KeralaLatest NewsNewsWomenLife Style

‘പ്രസവം അത്ര സുഖമുള്ള ഏർപ്പാടല്ല, കൊച്ചിന്റെ മുഖം കണ്ടാൽ വേദന മാറുമെന്ന് പറയുന്നത് വെറുതെ‘; വൈറൽ കുറിപ്പ്

ഒരു എപ്പിഡ്യൂറൽ പ്രസവകഥ

വദേന അറിഞ്ഞ് പ്രസവിച്ചാലേ കുഞ്ഞിന് ആരോഗ്യമുണ്ടാവുകയുള്ളുവെന്ന് പറയുന്നവരുണ്ട്. ദേവനയറിഞ്ഞില്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങളോട് അമ്മമാർക്ക് സ്നേഹമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. വേദനരഹിത പ്രസവം ഉറപ്പു നൽകുന്ന എപ്പിഡ്യൂറലിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ബിജിലി പി ജേക്കബ് എന്ന യുവതി. പ്രസവവേദന അത്ര സുഖമുള്ള ഏർപ്പാട് അല്ലെന്നും കൊച്ചിന്റെ മുഖം കണ്ടാൽ വേദന മാറുമെന്ന് പറയുന്നത് വെറുതെയാണെന്നും ബിജിലി ഫേസ്ബുക്കിൽ കുറിച്ചു. ബിജിലി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

നോവാതെ പെറ്റവൾ അഥവാ ഒരു എപ്പിഡ്യൂറൽ പ്രസവകഥ

“പിന്നേ…ഒരെപ്പിഡ്യൂറല്.. പറയുന്ന കേട്ടാത്തോന്നും ഇവിടെ വേറേ ആരും പ്രസവിച്ചിട്ടില്ലെന്ന്”

“എപ്പിഡ്യൂറലോ ?? അതെന്താ?”

“വേദന ഇല്ലാതെ പ്രസവിക്കാം പോലും…. ഇങ്ങനെ ‘ആവശ്യമില്ലാത്ത’ ഒരോന്നൊക്കെ ചെയ്യാൻ പോയാപ്പിന്നെ ആയുസ്സില് നടുവേദന മാറും ന്ന് വിചാരിക്കണ്ട..”

ഏതാണ്ടിങ്ങനെയാണ് എപ്പിഡ്യൂറലിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. എപ്പിഡ്യൂറലിനെപ്പറ്റി അങ്ങനെ നല്ലതൊന്നും കേട്ടിട്ടില്ലാത്തത് കൊണ്ടാവാം, എന്റെ തന്നുവിനെ പ്രസവിക്കുന്നതിന് മുൻപ്

“എപ്പിഡ്യൂറൽ വേണോ??”

എന്നുള്ള ചോദ്യത്തിന്

“വേണ്ടാ….” എന്ന് ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞത്. ഒറ്റയടിക്ക് അങ്ങനെ പറഞ്ഞെങ്കിലും ലേബർ റൂമിൽ കേറുന്നത് വരേയുള്ള സമയം എപ്പിഡ്യൂറൽ വേണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻ. പലരേയും വിളിച്ചു ചോദിച്ചു.. പല പല അഭിപ്രായങ്ങൾ.. ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. അവസാനം, ഓർമ്മവെച്ച കാലം മുതൽ കേൾക്കുന്ന ഈ പ്രസവവേദന എന്താന്ന് അറിയുകേം കൂടി ചെയ്യാല്ലോന്ന് കരുതി എപ്പിഡ്യൂറൽ വേണ്ട എന്ന് തീരുമാനിച്ചു.

“വിനാശകാലേ വിപരീത ബുദ്ധി”

