KeralaLatest NewsNews

‘ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ല’; ഇടതുമുന്നണിയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശനത്തിനെതിരെ ഉമ്മൻചാണ്ടി

കോട്ടയം : സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദുഃഖിച്ച ചരിത്രം മാത്രമേയുള്ളൂയെന്ന് ഉമ്മൻചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ എം മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിൽക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Read Also : എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക്; പിണറായി വിജയന്‍ നോട്ടെണ്ണല്‍ യന്ത്രവും സ്വീകരിച്ചോ?: പരിഹസിച്ച് കെ. സുരേന്ദ്രന്‍

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button