Latest NewsKeralaNews

തോമസ് ഐസക്കിന് ഇനി സീറ്റ് കൊടുക്കില്ല; തുടര്‍ഭരണം ഉറപ്പിക്കാനൊരുങ്ങി പിണറായി സർക്കാർ

ജയസാധ്യത, സ്ഥാനാര്‍ത്ഥിത്വം മറ്റു മണ്ഡലങ്ങളെ ബാധിക്കുമോ എന്നിവ കണക്കിലെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിക്കാനൊരുങ്ങി പിണറായി സർക്കാർ. സിപിഎം മന്ത്രിമാരില്‍ ഒരു നിര ഇത്തവണ നിയമസഭാ മത്സരരംഗത്തുനിന്നു മാറുമെന്നാണ് സൂചന. മന്ത്രിമാരായ എം.എം.മണി, എ.കെ.ബാലന്‍, ജി.സുധാകരന്‍, തോമസ് ഐസക് എന്നിവരില്‍ ചിലര്‍ക്ക് മാറി നില്‍ക്കേണ്ടി വരും. സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണനെ മടക്കി കൊണ്ടു വരുന്നതും ചര്‍ച്ചകളില്‍ സജീവമാണ്. ചികില്‍സയ്ക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞത്. തദ്ദേശത്തിലെ വിജയത്തോടെ പാര്‍ട്ടി കരുത്ത് കൂടി. അതുകൊണ്ട് തന്നെ കോടിയേരി മടങ്ങി വരാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം.

ജെ.മെഴ്‌സിക്കുട്ടിയമ്മ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാര്‍ ഉറപ്പായും മത്സരിക്കും. ഇപി ജയരാജനും അവസരം കിട്ടും. എസി മൊയ്തീനും മത്സരിക്കാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ തൃശൂരിലെ പ്രത്യേക സാഹചര്യം മൊയ്തീനും സീറ്റ് നല്‍കുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാവായ ആനത്തലവട്ടം ആനന്ദനും മത്സരിക്കാന്‍ ആഗ്രഹമുണ്ട്. എംഎ ബേബിയും പട്ടികയില്‍ ഇടം നേടാന്‍ സാധ്യത ഏറെയാണ്. തോമസ് ഐസക് മത്സര രംഗത്തു നിന്നു മാറുന്ന സാഹചര്യത്തിലാണ് ഇത്.

Read Also: ഉദ്യോഗസ്ഥരാണെന്ന വ്യാജേന മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി; മുന്‍ മന്ത്രി അറസ്റ്റില്‍

എന്നാൽ ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തലുണ്ട്. കായംകുളത്തേക്കു മാറി മത്സരിക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും അത് നിഷേധിച്ചിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ സുധാകരന്‍ തുടര്‍ച്ചയായി എംഎല്‍എയായി. ഇനി മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പൂര്‍ണമായി മുഴുകാനാണു താല്‍പര്യമെന്നും സുധാകരന്‍ പറയുന്നു. തുടര്‍ച്ചയായി 2 തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധനയാണ് സിപിഎമ്മിനുള്ളത്. സുധാകരന്‍ ഇതിനകം 7 തവണ മത്സരിച്ചു. 3 തവണ തോറ്റു. 2 തവണ മന്ത്രിയായ തോമസ് ഐസക് ആലപ്പുഴയില്‍ 4 തവണ മത്സരിച്ചു കഴിഞ്ഞു.

തോമസ് ഐസക്കും സുധാകരനും രണ്ടു ചേരിയിലാണ്. ഐസക്കിനോട് പിണറായിക്ക് താല്‍പ്പര്യക്കുറവുണ്ട്. സുധാകരനെ മാറ്റി നിര്‍ത്തുന്നതിനൊപ്പം ഐസക്കിനേയും മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. ഇതോടെ തുടര്‍ഭരണം കിട്ടിയാലും ഐസക്കിനെ മന്ത്രിയാക്കേണ്ട സാഹചര്യം ഒഴിവാകും. അതിനിടെ ഇതിനകം 4 തവണ മത്സരിക്കുകയും 2 തവണ മന്ത്രിയാകുകയും ചെയ്ത എ.കെ. ബാലന്‍ സംഘടനാരംഗത്തേക്ക് മാറുമെന്ന സൂചനകള്‍ ശക്തമാണ്. അനാരോഗ്യം കാരണം മന്ത്രി എം.എം. മണി ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇടയില്ലെന്ന് സൂചന. ശാരീരിക പ്രയാസങ്ങളാണ് കാരണം.

പുതിയ കക്ഷികള്‍ എല്‍ഡിഎഫിലേക്കു വന്നതിന്റെ ഭാഗമായി കെ.കെ. ശൈലജയും മന്ത്രി ടി.പി രാമകൃഷ്ണനും മണ്ഡലം മാറുമോ എന്ന ചര്‍ച്ചയും സജീവമാണ്. ശൈലജയുടെ സിറ്റിങ് സീറ്റായ കൂത്തുപറമ്ബ് എല്‍ഡിഎഫിലേക്ക് തിരിച്ചുവന്ന എല്‍ജെഡി നേരത്തെ മത്സരിച്ചിരുന്ന സീറ്റാണ്. കെ.പി. മോഹനന് വേണ്ടി ആ സീറ്റ് അവര്‍ ചോദിക്കാനാണ് സാധ്യത. യുഡിഎഫിലായിയിരിക്കെ, 1977 മുതല്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്ബ്ര. ടി.പി രാമകൃഷ്ണന്റെ സിറ്റിങ് സീറ്റ് എന്ന നിലയില്‍ പേരാമ്ബ്ര വിട്ടുകൊടുത്താല്‍ പകരം തിരുവമ്ബാടി കേരള കോണ്‍ഗ്രസ് ചോദിക്കും.

എന്നാൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് പിണറായിയുടെ താല്‍പ്പര്യം. സിപിഎം കേന്ദ്ര നേതൃത്വം കൂടി ആലോചിച്ചെടുക്കാനാണു സാധ്യത. ജയസാധ്യത, സ്ഥാനാര്‍ത്ഥിത്വം മറ്റു മണ്ഡലങ്ങളെ ബാധിക്കുമോ എന്നിവ കണക്കിലെടുക്കും. മലപ്പുറത്ത് രണ്ടു പേര്‍ക്കും ജയസാധ്യതയുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. ഇവര്‍ മാറിയാല്‍ രണ്ട് സീറ്റുകള്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഇവരെ മത്സരിപ്പിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button