വേദന തുടങ്ങി.. ലേബർ റൂമിൽ കേറി… കൃത്യമായ ഇടവേളകളിൽ വന്നു പോകുന്ന വേദന… ആദ്യമൊക്കെ ഇടവേള കൂടുതലും വേദന കുറവും… പിന്നെ പിന്നെ ഇടവേള കുറഞ്ഞു കുറഞ്ഞു വന്നു.. വേദന കൂടിക്കൂടിയും…. ആദ്യമൊക്കെ നെറ്റിചുളിച്ചു ഞെളിപിരി കൊണ്ടു… പിന്നെ പതുക്കെ കരയാൻ തുടങ്ങി… പിന്നെ ഡീസന്റായിട്ട് ഉറക്കെക്കരഞ്ഞു… അവസാനം ഒട്ടും ഡീസന്റല്ലാതെ അലറിക്കൂവിക്കാറി.. പലവട്ടം ഛർദ്ദിച്ചു.. ഇതെനിടയ്ക്കെപ്പഴോ സെഡേഷനും കിട്ടി.. പിന്നെ കാറാത്ത സമയത്ത് മയങ്ങി.. അങ്ങനെ എട്ടൊൻപത് മണിക്കൂർ നേരത്തേ പരാക്രമങ്ങൾക്കൊടുവിൽ എങ്ങനൊക്കെയോ അവൾ പുറത്തെത്തി… ആ സമയത്ത് ഒന്ന് കണ്ണു തുറന്നു പിടിച്ച് അവളെ കാണാനുള്ള ബോധമോ ആരോഗ്യമോ പോലും എനിക്ക് ഉണ്ടായിരുന്നില്ല.. അർദ്ധബോധാവസ്ഥയിൽ, ഒരു കുഞ്ഞിക്കരച്ചിലും ‘പെൺകൊച്ച് ‘ എന്നൊരു ശബ്ദവും കേട്ടു.അങ്ങനെയായിരുന്നു ആദ്യ പ്രസവം.

“ഇനി മേലിൽ ഈ പരിപാടിക്ക് ഇല്ല”ന്ന് തീരുമാനിച്ചിട്ടാണ് അന്ന് ലേബർ റൂം വിട്ടത്…

തന്നുവിന് മൂന്ന് വയസൊക്കെ ആയപ്പോഴാണ് അവൾക്കൊരു കൂട്ടു കൂടി ആയാലോ…. ലോ… ന്ന് ഒരു ആലോചന.. പേറ്റുനോവിന്റെ ‘സുഖം’ എന്താണെന്ന് ഒരു വട്ടം അറിഞ്ഞത് മതിയായ സ്ഥിതിതിക്ക് ഈ പ്രാവശ്യം അത്രയ്ക്ക് ‘സുഖം’ ഇല്ലാതെ പ്രസവിച്ചാൽ എങ്ങനെയുണ്ടാവും ന്ന് അറിയാൻ തീരുമാനിച്ചു.. എനിക്ക് നേരിട്ട് അറിയാവുന്ന അനസ്തേഷ്യോളജിസ്റ്റും സുഹൃത്തുമായ Pallavi യോട് നേരത്തേ തന്നേ വിളിച്ച് ഉപദേശമാരാഞ്ഞു. എന്റെ മണ്ടൻ സംശയങ്ങളൊക്കെ പുച്ഛിച്ച് തള്ളാതെ വിശദമായിട്ട് ഉത്തരം തന്നു. എന്തായാലും എപ്പിഡ്യൂറൽ ഓപ്റ്റ് ചെയ്യൂ എന്ന് പ്രോത്സാഹിപ്പിച്ചു. എന്തെങ്കിലും കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ പഞ്ചായത്ത് മുഴുവൻ അഭിപ്രായ സർവ്വേ നടത്താതെ ഫീൽഡ് എക്സ്പേർട്ട്സിനോട് ചോദിക്കണം എന്ന് അന്നു പഠിച്ച പാഠം.

അങ്ങനെ ആ സുദിനം വന്നെത്തി. ഹോസ്പിറ്റലിൽ എത്തി.. വേദന വരാൻ മരുന്നൊക്കെ വച്ചിട്ട് കറങ്ങി നടന്നപ്പോ ദേ ഒരു അനൗൺസ്മെന്റ്,

“എപ്പിഡ്യൂറൽ ബോധവത്കരണ സെമിനാർ നടക്കുന്നു. ഗർഭിണികൾ, ബൈസ്റ്റാൻഡേഴ്സ് മുതലായവർക്ക് പങ്കെടുക്കാവുന്നതാണ്. ഇനിയിപ്പോ ഗർഭിണികൾ പങ്കെടുത്തില്ലെങ്കിലും ബൈ സ്റ്റാൻഡേഴ്സ് കൃത്യമായും പങ്കെടുക്കുക”. അതല്ലെങ്കിലും അങ്ങനെയാണല്ലോ. പെണ്ണിന്റെ കാര്യം വരുമ്പോ ഏത് ഡ്രസ് ഇടണം എന്നു തുടങ്ങി വേദനിച്ച് പ്രസവിക്കണോ വേദനിക്കാതെ പ്രസവിക്കണോ എന്ന് പോലും സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഇല്ലല്ലോ. അപ്പോപ്പിന്നെ ബൈസ്റ്റാന്റേഴ്സിനെ ആദ്യം ബോധവൽക്കരിക്കണമല്ലോ.. ഞാനെന്തായാലും സ്വന്തമായി ബോധവത്കരിക്കപ്പെടാൻ തന്നെ തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞപ്പോഴേയ്ക്കും പതിയെ വേദനയും തുടങ്ങിയിരുന്നു.

