KeralaLatest NewsNews

ജി.എസ്.ടി.യില്‍ കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്ന് പറഞ്ഞ ചെന്നിത്തല-മുല്ലപ്പള്ളിമാര്‍ പത്രപാരായണമൊക്കെ നിര്‍ത്തിയോ ; എംബി രാജേഷ്

തിരുവനന്തപുരം : ജി.എസ്.ടി.നഷ്ടപരിഹാരത്തിനു പകരമായി സംസ്ഥാനങ്ങള്‍ സ്വയം വായ്പയെടുക്കേണ്ടി വരുമെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളുടെ ദൃഢമായ നിലപാട് ഫലം കണ്ടെന്ന് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഈ വിഷയത്തില്‍ പ്രമുഖ മാധ്യമം നല്‍കിയ രണ്ട് വാര്‍ത്തകളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യത്തെ വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയതായിരുന്നു. ഇതില്‍ ജി.എസ്.ടി.നഷ്ടപരിഹാരത്തിനു പകരമായി കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് സ്വയം വായ്പയെടുക്കാന്‍ കേരളവും നിര്‍ബന്ധിതമാകും എന്നാണ് നല്‍കിയിരിക്കുന്നത്. അതേ മാധ്യമത്തിന്റെ ഇന്നത്തെ വാര്‍ത്തയില്‍ ജി.എസ്.ടി. കേന്ദ്രം 1:10 ലക്ഷം കോടി വായ്പയെടുക്കും എന്നും നല്‍കിയിരിക്കുന്നതായും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

കേരളത്തിന്റെ നേതൃത്വത്തില്‍ ഏതാനും സംസ്ഥാനങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാട് കേന്ദ്രത്തിന് ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു.കേന്ദ്രം തന്നെ നേരിട്ട് വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരം കൊടുക്കും. കേരളത്തിനൊപ്പം നിന്ന സംസ്ഥാനങ്ങളില്‍ ചിലതിനെ കേന്ദ്രം അടര്‍ത്തിയെടുത്തു.കേന്ദ്രത്തിന്റെ അന്യായ നിലപാട് അനുസരിപ്പിക്കാന്‍ എല്ലാ കുതന്ത്രവും പ്രയോഗിച്ചു.കേരളം സുപ്രീം കോടതിയില്‍ പോകാന്‍ തീരുമാനിച്ചു.മുഖ്യമന്ത്രി നേരിട്ട് ഉന്നതതല യോഗം വിളിച്ചു. കേന്ദ്രം തീരുമാനം മാറ്റി.ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കേണ്ടത് കേന്ദ്രത്തിന്റെ നിയമപരമായ ബാദ്ധ്യതയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്രം കൊടുക്കേണ്ട പണം സംസ്ഥാനങ്ങളോട് കൊള്ളപ്പലിശക്ക് സ്വയം കടമെടുത്തു കൊള്ളാന്‍ പറയുന്നതെന്തൊരു അന്യായമാണ്? ആ അന്യായവും ചിലര്‍ അംഗീകരിച്ചു കൊടുത്തു. കേന്ദ്രത്തിന്റെ മുന്നില്‍ നട്ടെല്ലുവളച്ചു കീഴടങ്ങി. കേരളം അതിനു കൂട്ടാക്കിയില്ല. കേരളം മര്യാദക്ക് അനുസരിക്കാത്തതു കൊണ്ട് ‘കക്ഷത്തിലുള്ളത് പോവുകയും ഉത്തരത്തിലുള്ളത് കിട്ടാതിരിക്കുകയും ചെയ്തു’ എന്നെഴുതാന്‍ കാത്തിരുന്നവരുണ്ട്. കേരളം സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായതെന്തോ ചെയ്തു എന്നല്ല അവകാശപ്പെടുന്നത്. കേന്ദ്രത്തിന്റെ നഗ്നമായ അന്യായത്തിനെതിരെ പൊരുതി ജയിച്ചു എന്നു മാത്രമാണ്. ന്യായം നടക്കണമെങ്കില്‍ പോലും ഇതാണവസ്ഥ. ഈ ദൃഡമായ നിലപാടിനെയാണ് ചിലര്‍ ‘ധാര്‍ഷ്ട്യമെന്നു ‘ ആക്ഷേപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ബദലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

