KeralaCinemaLatest NewsIndia

‘ജയന് എന്തോ അപകടം പറ്റി എന്ന് കേട്ടു കൂടുതൽ ഡീറ്റെയിൽസ് അറിയാമോ എന്നാണ് എല്ലാവരുടെയും ചോദ്യം. എന്തോ സംഭവിച്ചിട്ടുണ്ട് കൂടുതൽ ഒന്നും അറിയില്ല’ ജയന്റെ മരണത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്

മലയാള സിനിമയിലെ സുൽത്താൻ നസീർ സാറിന്റെ 63 ആം വയസ്സിലെ മരണം, സുകുമാരൻ സാറിന്റെ 49 ആം വയസ്സിലെ വിടവാങ്ങൽ, 43 ആം വയസ്സിലെ വിൻസെന്റിന്റെ മരണം, റാണിചന്ദ്രയുടെ 27 ആം വയസ്സിലെ അപകടമരണം,18 വയസിൽ ശോഭയുടെയും 21 വയസിൽ വിജയശ്രീയുടെയും 35 വയസിൽ സിൽക്ക് സ്മിതയുടെയും അപമൃത്യു..

ജയന്റെ മരണ വാർഷികത്തിൽ സിദ്ധു പനക്കൽ എന്ന പ്രൊഡക്ഷൻ കൺട്രോളറിന്റെ ഓർമ്മകുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കുറിപ്പ് കാണാം: നവംബറിന്റെ നഷ്ടത്തിന് 40 വയസ്സ് കഴിഞ്ഞ വർഷം എഴുതിയ ഓർമ്മക്കുറിപ്പ് പകർത്തുകയാണ് ഇവിടെ….

നേരം വെളുത്തപ്പോൾ മുതൽ മഴയാണ്. ചിലപ്പോൾ ശക്തിപ്രാപിക്കും ചിലപ്പോൾ ചാറ്റൽ മഴയാകും. ആകാശം മൂടിക്കെട്ടി നിൽക്കുന്നു. ഞാൻ വാതിൽക്കലേക്കു വന്നു. സുകുമാരി ചേച്ചിയുടെ വീട്ടിലേക്കു നോക്കി. ചേച്ചി അവിടെ ഇല്ലെന്നു തോനുന്നു. അടുക്കളയിൽ മണ്ണണ്ണ സ്റ്റവ് കത്തുന്ന ശബ്ദം കേൾക്കുന്നുണ്ട്. “ലഞ്ച് ” തയ്യാറാവുകയാണ്. കഞ്ഞിയും ചെറുപയറും ചേർന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം. കുടയില്ലാത്തതുകൊണ്ടു പുറത്തേക്കിറങ്ങി എന്തെങ്കിലും വാങ്ങാനും പറ്റുന്നില്ല.

വെറുതെ പുറത്തേക്കും നോക്കി ഇരുന്നു. അടുക്കളയിൽ ചെന്ന് സ്റ്റവ് ഓഫ്‌ ചെയ്തു. ഫോൺ ഒന്നും വരുന്നില്ല. ആരെയും ഇങ്ങോട്ടു കാണാനുമില്ല. ചില ദിവസങ്ങളിൽ മലയാള ചലച്ചിത്ര പരിഷത്ത് ഓഫീസ് ഇങ്ങനെയാണ്. ഒച്ചയും അനക്കവും ഒന്നും ഉണ്ടാവില്ല. നേരെ ഓപ്പോസിറ്റ് സൈഡിൽ ചുമരിൽ തൂങ്ങിക്കിടക്കുന്ന കലണ്ടറിൽ വെറുതെ കണ്ണോടിച്ചു. നവംബർ 16ഞായർ.വെറുതെയല്ല ഒഴിവു ദിവസത്തിന്റെ മൂഡിൽ ആവും എല്ലാവരും. പോരെങ്കിൽ മഴയും.