നേരേ ലേബർറൂമിൽ പോയി “എപ്പിഡ്യൂറൽ എപ്പക്കിട്ടും??” എന്നന്വേഷിച്ചു. ചെക്കപ്പിന് ശേഷം “ആയിട്ടില്ല മാത്താ” പോയി ഒന്നൂടെ ഉഷാറായി നടന്നിട്ട് ഇത്തിരിക്കൂടെ വേദനയാവുമ്പോ വാ എന്ന് മറുപടി കിട്ടി.

തിരിച്ച് മുറിയിൽ വന്നു.. വരാന്തേൽ കൂടി തെക്ക് വടക്ക് ഉലാത്തി.. ഇത്തിരി ഭക്ഷണമൊക്കെ കഴിച്ച്, തന്നൂന്ന് രണ്ട് കഥയൊക്കെ പറഞ്ഞ് കൊടുത്തിട്ട്, ഒരു ചക്രക്കസേരയിൽ ഇരുന്ന് വീണ്ടും ലേബർ റൂമിലേയ്ക്ക് പുറപ്പെട്ടു. പ്രൈവറ്റ് ലേബർ റൂം എടുത്തിരുന്നത് കൊണ്ട് കെട്ട്യോനും പിന്നാലെ അങ്ങോട്ട് ആനയിക്കപ്പെട്ടു. ARM ഒക്കെ ചെയ്ത് കഴിഞ്ഞ് രണ്ട് വേദയൊക്കെക്കഴിഞ്ഞ് കരച്ചിലൊക്കെ പാസാക്കി ഇരിന്നപ്പോഴേയ്ക്ക് മയക്ക് ഡോക്ടറും വന്നു. പിന്നെ കാര്യങ്ങളെല്ലാം ശടപടേ ശടപടേന്നാരുന്നു. രണ്ട് സിസ്റ്റർമാർ എന്നെ പിടിച്ച് എങ്ങനെയോ ഇരുത്തി പുറത്ത് എന്തൊക്കെയോ ചെയ്ത് ഇത്തിരി കഴിഞ്ഞപ്പോ ഒരു സൂചി കുത്തുന്ന വേദന.. കുറച്ച് കഴിഞ്ഞ് എന്നെ കട്ടിലേൽ ചാരിവെച്ചു. അടുത്തു വന്ന രണ്ട് വേദനയ്ക്ക് കാര്യമായ വ്യത്യാസം ഒന്നും തോന്നിയില്ല… ‘ഇത് എനിക്കങ്ങ്ട് ഏറ്റില്ലേ ആവോ🤔??’ ന്ന് വിചാരിച്ചിരിന്നപ്പോ പിന്നെ വന്ന വേദനയ്ക്ക് ഒരു കുറവ് പോലെ..

പിന്നെ പതിയെ ഒരു 20 മിനിട്ടൊക്കെ കൊണ്ട് ഒട്ടും വേദന അറിയാതായി. ഞാനെന്നെത്തന്നെ ഒന്ന് നുള്ളി നോക്കി .. ആഹഹ സംഗതി സത്യമാ… വേദന ഇല്ലാതായിരിക്കുന്നു. ഞാനൊരു ദീർഘനിശ്വാസം ഒക്കെ വിട്ട് നീണ്ടു നിവർന്ന് കിടന്നു. “ഒരു അരമണിക്കൂർ മുമ്പേ പുറപ്പെടാമായിരുന്നില്ലേ?” എന്ന് ഡോക്ടറോട് കുശലം ചോദിച്ചു… അത്രേം നേരം എന്റെ വേദനകൾക്ക് കൂട്ടിരുന്ന ജീന സിസ്റ്ററിനോട് കൊച്ചുവർത്താനം പറഞ്ഞു. പിന്നെ കുറച്ചു നേരം സുഖമായിട്ട് കിടന്നുറങ്ങി. ഇടയ്ക്കിടയ്ക്ക് അപ്പുറത്ത് നിന്ന് ഉയർന്നു കേൾക്കുന്ന കരച്ചിലുകളോട് എമ്പതെറ്റിക് ആയി.. എപ്പോഴോ കണ്ണുതുറന്നപ്പോ, അടുത്തിരുന്ന് മൊബൈലിൽ കുത്തുന്ന കെട്ട്യോനോട് “നിങ്ങളിവിടെ വന്നിരുന്നും തോണ്ടുവാണോ മൻഷ്യാ” എന്ന് കൊഞ്ഞനം കുത്താനും മറന്നില്ല😁. അങ്ങനെ ഒരു അഞ്ചാറ് മണിക്കൂറ് കഴിഞ്ഞു… എപ്പിഡ്യൂറൽ എടുത്തില്ലാരുന്നെങ്കിൽ ഇത്രേം നേരോം വേദനകൊണ്ട് പുളഞ്ഞ് കരയണ്ട സമയമായിരുന്നല്ലോന്ന് ആലോചിച്ചപ്പോ ഞെട്ടലും ആശ്വാസവും ഒരുമിച്ച് ഉണ്ടായി.