എത്ര പെട്ടെന്നാണ് മാറി മറഞ്ഞത്! കാരണമെന്താണെന്നോ? ന്യായവും ദൃഢവുമായ നിലപാട്. അതിനെ ചിലര്‍ ‘ധാര്‍ഷ്ട്യ’മെന്ന് കുറ്റപ്പെടുത്തും. മനോരമയുടെ ഇന്നലത്തെ വാര്‍ത്തയിലെ ആദ്യ വാചകം നോക്കൂ. ‘ജി.എസ്.ടി.നഷ്ടപരിഹാരത്തിനു പകരമായി കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് സ്വയം വായ്പയെടുക്കാന്‍ കേരളവും നിര്‍ബന്ധിതമാകും.’
എന്നിട്ട് കേരളം നിര്‍ബന്ധിതമായോ? ഇന്നത്തെ വാര്‍ത്ത നോക്കൂ.
‘ജി.എസ്.ടി. കേന്ദ്രം 1:10 ലക്ഷം കോടി വായ്പയെടുക്കും’.
അതായത് കേരളത്തിന്റെ നേതൃത്വത്തില്‍ ഏതാനും സംസ്ഥാനങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാട് കേന്ദ്രത്തിന് ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു.കേന്ദ്രം തന്നെ നേരിട്ട് വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരം കൊടുക്കും. കേരളത്തിനൊപ്പം നിന്ന സംസ്ഥാനങ്ങളില്‍ ചിലതിനെ കേന്ദ്രം അടര്‍ത്തിയെടുത്തു.കേന്ദ്രത്തിന്റെ അന്യായ നിലപാട് അനുസരിപ്പിക്കാന്‍ എല്ലാ കുതന്ത്രവും പ്രയോഗിച്ചു.കേരളം സുപ്രീം കോടതിയില്‍ പോകാന്‍ തീരുമാനിച്ചു.മുഖ്യമന്ത്രി നേരിട്ട് ഉന്നതതല യോഗം വിളിച്ചു. കേന്ദ്രം തീരുമാനം മാറ്റി.ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കേണ്ടത് കേന്ദ്രത്തിന്റെ നിയമപരമായ ബാദ്ധ്യതയാണ്. സ്വന്തം ഉത്തരവാദിത്തമാണ് സംസ്ഥാനങ്ങളുടെ തലയിലിട്ടത്. കേന്ദ്രം കൊടുക്കേണ്ട പണം സംസ്ഥാനങ്ങളോട് കൊള്ളപ്പലിശക്ക് സ്വയം കടമെടുത്തു കൊള്ളാന്‍ പറയുന്നതെന്തൊരു അന്യായമാണ്? ആ അന്യായവും ചിലര്‍ അംഗീകരിച്ചു കൊടുത്തു. കേന്ദ്രത്തിന്റെ മുന്നില്‍ നട്ടെല്ലുവളച്ചു കീഴടങ്ങി. കേരളം അതിനു കൂട്ടാക്കിയില്ല. കേരളം മര്യാദക്ക് അനുസരിക്കാത്തതു കൊണ്ട് ‘കക്ഷത്തിലുള്ളത് പോവുകയും ഉത്തരത്തിലുള്ളത് കിട്ടാതിരിക്കുകയും ചെയ്തു’ എന്നെഴുതാന്‍ കാത്തിരുന്നവരുണ്ട്. കേരളം സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായതെന്തോ ചെയ്തു എന്നല്ല അവകാശപ്പെടുന്നത്. കേന്ദ്രത്തിന്റെ നഗ്നമായ അന്യായത്തിനെതിരെ പൊരുതി ജയിച്ചു എന്നു മാത്രമാണ്. ന്യായം നടക്കണമെങ്കില്‍ പോലും ഇതാണവസ്ഥ.
ഈ ദൃഡമായ നിലപാടിനെയാണ് ചിലര്‍ ‘ധാര്‍ഷ്ട്യമെന്നു ‘ ആക്ഷേപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ബദലാണ്. കേന്ദ്രം പൗരത്വ നിയമം കൊണ്ടു വന്നപ്പോഴും ദ്രോഹകരമായ കര്‍ഷകനിയമ ഭേദഗതികള്‍ വളഞ്ഞ വഴിയിലൂടെ പാസ്സാക്കിയപ്പോഴും രാഷ്ട്രീയമായും നിയമപരവുമായി അതിനെ ചെറുക്കാന്‍ ഇന്ത്യയില്‍ ആദ്യം മുന്നോട്ടു വന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേതായിരുന്നു എന്നോര്‍മ്മിക്കുക. ഇടതുപക്ഷത്തിന്റെ ബദല്‍ രാഷ്ട്രീയമാണ് ഈ ഉറച്ച നിലപാടുകളുടെയെല്ലാം അടിത്തറ.
ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടായിട്ടും ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് കേന്ദ്രം നിലപാട് തിരുത്തിയതിന്റെ പാഠം ഇതാണ്-എണ്ണത്തില്‍ മാത്രമല്ല കാര്യം. നിലപാടാണ് പ്രധാനം. എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും വഴുവഴുപ്പന്‍ നിലപാടാണെങ്കില്‍ കാര്യമൊന്നുമില്ല. ശരിയായ നിലപാടുണ്ടാവുക ജനപക്ഷ രാഷ്ട്രീയത്തില്‍ നിന്നാണ്.
വാല്‍ക്കഷ്ണം: ജി.എസ്.ടി.യില്‍ കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്ന് പറഞ്ഞ ചെന്നിത്തല-മുല്ലപ്പള്ളിമാര്‍ പത്രപാരായണമൊക്കെ നിര്‍ത്തിയോ?
– എം.ബി.രാജേഷ്

https://www.facebook.com/mbrajeshofficial/posts/3623842441010073

 

shortlink

Related Articles

Post Your Comments

Related Articles


Back to top button