പരിഷത്തിലെ ഓഫീസ് ബോയ് ആയ ഞാനും ഒരു അലസതയുടെ മൂഡിലേക്കു മാറി. ഇടക്ക് ഡാൻസ് റിഹേഴ്സൽ ഉണ്ടാവാറുണ്ട് ഇന്ന് അതും ഇല്ല. ഉണ്ടെങ്കിൽ ഇന്നത്തെ ചിലവ് നടന്ന് പോയേനെ.ടിപ്പും കിട്ടും. പിന്നെ ഡാൻസേർസിന്റെ തുള്ളലും ചാടലും കണ്ടിരിക്കാനും രസമാണ്. ഞായർ ആയതുകൊണ്ട് പരിഷത്തിന്റെ ബാങ്ക് ഇടപാടുകൾക്കും പോകേണ്ട. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല അതുകൊണ്ട് കൂടിയും കുറഞ്ഞും പെയ്യുന്ന മഴയെ നോക്കി വെറുതെ ഇരുന്നു.

സിനിമാക്കാരുടെ വിവരങ്ങൾ അറിയാനും മറ്റുമായി ബാലകൃഷ്ണേട്ടൻ (ബാലകൃഷ്ണൻ മാങ്ങാട് ) ഇടക്ക് വിളിക്കാറുണ്ട്. ഇന്ന് അതും ഇല്ല. അന്നദ്ദേഹം മനോരമയുടെ പ്രതിനിധിയായി മദ്രാസിൽ ഉണ്ട്. പിന്നീടദ്ദേഹം സ്ഥിരതാമസം മദ്രാസിൽ ആക്കി എന്ന് തോനുന്നു. മണി രണ്ട് കഴിഞ്ഞു കാണും, അച്ചാറും കൂട്ടി ലഞ്ച് തട്ടിയ ശേഷം വീണ്ടും കസേരയിൽ വന്നിരുന്നു.ഇപ്പോൾ മഴക്ക് കുറച്ചു ശമനമുണ്ട് . എപ്പോഴാണ് ഉറങ്ങിപോയതെന്നറിയില്ല. ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത്.

സമയം എത്രയായി. ഞാൻ ഫോണെടുത്തു. ഹലോ മലയാള ചലച്ചിത്ര പരിഷത്ത് ഞാൻ സംസാരം തുടങ്ങി. മറുവശത്തുനിന്നു വന്ന വാർത്ത കേട്ടു ഞാൻ ഞെട്ടിപ്പോയി. ബോഡി എവിടെയാണ് പൊതുദർശനത്തിനു വെക്കുന്നത്. ചീഫ് മിനിസ്റ്ററുടെ പേരിൽ ഒരു റീത്തു വെക്കണം. തമിഴ് നാട് മുഖ്യമന്ത്രി MGR അവർകളുടെ ഓഫീസിൽ നിന്നാണ് ഫോൺ. ആക്ടർ ജയൻ മരിച്ചല്ലോ ബോഡി എവിടെയാണ് പൊതുദർശനത്തിനു വെക്കുന്നത്. നമ്പർ വാങ്ങി തിരുപ്പി കൂപ്പിടറെൻ സാർ എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

എന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. ജയൻ സാർ മരിച്ചോ..? കേട്ടത് നേരാണോ.. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണോ. അന്ന് മലയാളത്തിലെ പ്രമുഖരായ എല്ലാ വിഭാഗത്തിലും പെട്ടവരുടെ സംഘടനയാണ് പരിഷത്ത്. ഞാൻ ഉടനെ അന്തിക്കാട് മണിസാറിനെ വിളിച്ചു മണി സാറാണ് പരിഷത്ത് സെക്രട്ടറി. ഫോൺ കിട്ടുന്നില്ല. (ഈ മാണിസാറാണ് ജയൻ സാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങൾക്ക്‌ ജയൻ സാറിന് ശബ്ദം കൊടുത്തത്.

