KeralaLatest NewsNews

ത്രിതല പഞ്ചായത്തുകളെ വികസനത്തിന്റെ ശവപറമ്പുകളാക്കി സിപിഎം ഭരണം മാറ്റി, അഴിമതി ആചാരമാക്കിയ ഇടതുഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ആദ്യപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : അഴിമതി ആചാരമാക്കിയ ഇടതുഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ആദ്യപടിയാണ് തദ്ദേശതെരഞ്ഞെടുപ്പെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ത്രിതല പഞ്ചായത്തുകളെ വികസനത്തിന്റെ ശവപറമ്പുകളാക്കി സിപിഎം ഭരണം മാറ്റി. സാമ്പത്തികമായി വീര്‍പ്പുമുട്ടിച്ച് ത്രിതല പഞ്ചായത്ത് സംവിധാനത്തെ സിപിഎം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് രാജ് സംവിധാനവുമായി ഒരു വൈകാരിക ബന്ധവും സിപിഎമ്മിനില്ല. ബാംഗ്ലൂരില്‍ ചേര്‍ന്ന ഒരു യോഗത്തിലാണ് ആദ്യമായി രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് നിയമം ജനകീയ ആസൂത്രണം അഥവാ പീപ്പിള്‍സ് പ്ലാന്‍ ആയിരിക്കുമെന്ന് അറിയിച്ചത്. ആ പദം പിന്നീട് സിപിഎമ്മും ഇഎംഎസും കടമെടുത്ത് ജനകീയ ആസൂത്രണം രൂപത്തില്‍ പഞ്ചായത്ത് രാജ് സംവിധാനം നടത്തിയത് തങ്ങളാണെന്ന് പറഞ്ഞ് മേനി നടിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പഞ്ചായത്ത് രാജ് ബില്ലിനെ രാജ്യസഭയില്‍ പരാജയപ്പെടുത്തിയത് സിപിഎമ്മാണ്. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ മഹാസന്ദേശം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തിച്ച പ്രസ്ഥാനം കോണ്‍ഗ്രസാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തുടക്കം കുറിച്ച പഞ്ചാത്ത് രാജ് സംവിധാനം രാജ്യത്ത് വളര്‍ത്തിയതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചതാണ് പഞ്ചായത്ത് രാജ് സംവിധാനം. കേരളത്തില്‍ പ്രളയവും കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍പന്തിയില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി. കഴിവും കാര്യശേഷിയുമുള്ള വനിതകള്‍ക്ക് തെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button