“എന്നാപ്പിന്നെ പതിയെ പുറപ്പെട്ടേക്കാം” എന്ന് അകത്ത് കെടന്നവൻ തീരുമാനിച്ച സമയം.. മരുന്നിന്റെ ഡോസ് കുറച്ചിട്ടത് കൊണ്ടാവാം, അത്യാവശ്യം വേദനയൊക്കെ അറിയാൻ തുടങ്ങി.. എന്റെ ഗൈനക്കോളജിസ്റ്റ് മിനി മാഡവും സിസ്റ്റേഴ്സും ചുറ്റും നിരന്നു. കണ്ണൻ ഗെറ്റൗട്ട് അടിക്കപ്പെട്ടു. ഇത്തവണ എപ്പിഡ്യൂറൽ ഇട്ടത് കൊണ്ട് തന്നെ ഞാൻ കരഞ്ഞു തളർന്ന അവസ്ഥയിൽ അല്ല. നല്ല ബോധത്തിലും ആണ്. ചുറ്റും നിക്കുന്നവരുടെ മുഖത്തെ ഉത്കണ്ഠ മനസിലാക്കാൻ പറ്റുന്നുണ്ട്. നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ പറ്റുന്നുണ്ട്. അവസാനം അവൻ ഡോക്ടറുടെ കൈയ്യിലേയ്ക്ക് പിറന്ന് വീണ നിമിഷം തന്നെ അവനെ കണ്ണു നിറച്ച് കാണാനും സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷിപ്പിച്ച കാര്യം. (തന്നു ഉണ്ടായപ്പോ ഈ ഒരു മനോഹര നിമിഷം നഷ്ടപ്പെടുത്തിയല്ലോന്ന് കുണ്ഠിതപ്പെട്ടു.)

സിസ്റ്റേഴ്സിനെ ആശ്വാസത്തോടെ നന്ദിപൂർവം ചിരിച്ചു കാണിച്ചു. അവന് വെയ്റ്റ് എത്രയുണ്ടെന്ന് അന്വേഷിച്ചു. എപ്പിഡ്യൂറൽ ഒരു സൂപ്പർ സംഭവം തന്നെ എന്ന് അങ്ങനെ മനസിലായി. നടുവിന് ഒരു സൂചി കുത്തി അതിൽ കൂടി ഒരു കുഞ്ഞി ട്യൂബ് കയറ്റി സെറ്റപ്പാക്കി വെച്ച ശേഷം ആ സൂചി ഊരിമാറ്റി, ട്യൂബിൽ കൂടി നിയന്ത്രിതമായി മരുന്നു കയറ്റി വേദന അറിയാതാക്കുന്ന പരിപാടിയാണ് എപ്പിഡ്യൂറൽ അനാൾജസിയ ഫോർ ലേബർ. പ്രസവം കഴിയുന്നതോടെ ട്യൂബ് ഊരിയെടുക്കും. അതോടുകൂടി നടുവും എപ്പിഡ്യൂറലും ആയിട്ടുള്ള ബന്ധം കഴിഞ്ഞു. അല്ലാതെ ആജീവനാന്തം അവിടിരുന്നു നടുവ് വേദനിപ്പിക്കുക, തലവേദനിപ്പിക്കുക തുടങ്ങിയ പണിയൊന്നും എപ്പിഡ്യൂറൽ ചെയ്യില്ല. അല്ലെങ്കിൽ തന്നെ എത്രയോ പുരുഷൻമാർക്ക് നടുവേദന വരുന്നു. അവരൊക്കെ എപ്പിഡ്യൂറൽ ഇട്ട് പ്രസവിച്ചത് കൊണ്ടാണോ??😝

