Latest NewsNewsGulf

‘അകൽച്ചയ്‌ക്കൊടുവിൽ അടുപ്പം’; സൗദിയുമായി സൗഹൃദത്തിനൊരുങ്ങി തുര്‍ക്കി

സൗദി മന്ത്രാലയത്തില്‍ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് രാജ്യത്തെ അപമാനിക്കുന്ന തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.

റിയാദ്: ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിച്ച് ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തുകൂടിയത് വലിയ പ്രതീക്ഷയാണ് ഗള്‍ഫ് മേഖലയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. അനുനയത്തില്‍ ആദ്യം അഭിനന്ദവുമായി മുന്നോട്ട് വന്ന രാജ്യങ്ങളിലൊന്നായിരുന്നു തുര്‍ക്കി. മേഖലയെയാകെ ജിസിസി ഐക്യം സഹായിക്കുമെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ പറഞ്ഞത്. ഇവിടെ ചില വലിയ പ്രതീക്ഷകള്‍ തുര്‍ക്കി സര്‍ക്കാരിന് മുമ്പിലുണ്ട്. സൗദി അറേബ്യയും തുര്‍ക്കിയുമായി അടുത്ത വര്‍ഷങ്ങളില്‍ വലിയ അകല്‍ച്ച ഉണ്ടായിട്ടുണ്ട്.

ജിസിസി ഐക്യം സാധ്യമായ സാഹചര്യത്തില്‍ ഈ തര്‍ക്ക പരിഹാരത്തിനുമുള്ള സാധ്യതയും തുര്‍ക്കി പരിശോധിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് തുര്‍ക്കി-സൗദി ബന്ധം വഷളായിരുന്നു. എര്‍ദൊഗാനില്‍ നിന്നുള്‍പ്പെടെ തുര്‍ക്കിയിലെ നിരവധി ഔദ്യോഗിക പ്രമുഖര്‍ സൗദിക്കെതിരെ വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് സൗദി മാര്‍ക്കറ്റില്‍ അനൗദ്യോഗിക വിലക്കുണ്ട്. ഫുഡ് കമ്പനികള്‍, ഫാഷന്‍ ബ്രാന്‍ഡുകള്‍ തുടങ്ങിയ നിരവധി തുര്‍ക്കി ബിസിനസുകള്‍ക്കും ഉല്‍പ്പന്നങ്ങളും സൗദി വിപണിയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.

Read Also: യുഎസ് കാപ്പിറ്റോൾ കലാപം : പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

തുര്‍ക്കിയുടെ ഈ മാര്‍ക്കറ്റ് പിടിച്ചെടുത്തത് ഗ്രീസും. തുര്‍ക്കിഷ് ബര്‍ഗറുകള്‍ക്ക് പകരം ഗ്രീക്ക് നിര്‍മിത ബര്‍ഗറുകള്‍ക്ക് രാജ്യത്തെ ചില കമ്പനികളില്‍ സ്വീകാര്യത കൂടി വരുന്നുണ്ട്. ഇത്തരം വിലക്കുകള്‍ തുര്‍ക്കിയെ ബാധിക്കുന്നുമുണ്ട്. സ്പാനിഷ് വസ്ത്ര ബ്രാന്‍ഡായ മാംഗോ തുര്‍ക്കിയിലെ തങ്ങളുടെ ബ്രാഞ്ച് മാറ്റുന്നത് പരിഗണനയിലുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് കാരണമായി പറഞ്ഞത് സൗദിയുടെ തുര്‍ക്കി ഉല്‍പന്ന വിലക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുര്‍ക്കിയിലെ എട്ടോളം ബിസ്‌നസല് ഗ്രൂപ്പുകള്‍ സൗദി-തുര്‍ക്കി വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സൗദി മന്ത്രാലയത്തില്‍ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് രാജ്യത്തെ അപമാനിക്കുന്ന തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.

അതേസമയം ഉപരോധം പിന്‍വലിച്ചതു കൊണ്ട് തങ്ങളെ സഹായിച്ച ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിഛേദിക്കില്ലെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും അടുത്തതോടെ സൗദിയുടെ അനൗദ്യോഗിക വിലക്ക് നീക്കാനുള്ള ശ്രമങ്ങളും തുര്‍ക്കിയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. സൗദി സ്വദേശിയും സൗദി സര്‍ക്കാരുമായി വളരെ അടുത്ത പങ്കാളിത്തവുമുള്ള ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി ഇന്ന് തുര്‍ക്കിയിലേക്ക് സന്ദര്‍ശനം നടത്തുകയും ഇരുവരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഖത്തര്‍ ഉപരോധം പിന്‍വലിച്ചത് ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കാന്‍ എര്‍ദൊഗാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button