സഞ്ചാരി, തടവറ, അഗ്നിശരം എന്നീ സിനിമകൾ. പലരും ഇന്നും ധരിച്ചു വെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം റിലീസായ എല്ലാ സിനിമകൾക്കും ആലപ്പി അഷ്‌റഫ്‌ ചേട്ടനാണ് ശബ്ദം കൊടുത്തിരിക്കുന്നത് എന്നാണ്. ) M O ജോസഫ് സാറിനെ വിളിച്ചു എടുക്കുന്നില്ല. മഴമൂലം എവിടെയൊക്കെയോ ഫോൺ തകരാറിൽ ആണെന്ന് എനിക്ക് മനസിലായി.അപ്പോഴേക്കും കേരളത്തിലെ പത്രസ്ഥാപനങ്ങളിൽ നിന്ന് വിളി വന്ന് തുടങ്ങിയിരുന്നു.

ജയന് എന്തോ അപകടം പറ്റി എന്ന് കേട്ടു കൂടുതൽ ഡീറ്റെയിൽസ് അറിയാമോ എന്നാണ് എല്ലാവരുടെയും ചോദ്യം. എന്തോ സംഭവിച്ചിട്ടുണ്ട് കൂടുതൽ ഒന്നും അറിയില്ല എന്ന് ഞാൻ. വരുന്ന കോളുകൾക്ക് മുഴുവൻ മറുപടി പറയാൻ നിന്നില്ല. പരിഷത്ത് ഭാരവാഹികളെ ഉടൻ വിവരം അറിയിക്കണം. നസീർ സാർ ആണ് പ്രസിഡന്റ്. അദ്ദേഹം സ്ഥലത്തില്ല. പീരുമേട് “അറിയപ്പെടാത്ത രഹസ്യം” എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ ആണ്. മണിസാറിനെയും ജോസഫ് സാറിനെയും വിവരം അറിയിക്കണം.

കേട്ടത് നേരാണെങ്കിൽ തുടർനടപടികൾക്ക് നേതൃത്വം കൊടുക്കേണ്ടതും പരിഷത്ത് ഭാരവാഹികൾ ആണല്ലോ.ഞാൻ പരിഷത്തിന്റെ സൈക്കിൾ എടുത്തു മഴ നനഞ്ഞു മൈലാപ്പൂർ വഴി സാന്തോമിലേക്കു ചവിട്ടി. രണ്ടുപേരുടെയും വീട് അവിടെയാണ്. മണിസാർ വീട്ടിലുണ്ട്. അദ്ദേഹം വിവരം അറിഞ്ഞിട്ടില്ല. ആ ഏരിയ മുഴുവൻ ഫോൺ ഔട്ട്‌ ഓഫ് ഓർഡർ ആണ്. ജോസഫ് സാറിനെയും വിവരം അറിയിച്ചു പരിഷത്തിൽ ചെന്ന് റെഡിയായി നിൽക്കാൻ മണിസാർ പറഞ്ഞു. പരിഷത്തിൽ തിരിച്ചെത്തുമ്പോൾ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു.

കുറച്ചു കോളുകൾക്ക് മറുപടി പറഞ്ഞു ഞാൻ റെഡിയായി. കോളിളക്കത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ കല്ലിയൂർ ശശിയേട്ടനോട് ഞാൻ പിന്നീട് ചോദിച്ചു മനസിലാക്കിയ കാര്യങ്ങൾ ആണ് ഇനി. അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ പീരുമേട് ലൊക്കേഷനിൽ നിന്ന് കോളിളക്കം പടത്തിന്റെ ക്ലൈമാക്സ്‌ തീർക്കാൻ മദ്രാസ് ഷോലാവരത്തു എത്തിയതായിരുന്നു ജയൻ സാർ.മധു സാർ സുകുമാരൻ സാർ, സോമൻ സാർ, ബാലൻ k സാർ കെ ആർ വിജയ, തുടങ്ങി വലിയ കോമ്പിനേഷൻ.

