KeralaLatest NewsNews

80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ടിന് സൗകര്യം

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുന്നത്

തിരുവനന്തപുരം : 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സൗകര്യം. കോവിഡ് രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഘട്ട തിരഞ്ഞെടുപ്പാണ് ആലോചിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. നേരത്തേ ഒരു പോളിങ് സ്റ്റേഷനില്‍ 1400 വോട്ടര്‍മാരായിരുന്നുവെങ്കില്‍ ഇത്തവണ 1000 ആയി കുറയും. 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് എന്നത് നിര്‍ബന്ധമാക്കില്ല. അപേക്ഷ നല്‍കിയാല്‍ തപാല്‍ വോട്ട് അനുവദിക്കും. അല്ലെങ്കില്‍ സാധാരണ പോലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാം. തദ്ദേശ തെരഞ്ഞെടുപ്പിന് അനുവദിച്ച പോലെ ബാലറ്റ് വീട്ടിലെത്തിക്കില്ല. സര്‍വീസ് വോട്ടുകള്‍ പോലെ അപേക്ഷ നല്‍കുന്നവര്‍ക്ക് തപാല്‍ വഴി ബാലറ്റ് ലഭ്യമാക്കും. തിരികെ തപാല്‍ മാര്‍ഗം തന്നെ വരണാധികാരിക്ക് ബാലറ്റ് ലഭ്യമാക്കുകയും വേണം. 80 കഴിഞ്ഞവരെയും ഭിന്നശേഷിക്കാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തും.

നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഒന്നര ലക്ഷത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വിവിധ ജില്ലകളില്‍ എത്തിക്കഴിഞ്ഞു. ഇവയുടെ ആദ്യഘട്ട പരിശോധന കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ ഗോഡൗണുകളിലേക്ക് മാറ്റും. സംസ്ഥാനത്താകെ 51,000 ബാലറ്റ് യൂണിറ്റുകളും 55,000 കണ്‍ട്രോള്‍ യൂണിറ്റുകളും 57,000 വി.വി.പാറ്റുമാണ് വേണ്ടി വരികയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button