KeralaLatest NewsNews

‘എന്റെ കെഎസ്‌ആര്‍ടിസി’ ചൊവ്വാഴ്ച എത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്‌ആര്‍ടിസി പുറത്തിറക്കുന്ന ‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് ചൊവ്വാഴ്ച രാവിലെ 10.30 തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു . ഇതിനോടൊപ്പം കെഎസ്‌ആര്‍ടി സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ ‘കെഎസ്‌ആര്‍ടിസി ജനതാ സര്‍വീസ് ലോഗോ, ‘കെഎസ്‌ആര്‍ടിസി ലോജിസ്റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു .

ഇതുവരെ കെഎസ്‌ആര്‍ടിസിയ്ക്ക് സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വേഷനായി ഒരു മൊബൈല്‍ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച്‌ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യുന്നത് . ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നത് . ‘അഭി ബസ്’ മായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ റിസര്‍വ്വേഷന്‍ ആപ്പ് ‘എന്റെ കെ.എസ്.ആര്‍.ടി.സി’ എന്ന പേരില്‍ തയ്യാറാക്കിയിട്ടുണ്ട് . എല്ലാവിധ ആധുനിക പേയ്‌മെന്റ് സംവിധാനങ്ങളുമുള്ള ഈ ആപ്ലിക്കേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും വിധം ലളിതമായി ഉപയോഗിക്കാന്‍ സാധിക്കും .

Read Also: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഞങ്ങളെ നിയമിക്കരുത്: പിജി ഡോക്ടർമാർ

പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച്‌ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ കോവിഡ് മുഖാന്തിരം വളരെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാര്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ പുതിയ കാല്‍വയ്പ്പ് എന്ന നിലയില്‍ ‘അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി’ ബസ്സുകള്‍ വിജയകരമായി സര്‍വ്വീസ് നടത്തി വരികയാണ്. വളരെയധികം ജനപ്രീതി നേടിയ ഈ സര്‍വ്വീസിന് ഒരു പേര് നിര്‍ദ്ദേശിക്കാനുള്ള കെഎസ്‌ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിന് ആയിരത്തിലധികം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട ‘കെഎസ്‌ആര്‍ടിസി ജനത സര്‍വീസ്’ എന്ന പേര് ഈ സര്‍വീസിന് നല്‍കുകയാണ്. ആയതിനായി ഒരു ലോഗോയും തയ്യാറാക്കിയിട്ടുണ്ട്.

പല ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും യാത്രാക്കാരില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് വിലവര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് ടിക്കറ്റേതര വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കെഎസ്‌ആര്‍ടിസിയും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ചു വരികയാണ്. അത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി ‘കെഎസ്ആർടിസി ലോജിസ്റ്റിക് ‘ എന്ന പേരില്‍ പാഴ്‌സല്‍ സര്‍വിസ് ആരംഭിച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്‌സലുകള്‍ കൈകാര്യം ചെയ്യുന്ന ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച്‌ ചരക്ക് കടത്ത് മേഖലയിലേക്കും കെഎസ്‌ആര്‍ടിസി പ്രവേശിക്കുകയാണ്. കൊവിഡ് 19-ന്റെ ഭാഗമായി കേരള സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി സപ്ലയ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ”കെഎസ്ആർടിസി ലോജിസ്റ്റിക്’ ആരംഭിച്ചിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, വിവിധ സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍ എന്നിവരുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കം സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്ബാടും എത്തിക്കുന്ന സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഏറിയ പങ്കും നടത്തുന്ന വിധത്തിലേക്ക് ”കെഎസ്ആർടിസി ലോജിസ്റ്റിക്’ സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button