ഷൂട്ടിങ് തുടങ്ങി. പിന്നീട് നടന്നത് എല്ലാവരും പല തവണ കേട്ട അപകടം. ഉച്ചക്ക് 2.35 ന് അപകടം നടന്ന ഉടനെ നടുക്കത്തിൽ നിന്നുണർന്നു ആദ്യം ഓടിയെത്തി ജയൻ സാറിനെ താങ്ങിയത് ശശിയേട്ടൻ. സഹായത്തിനു പിന്നെ എത്തിയത് ആ പടത്തിന്റെ സംവിധായകൻ P N സുന്ദരം സാറിന്റെ ക്യാമറ അസിസ്റ്റന്റ് വെങ്കിടാചലം. പലരും അപ്പോഴും സംഭവിച്ച ഷോക്കിൽ നിന്ന് മുക്തരായിരുന്നില്ല. കാർ വന്നു.

ജയൻ സാറിനെ കയറ്റി. മറ്റൊരു കാറിൽ ബാലൻ k സാറിനെയും. ഹോസ്പിറ്റലിൽ എത്തി അടിയന്തിര ഓപ്പറേഷൻ നടത്തിയെങ്കിലും ആ ജീവൻ പിടിച്ചു നിർത്താൻ വൈദ്യശാസ്ത്രത്തിനായില്ല. മരണ വിവരം 6 മണിയോടെ ഔദ്യോഗികമായി പുറത്ത് വന്നു. അതിനു മുമ്പുതന്ന വേണ്ടപ്പെട്ട സിനിമാക്കാർ അറിഞ്ഞു കഴിഞ്ഞിരുന്നു.കല്ലിയൂർ ശശിയേട്ടനെ ഞാൻ ആദ്യം നേരിൽ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ജയൻ സാറിന്റെ മുഖമായിരുന്നു.

ആ അതുല്യ നടനെ ജീവന്റെ അവസാന തുടിപ്പുകളോടെ താങ്ങിയെടുക്കാനും പരിചരിക്കാനും ആ ജീവൻ നിലനിർത്താൻ ആശുപത്രിയിലേക്കുള്ള പാച്ചിലിൽ ഭാഗഭാക്കാകാനും കഴിഞ്ഞ ശശിയേട്ടനെ ഇപ്പോൾ കണ്ടാലും ജയൻ സാറിന്റെ മുഖമാണ് എനിക്കാദ്യം ഓർമവരിക. മണിസാറും ജോസഫ് സാറും എത്തി എന്നെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക്. ജനറൽ ഹോസ്പിറ്റലിൽ ഞങ്ങൾ ചെല്ലുമ്പോൾ സിനിമാ പ്രവർത്തകരുടെ തിരക്ക് തുടങ്ങികഴിഞ്ഞിരുന്നു. സ്ട്രിക്ട് ആയിരുന്നു അകത്തേക്കുള്ള പ്രവേശനം. സംഘടനാ നേതാക്കൾക്ക് പെട്ടെന്ന് അകത്തു കയറാൻ കഴിഞ്ഞു.

ജയൻ സാറിനെ കിടത്തിയിരുന്ന സ്ഥലത്തു കറന്റ് ഉണ്ടായിരുന്നില്ല. അപ്പോൾ പോയതേയുള്ളു. മണി സാർ തീപ്പട്ടി ഉരച്ചു ആ വെളിച്ചത്തിൽ ആണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടത്. ഉറങ്ങുകയാണ്. ശാന്തനായി. നാലുമണിക്കൂർ മുൻപ് ഹെലികോപ്റ്ററിൽ തൂങ്ങിയാടുമ്പോഴുള്ള സാഹസീകതയൊന്നും ആ മുഖത്തില്ല. കായികമായ ആ വലിയ അധ്വാനത്തിന് ശേഷം.. അഭിനയത്തിന് ശേഷം ചെറിയൊരു വിശ്രമം. അങ്ങിനെ കരുതാനാണ്‌ എനിക്ക് തോന്നിയത്.

