COVID 19KeralaLatest NewsNews

ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, അല്ലാതെ വിദഗ്ധ സമിതിയല്ല.. മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂ… ഐഎംഎയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂവെന്ന് ഐഎംഎയെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ നിരന്തരം വിമര്‍ശിക്കുന്ന ഐഎംഎക്ക് അതിശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയത്. കോവിഡ് പ്രതിരോധ ചര്‍ച്ചകളില്‍നിന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തുകയോ അഭിപ്രായം സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

Read Also : കൊവിഡ് ബാധിതരില്‍ അഞ്ചില്‍ നാല് പേരിലും നാഡീ ലക്ഷണങ്ങള്‍ : ആരോഗ്യവിദഗ്ദ്ധരെ കുഴക്കി പുതിയ പഠനം

ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, വിദഗ്ധ സമിതിയല്ല. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയെ പോലുള്ള പ്രഫഷനല്‍ സംഘടനകള്‍ വേറെയുണ്ട്. ഐഎംഎ ഡോക്ടര്‍മാരുടെ പ്രശ്‌നം ചൂണ്ടിക്കാണിക്കാനുള്ള അഖിലേന്ത്യ സംഘടനയാണ്. ഈ അഖിലേന്ത്യ സംഘടനയെ കേന്ദ്രം കോവിഡ് പ്രതിരോധത്തില്‍ എത്ര അടുപ്പിക്കുന്നുണ്ട്? സര്‍ക്കാരിന് ആരോടും തൊട്ടുകൂടായ്മയില്ല. ഐഎംഎയെ സര്‍ക്കാര്‍ യോഗങ്ങളില്‍ വിളിച്ചു നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. വിദഗ്ധസമിതിയും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐഎംഎയുമായി ചര്‍ച്ച ചെയ്തു. ഐഎംഎ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളും വിദഗ്ധസമിതി പരിശോധിച്ചു.

ശരിയായ വിമര്‍ശനമാണോ ഉന്നയിക്കുന്നതെന്നു അവര്‍ പരിശോധിക്കണം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം ശേഖരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സ്വയമേവ വിദഗ്ധരാണെന്നു വിചാരിക്കുന്നവരെ ബന്ധപ്പെട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിനാലാണെന്നു കരുതരുത്. ആരെങ്കിലും പറഞ്ഞാല്‍ അവരെ ബന്ധപ്പെടാം. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്നു പറഞ്ഞാല്‍ അതു മനസു പുഴുവരിച്ചവര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ. അത്രകണ്ട് ആക്ഷേപിക്കാന്‍ ഇതുവരെ വഴിയുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. വിദഗ്ധരാണെന്നു പറയുന്നവര്‍ നാടിനു തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വര്‍ത്തമാനം പറയരുത്. വീഴ്ചയുണ്ടായെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

ആദ്യഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. ജാഗ്രതയിലെ കുറവ് കോവിഡ് വ്യാപനത്തിനിടയാക്കി. വ്യാപനം കൂടിയെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button