അതുകൊണ്ട് ഡിയർ ലേഡീസ് ആന്റ് ജെന്റിൽമെൻ… “പ്രസവവേദനയുടെ സുഖം… അനുഭൂതി… കൊച്ചിന്റെ മുഖം കാണുമ്പോ വേദനയൊക്കെയങ്ങ് മറന്നോളും…” എന്നൊക്കെ പറയുന്നവരോട്, “പറ്റിക്കാനായിട്ടാണേലും ഇങ്ങനൊന്നും പറയരുത്” എന്നേ എനിക്ക് പറയാനുള്ളൂ… തന്നുവിനെ പ്രസവിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും, ലേബർ റൂമിൽ എൻറെ അടുത്ത കട്ടിലുകളിൽ കിടന്ന് പ്രസവിച്ചവരുടെ വേദന പോലും മറക്കാൻ എന്നേക്കൊണ്ട് ഇതുവരെ പറ്റിയിട്ടില്ല. പെണ്ണിന്റെ ത്യാഗത്തേയും സഹനത്തേയും പ്രസവവേദനയുടെ തീവ്രതയേയും ഒക്കെപ്പറ്റി ഘോരഘോരം പ്രസംഗിച്ചത് കൊണ്ട് മാത്രം എന്ത് കാര്യം?? സഹനവും വേദനയുടെ തീവ്രതയും ഒക്കെ കുറയ്ക്കാൻ ഓരോരോ മാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെടുമ്പോൾ അതൊക്കെ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും,

“വേണ്ടാത്ത ഓരോ പണിക്കൊക്കെ പോയിട്ട് എന്തേലും പറ്റിയാൽ സ്വന്തമായിട്ടനുഭവിച്ചോണം” മുതലായ ‘പ്രയോഗ’ങ്ങൾ കൊണ്ട് നിരുത്സപ്പെടുത്താതിരിക്കുകയേലും ചെയ്യാമല്ലോ. “ഞാൻ അനുഭവിച്ചതല്ലേ … പിന്നെ നിനക്കനുഭവിച്ചാൽ എന്താ…??” എന്നുള്ള മുരട്ട് വാദങ്ങൾക്ക് പകരം “നീയെങ്കിലും രക്ഷപെട്ടല്ലോ” എന്ന് ആശ്വസിക്കാൻ കഴിഞ്ഞാൽ അതല്ലേ നല്ലത്??

ഇനിയങ്ങോട്ടുള്ള കാലമെങ്കിലും വേദനരഹിത പ്രസവങ്ങൾക്ക് കൂടുതൽ കൂടുതൽ സ്വീകാര്യത ലഭിക്കട്ടെ എന്നും അങ്ങനെ സുഖപ്രസവങ്ങൾ ശരിക്കും ‘സുഖപ്രസവങ്ങൾ’ ആകട്ടെ എന്നും പ്രത്യാശിക്കുന്നു.

(എന്റെ രണ്ട് കുട്ടികളും ഉണ്ടായത് കോലഞ്ചേരി MOSC മെഡിക്കൽ കോളേജിൽ ആണ്. എത്ര വലിയ ടെൻഷൻ ആയിട്ട് ചെന്നാലും ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അതിനെയൊക്കെ എടുത്ത് ‘തോട്ടിൽക്കളഞ്ഞ്’ സമാധാനിപ്പിച്ച് തിരിച്ചു വിടുന്ന എന്റെ ഗൈനക്കോളജിസ്റ്റ് Dr. Mini Issac മാമിനേയും, എത്രയൊക്കെ ബഹളം വച്ചിട്ടും സഹാനുഭൂതിയോടുകൂടി മാത്രം പെരുമാറിയ ലേബർ റൂമിലെ സിസ്റ്റേഴ്സ്, മറ്റു സ്റ്റാഫുകൾ, ഡോക്ടേഴ്സ് എന്നിവരേയും, പ്രസവവേദന ഇല്ലാതാക്കിയ അനസ്തേഷ്യോളജിസ്റ്റിനേയും ഞാൻ ഇടയ്ക്കിടക്ക് സ്നേഹപൂർവ്വം, നന്ദിപൂർവ്വം സ്മരിക്കാറുണ്ടെന്ന് പറയാനും കൂടി ഈ അവസരം വിനിയോഗിക്കുന്നു : പ്രത്യേകിച്ച് ആരെങ്കിലും ലേബർ റൂമിലെ മോശം അനുഭവങ്ങളെപ്പറ്റി എഴുതിക്കാണുമ്പോൾ : ദിത് പരസ്യം അല്ല😝😝)
NB : 2019ൽ എപ്പിഡ്യൂറലിന് വേണ്ടി അധികമായി നൽകേണ്ടി വന്ന തുക : മൂവായിരം രൂപ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button