തിരിഞ്ഞു നടക്കുമ്പോൾ ശരപഞ്ജരത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് പോലെ ഡേയ് പയ്യൻ എന്നൊരു വിളി ഞാൻ പ്രതീക്ഷിച്ചു, ആഗ്രഹിച്ചു. അങ്ങിനെയൊന്ന്‌ നടക്കില്ലെന്നറിയാമെങ്കിലും. ഞാൻ പരിഷത്തിൽ ജോയിൻ ചെയ്ത സമയത്ത് 2 തവണ അദ്ദേഹം അവിടെ വന്നിട്ടുണ്ട് . പരിഷത്തിന്റെ നേരെ ഓപ്പോസിറ്റ് സുകുമാരിച്ചേച്ചിയുടെ വീടാണ് അവിടെ വന്നപ്പോൾ കയറിയതാണ്.പരിഷത്തിന്റെ മെമ്പർഷിപ് ഫീ പിരിക്കാൻ പോയപ്പോൾ ഒരു തവണ പാംഗ്രോവ് ഹോട്ടലിൽ വെച്ചും കണ്ടു.

വലിയ താരമെന്ന ഭാവമില്ലാത്ത പെരുമാറ്റം. പോകുമ്പോൾ മനം മയക്കുന്ന ചിരിയോടെ തോളിൽ തോളിൽ തട്ടിയുള്ള യാത്രപറച്ചിൽ.. ഒന്നും മറക്കാവുന്നതല്ല.ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു കിട്ടുകയാണെങ്കിൽ പരിഷത്തിൽ പൊതുദർശനം ഉണ്ടാകുമെന്നും, പരിഷത്തിന്റെ എല്ലാ മെമ്പർമാരെയും വിവരം അറിയിക്കണമെന്നും പറഞ്ഞ് മണിസാർ എന്നെ തിരിച്ചു വീട്ടു.ഞാൻ തിരികെ പരിഷത്തിൽ എത്തുമ്പോൾ ഫോൺ ബെൽ തുടർന്നു കൊണ്ടിരുന്നു. ഞാൻ മെമ്പർമാരുടെ പേരും ഫോൺ നമ്പറും എഴുതിയ ബുക്കെടുത്തു വിളി തുടങ്ങി.

വരുന്ന കോളിന് മറുപടി പറഞ്ഞും മെമ്പർമാരെ വിളിച്ചും നേരം വെളുത്തു.നാളെയേ പോസ്റ്റ്മോർട്ടം ചെയ്തു കിട്ടു എന്നും അതുകൊണ്ട് പരിഷത്തിൽ പൊതുദർശനം ഉണ്ടാവില്ലെന്നും മണിസാർ നേരത്തെ അറിയിച്ചിരുന്നു .ബാലകൃഷ്‌ണേട്ടനും (ബാലകൃഷ്ണൻ മാങ്ങാട് ) വിളിച്ചു എന്താണ് പ്രോഗ്രാം എന്ന് ചോദിച്ചു. ഹോസ്പിറ്റലിൽ നിന്ന് നേരെ എയർപോർട്ടിലേക്കാണ്‌ എന്ന് പറഞ്ഞു ഞാൻ. ഞാൻ കാറുമായി രാവിലെ എത്താം ഹോസ്പിറ്റലിൽ പോയി നമുക്ക് എയർപോർട്ടിൽ പോകാം എന്ന് ബാലകൃഷ്‌ണേട്ടൻ പറഞ്ഞു.

