KeralaLatest NewsNews

9 വയസുകാരിയുടെ പോക്സോ കേസ് അട്ടിമറിച്ചു; പാലക്കാട് ഡിവൈഎസ്പിയ്ക്ക് സസ്‌പെൻഷൻ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

പാലക്കാട്: ഒൻപത് വയസുകാരിയുടെ പോക്സോ കേസ് അട്ടിമറിച്ചു. സാമ്പത്തിക നേട്ടത്തിനായി കേസ് അട്ടിമറിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി ആര്‍ മനോജ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷണത്തില്‍ ബോധപൂര്‍വം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇത് സാമ്ബത്തിക നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നുമുള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2015ല്‍ കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് നടപടി. അന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്നു മനോജ് കുമാര്‍. ഒന്‍പതുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2015 ഒക്ടോബര്‍ 29നാണ് അരിപ്പയിലെ സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയത്. കേസില്‍ രണ്ട് പ്രതികളാണുണ്ടായിരുന്നത്. രണ്ട് പ്രതികള്‍ പല ദിവസങ്ങളിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് കുമാര്‍, ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

Read Also: കോവിഡ് രോഗികള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നു; കര്‍ശന നടപടിയുമായി വയനാട്

മലപ്പുറം ജില്ലയില്‍ നിന്നുള്ളവരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ഇവര്‍ എങ്ങനെ ഇരയുടെ പാലക്കാട്ടെ വീട്ടിലെത്തി എന്നത് സംബന്ധിച്ച്‌ ഒരു വിവരവും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ കോടതിയില്‍ നിന്നുള്ള വിമര്‍ശനത്തില്‍ നിന്ന് സ്വയം രക്ഷപ്പെടാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ കരുവാക്കാനും ക്രിമനല്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തല്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതിയുടെ വിമര്‍ശനങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടാനായിരുന്നുവെന്നും കണ്ടെത്തി.

തെളിവുകള്‍ ശേഖരിക്കാതെ പ്രതിയെ രക്ഷപ്പെടുത്താനും അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കാനും മനോജ് കുമാര്‍ ശ്രമിച്ചു. കൈക്കൂലി വാങ്ങി പ്രതിയെ കേസില്‍ നിന്ന് രക്ഷിക്കാനും ഇരയ്ക്ക് നീതി നിഷേധിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണുണ്ടായതെന്നും ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്ത് ആഭ്യന്തരവകുപ്പിന് വിടുകയായിരുന്നു. വാക്കാല്‍ വിശദീകരണം ചോദിക്കാന്‍ ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആര്‍ മനോജ് കുമാറിന്റെ സസ്പെന്‍ഷന്‍ വാളയാര്‍ കേസുമായി ബന്ധപ്പെട്ടാണെന്ന തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്. എന്നാല്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത ഈ പോക്സോ കേസിന് വാളയാര്‍ കേസുമായി ബന്ധമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button