Latest NewsNewsIndia

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല ; മെഹബൂബ മുഫ്തിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

ശ്രീനഗര്‍ : ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ ആവശ്യം തള്ളി കേന്ദ്രനിയമ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ, ദേശീയ പതാക പിടിക്കുന്നതിനോ താത്പര്യമില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. അതിനായി രക്തം ചിന്തേണ്ടിവന്നാല്‍, ആദ്യത്തെയാള്‍ മെഹ്ബൂബ മുഫ്തി ആയിരിക്കും ആദ്യം തയാറാകുകയെന്നും അവര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലധികം നീണ്ട തടവിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മെഹ്ബൂബയെ മോചിപ്പിച്ചത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ്. പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രശ്നങ്ങള്‍ക്കു പോലും ബി.ജെ.പിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്ക്കെതിരെ കടുത്ത നിശബ്ദത കാത്തുസൂക്ഷിക്കുകയാണെന്നും അത് കാപട്യവും ഇരട്ടത്താപ്പുമാണെന്നും പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button