രാവിലെ ഹോസ്പിറ്റലിൽ നിന്നുള്ള വിലാപയാത്രയെ ഞങ്ങളും അനുഗമിച്ചു. വാഹനവ്യൂഹം മുന്നോട്ടു നീങ്ങി. എന്റെ ചിന്തകൾ പിറകോട്ടും. ശരപഞ്ജരത്തിലെ കുതിരയെ എണ്ണയിട്ട് മസാജ് ചെയ്ത് ചിത്രത്തിലെ നായിക ഷീലയുടെ മനസ്സിൽ മാത്രമല്ല ജയൻ കയറിപ്പറ്റിയത്. ആ കാലത്തെ യുവതികളുടെ, യുവാക്കളുടെ, ജനതയുടെ മനസിലൊന്നാകെ ആ കരുത്തുറ്റ ശരീരത്തിനുടമ കയറിപ്പറ്റുകയായിരുന്നു. ഒരു പക്ഷെ മലയാളസിനിമയിൽ അന്നുവരെ കാണാത്ത ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സിക്സ് പാക് പുരുഷ സൗന്ദര്യം കാണികൾക്കൊരു പുതിയ അനുഭവമായിരുന്നു, അനുഭൂതിയായിരുന്നു,

ഹരിഹരൻ സാറിന്റെ മനസ്സിലെ കഥാപാത്രം അതിന്റെ പൂർണരൂപത്തിൽ തിരശീലയിൽ ആടിത്തിമിർത്തു ജയൻസാർ. കൊല്ലം തേവള്ളിയിൽ കൊട്ടാരം വീട്ടിൽ ജനിച്ച കൃഷ്ണൻ നായർ സൈനീകസേവനത്തിനു ശേഷം “പോസ്റ്റ്‌മാനെ കാണാനില്ല ” എന്ന സിനിമയിൽ ആണ് ആദ്യം മുഖം കാണിച്ചത്.അങ്ങിനെ കാണാതാവാനുള്ള ആളല്ല കൃഷ്ണൻ നായർ എന്ന് ദൈവം മുൻപേ തീരുമാനിച്ചിരുന്നു. “ശാപമോക്ഷം”നേടി ജോസ്പ്രകാശ് സാറിനാൽ ജയൻ എന്ന് നാമകരണം ചെയ്യപെട്ട് സിനിമാലോകത്ത്‌ അജയ്യൻ ആവാനായിരുന്നു ആ അവതാരത്തിന്റെ നിയോഗം.

ധർമഷേത്രേ കുരുഷേത്രേ, പിക്‌പോക്കറ്റ്, സൂര്യവംശം, അഗ്നിപുഷ്പം, മുതൽ പഞ്ചമി വരെ. പഞ്ചമി ഗുരുതരമായ വഴിത്തിരിവായിരുന്നു. ശരപഞ്ജരമായപ്പോൾ അദ്ദേഹം എല്ലാ സീമകളും ലംഘിച്ചു് ജനമനസുകളിൽ ചേക്കേറി. എന്തുകൊണ്ടോ ഹരിഹരൻ സാറിന്റെ സിനിമകളിൽ പിന്നീടദ്ദേഹത്തെ അധികം കണ്ടിട്ടില്ല. സംവിധായക മാന്ത്രീകൻ I V ശശിസാറിന്റെ സിനിമകളിലാണ് വിശ്വരൂപമെടുത്ത്‌ പിന്നീടദ്ദേഹം നിറഞ്ഞാടിയത്.ഒപ്പം മറ്റു സംവിധായകരുടെയും നിർമാതാക്കളുടെയും സിനിമകളും.

അങ്ങാടിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ലോഡിങ് തൊഴിലാളിയെ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. സ്നേഹപൂർണ്ണമായ പെരുമാറ്റം അദ്ദേഹം നസീർ സാറിൽനിന്ന് പഠിച്ചതാവണം. നസിർസാർ – ജയൻസാർ കോംബോ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു ആ കാലത്ത്. സമകാലികരായ സുകുമാരൻ സാർ, സോമൻ സാർ എന്നിവരോടൊപ്പവും നിരവധി ഹിറ്റുകൾക്ക് ജന്മം കൊടുത്തു അദ്ദേഹം. ജയൻ സാർ മരിച്ചുകഴിഞ്ഞ് ആദ്യം റിലീസ് ആയത് മൂർഖൻ എന്ന സിനിമയായിരുന്നു.

