COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കുന്നില്ലെന്ന് പരാതി. മരണപ്പെട്ടയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡ പ്രകാരം അതേപടി പോളിത്തീന്‍ കവറുകളിലാക്കി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്‌കരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. കൂടാതെ ദിവസങ്ങളോളം ഒരേ കിടപ്പില്‍ കിടന്ന രോഗികളെ വേണ്ടവിധത്തില്‍ ശുചിയാക്കാതെയാണ് ഇത്തരം പോളിത്തീന്‍ കവറുകളിലേക്ക് മാറ്റുന്നത്. മരണപ്പെട്ടയാള്‍ അപ്പോള്‍ ധരിച്ച വസ്ത്രം നീക്കി ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ മാത്രം കോട്ടണ്‍ വച്ച്‌ സിപ് ബാഗുകളിലേക്ക് മാറ്റിയ ശേഷം അതേപടി സംസ്‌കരിക്കാന്‍ വിട്ടു നല്‍കുന്നുവെന്നും ആരോപണമുണ്ട്. ഇക്കാര്യം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളികളും സമ്മതിക്കുന്നുണ്ട്.

Read Also : വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയ ദലിത് വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂര മർദ്ദനം ; സംഭവം കേരളത്തിൽ

സാധാരണ രീതിയില്‍ മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളികളാണ് മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ചെയ്യുന്നതും. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കുളിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ മൃതദേഹം തുടച്ചു വൃത്തിയാക്കിയ ശേഷമായിരുന്നു മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നത്. ഇവിടെ നിന്ന് ഹൈപ്പോക്ലോറൈറ്റ് എന്ന് രാസവസ്തു ഉപയോഗിച്ച്‌ ശരീരം വീണ്ടും വൃത്തിയാക്കിയ ശേഷം മൂന്ന് പോളിത്തീന്‍ കവറുകളിലായി പൊതിഞ്ഞ് സിപ് കവറുകളിലേക്ക് മാറ്റിയ ശേഷം സംസ്‌കാരത്തിനായി കൊണ്ടു പോകുന്നതായിരുന്നു രീതി. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം മൃതദേഹം അതേപടി വൃത്തിയാക്കാതെ മരണം നടന്ന വാര്‍ഡില്‍ നിന്ന് തന്നെ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സിപ് കവറിലേക്ക് മാറ്റി സംസ്‌കരണത്തിനായി അയക്കുന്നത് പതിവു രീതിയായിരിക്കുകയാണെന്ന് ശുചീകരണ തൊഴിലാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തു.

ഈ മൃതദേഹം മോര്‍ച്ചറികളില്‍ നിന്നും പ്രത്യേക ആംബുലന്‍സില്‍ മരിച്ചയാളുടെ പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നേരിട്ട് കൈമാറുന്നതാണ് പതിവ്. പ്രാദേശികമായ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൃതദേഹം സംസ്‌കരിക്കുന്നത്. കൊവിഡ് മാനദണ്ഡപ്രകാരം സിപ് കവര്‍ ചെയ്ത മൃതദേഹം തുറന്നു നോക്കാന്‍ പാടില്ലെന്നാണ് നിയമം. അതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരോട് മൃതദേഹം കൊണ്ടുവന്ന ഉടനെ സംസ്‌കരിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. ഇത് കൊണ്ട് വിട്ടുകിട്ടിയ മൃതദേഹത്തിന് മുകളില്‍ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ പല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സമ്മതിക്കാറില്ലെന്ന് സംസ്‌കരിക്കാനായി പോകുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

ഇസ്‌ലാം മതാചാര പ്രകാരം ‘കഫന്‍’ ചെയ്യാനോ കുളിപ്പിക്കാനോ കഴിയുന്നില്ലെങ്കില്‍ അവലംബിക്കേണ്ട കര്‍മമായ തയമ്മും ചെയ്യാനോ പല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സമ്മതിക്കാറില്ലെന്ന് ഇവര്‍ പറയുന്നു. പി.പി.ഇ കിറ്റിലാക്കി ആംബുലന്‍സില്‍ കൊണ്ടു വന്ന മൃതദേഹം അതേ പടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം സംസ്‌കരിക്കുക മാത്രമാണ് ചെയ്യാറുള്ളത്. ചില മൃതദേഹങ്ങള്‍ക്ക് മുകളില്‍ അപൂര്‍വമായി ഒരു വെള്ള തുണി കൊണ്ട് മാത്രം കവര്‍ ചെയ്യാറുള്ളതായി കാണാറുണ്ടെന്നും ഇവര്‍ പറയുന്നു. ഹിന്ദു മതാചാര പ്രകാരം മറ്റു അന്ത്യക്രിയകള്‍ ചെയ്യാനോ, ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള അന്ത്യശുശ്രൂഷകള്‍ ചെയ്യാനോ പല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അനുവദിക്കാറില്ലെന്നും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ചിലയിടങ്ങളില്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ബന്ധുക്കളെ പോലും സംസ്‌കാര ചടങ്ങിനായി അനുവദിക്കാറില്ല.

പലയിടങ്ങളിലും അതത് മതാചാര പ്രകാരം സംസ്‌കരിക്കാനുതകുന്ന സന്നദ്ധ വിഭാഗങ്ങളുണ്ടായിട്ടും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോകോളിനെ മറയാക്കി മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്നതായി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലരും ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button