeralaLatest NewsNews

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാന്‍  പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേനെ: കെടി ജലീൽ

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകം മുഴുക്കെ വേദനയോടെ കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു.രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റ് വ്യക്തമായ ചുണ്ടുപലകയാണിത്. ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിൻ്റെ പേരിൽ കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആർ.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വൻലാഭം കൺകുളിർക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുകയെന്നും ജലീൽ പറയുന്നു.

Read also: ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യുദ്ധവിമാനം തകര്‍ന്നു വീണു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞു
കാവിയിൽ കത്തിച്ചാമ്പലായി
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
കറുപ്പും കാവിയും ഇടചേർന്ന പുറംചട്ടയുമായി 2006 ആഗസ്റ്റ് ഒന്നിനാണ് പെൻഗ്വിൻ ബുക്സ് “അയോദ്ധ്യ – ഡിസംബർ 6, 1992” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ്സ് നേതാവ് നരസിംഹ റാവുവാണ് ഗ്രന്ഥകർത്താവ്. മതനിരപേക്ഷതയുടെ കൂടി സൗധമായി ഗണിക്കപ്പെട്ടിരുന്ന ഒരു ചരിത്ര സ്മാരകം തകർക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്സിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി റാവു അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്; “ഭാവി എൻ്റെ നിലപാട് ശരിവെയ്ക്കുമോയെന്ന് കണ്ടറിയണം. ശരിവെച്ചാൽ സന്തോഷം”.

അന്നത്തെ കേന്ദ്ര സർക്കാരിൻ്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപറത്തി ബാബരി മസ്ജിദ് നിലംപരിശാക്കാൻ കഴിഞ്ഞു എന്ന ആത്മ വിശ്വാസമാണ് സംഘ്പരിവാരങ്ങളെ രാജ്യത്ത് ഇത്രപെട്ടന്ന് അധികാരത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാൻ കുറേക്കൂടി പതിറ്റാണ്ടുകൾ അവർക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നു. ആ
കാലദൈർഘ്യം ചുരുക്കിക്കൊടുക്കാൻ കോൺഗ്രസ്സിനും അവരെ പിന്താങ്ങിയ മുസ്ലിംലീഗ് ഉൾപ്പടെയുള്ളവർക്കും സാധിച്ചുവെന്നതിൻ്റെ പേരിലാകും റാവുവും റാവുവിനെ പിന്തുണച്ചവരും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുക.

സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേർകണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിൻ്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്.

ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതിൻ്റെ പേരിൽ കോൺഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആർ.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വൻലാഭം കൺകുളിർക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?
കോൺഗ്രസ്സിൻ്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാൻ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാൽ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാൾ വലിയ ദുരന്തമാകും. കാലത്തിൻ്റെ മലമടക്കുകളിൽ പാടിപ്പതിഞ്ഞ വരികളാണ് മനസ്സിൽ തെളിയുന്നത്;
“മുന്നിൽ നിന്ന് വെടിയുതിർത്താൽ പ്രതിരോധകവചം തീർക്കാം,
പിന്നിൽ ചതിക്കുഴി തീർത്താലോ,
അടിതെറ്റി നിപതിക്കലല്ലാതെ മറ്റെന്തുവഴി”.

shortlink

Related Articles

Post Your Comments

Related Articles


Back to top button