16ന് അപകടമരണം നടന്നു 21 ന് മൂർഖൻ റിലീസ് ആയി. പിന്നീട് ഒരാഴ്ചകൂടി കഴിഞ്ഞു ജയൻസറിന്റെ അന്ത്യ യാത്ര മൂർഖനോട് ചേർത്തു പ്രദർശിപ്പിച്ചു. ജോഷിസാർ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ വരവറിയിച്ച സിനിമകൂടിയായിരുന്നു മൂർഖൻ. ഞാൻ ആ സിനിമകണ്ടത് മൗണ്ട് റോഡിലെ ദേവികോംപ്ലക്സിൽ നിന്നായിരുന്നു എന്നാണ് ഓർമ. ഞങ്ങൾ പങ്കെടുക്കുന്ന വിലാപയാത്ര മദ്രാസ് എയർപോർട്ടിലേക്ക് കയറി.താരരാജാവായി വളർന്ന… ജീവിച്ച കോടമ്പാക്കത്തുനിന്ന്..

മദ്രാസ് നഗരത്തിൽ നിന്ന് അവസാന യാത്ര തുടങ്ങുകയാണ് അദ്ദേഹം. ജയൻ എന്ന താരപരിവേഷം അഴിച്ചുവെച്ചു കൃഷ്ണൻ നായരായി ജന്മഭൂമിയിൽ അലിഞ്ഞുചേരാൻ… അതാ വിമാനം പറന്നുയരുകയാണ്. ഉയർന്ന് ഒരു പൊട്ടുപോലെ അത് ആകാശത്ത്‌ അപ്രത്യഷമായി.പിറന്ന നാട്ടിലേക്ക്…. പ്രിയപ്പെട്ടവരുടെ സന്നിധിയിലേക്ക്…നിറകണ്ണുകളോടെ കാത്തുനിൽക്കുന്ന ആരാധക ലക്ഷങ്ങളുടെ നടുവിലേക്ക് പറന്നിറങ്ങാൻ. 1972 ൽ പോസ്റ്റ്മാനെ കാണാനില്ല എന്ന സിനിമയിൽ തുടങ്ങി 1980 ൽ കോളിളക്കത്തിൽ അവസാനിച്ച 8 വർഷത്തെ ആ സിനിമാ ജീവിതം സംഭവബഹുലമായിരുന്നു.

അഭ്രപാളികളിൽ മിന്നൽ പിണറിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു ഏങ്കിലും ജനങ്ങളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഇടം നേടിയാണ് അദ്ദേഹം കടന്ന്പോയത്. അദ്ദേഹം മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത 40 വയസിനു താഴോട്ടുള്ളവരുടെ മനസിലും കേടാവിളക്കായി ഇന്നും അദ്ദേഹം പ്രകാശിക്കുന്നു. പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കുമ്പോഴുള്ള ജയൻ സാറിന്റെ വിയോഗം.

മലയാള സിനിമയിലെ സുൽത്താൻ നസീർ സാറിന്റെ 63 ആം വയസ്സിലെ മരണം, സുകുമാരൻ സാറിന്റെ 49 ആം വയസ്സിലെ വിടവാങ്ങൽ, 43 ആം വയസ്സിലെ വിൻസെന്റിന്റെ മരണം, റാണിചന്ദ്രയുടെ 27 ആം വയസ്സിലെ അപകടമരണം,18 വയസിൽ ശോഭയുടെയും 21 വയസിൽ വിജയശ്രീയുടെയും 35 വയസിൽ സിൽക്ക് സ്മിതയുടെയും അപമൃത്യു… ഇതൊക്കെ കാണുമ്പോൾ എനിക്ക്തോനുന്നു ആരോ പറഞ്ഞത് പോലെ മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്.

shortlink

Post Your Comments


Back to top button