Latest NewsKeralaNews

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചു നാമാവശേഷമായെന്ന് സിപിഎം നേതാവ്; ഇടഞ്ഞ് മന്ത്രി സുധാകരന്‍

സിപിഎം നേതാവിന്റെ പുസ്തക പ്രകാശനചടങ്ങില്‍ നിന്ന് മന്ത്രി സുധാകരന്‍ പിന്മാറി

ആലപ്പുഴയിലെ ഏറ്റവും മുതിര്‍ന്ന പഞ്ചായത്ത് അംഗവും 68 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന് വിട്ട് നിന്ന് മന്ത്രി ജി.സുധാകരന്‍. പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ പാർട്ടിയെ മോശമാക്കുന്ന പരാമർശമുണ്ടെന്ന് ആരോപിച്ചാണ് ജി സുധാകരൻ ചടങ്ങിൽ നിന്നും പിന്മാറിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചു നാമാവശേഷമായതായി പറയുന്നുണ്ട്. ഇതിലുള്ള വിയോജിപ്പാണ് മന്ത്രി അറിയിച്ചത്. മാലൂര്‍ ശ്രീധരന്‍ രചിച്ച ‘ഓര്‍മത്തിളക്കത്തില്‍ ശ്രീനിയുടെ നാട്’ എന്ന ആത്മകഥാംശമുള്ള പുസ്തക പ്രകാശന ചടങ്ങ് നടക്കാനിരിക്കവേയാണ് അവസാന നിമിഷം മന്ത്രി ഇതിൽ നിന്നും പിന്മാറിയത്.

Also Read: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,712 പേര്‍ക്ക് കോവിഡ്

തൊഴിലാളി വര്‍ഗത്തിന്റെ മുഖ്യശത്രുവായ വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ സമസ്തമേഖലയിലും ആധിപത്യം നേടുന്നതായും, 100 വര്‍ഷമായപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചു നാമാവശേഷമായതായും പുസ്തകത്തില്‍ പറയുന്നു. വിപ്ലവത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കായ ധീരരായ നേതാക്കളേ, ആയിരക്കണക്കായ രക്തസാക്ഷികളേ, മാപ്പ്..മാപ്പ് ‘ എന്നും പുസ്തകത്തിലുണ്ട്.

കഥകളും നോവലുകളും പോലെയല്ല ചരിത്രമെന്നും, അതെഴുതുമ്പോള്‍ ചരിത്രം ആഴത്തില്‍ പഠിക്കണമെന്നും പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്. അതേസമയം, പുസ്തകത്തെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്നും ചരിത്രപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും മാത്രമാണ് പറഞ്ഞതെന്നും സുധാകരന്‍ പിന്നീട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button